യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പിലെ വ്യാജരേഖ വിവാദവുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ എ ഗ്രൂപ്പിനെ പ്രതിക്കൂട്ടിലാക്കുന്നു. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടെ ദുര്‍ബലമായ ഗ്രൂപ്പിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്ന രീതിയിലാണ് വ്യാജരേഖ വിവാദം കൊഴുക്കുന്നത്. എ ഗ്രൂപ്പുകാരായ നിലവിലെ സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്ബിലിനും പുതിയ പ്രസിഡൻറ് രാഹുല്‍ മാങ്കൂട്ടത്തിലിനും ഇതുണ്ടാക്കുന്ന തലവേദനയും ചെറുതല്ല.

സംസ്ഥാന കമ്മിറ്റി ചുമതലയേല്‍ക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മഞ്ഞള്ളൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് പി.എസ്. സനില്‍ നല്‍കിയ ഹരജി ചൊവ്വാഴ്ച മൂവാറ്റുപുഴ മുൻസിഫ് കോടതി പരിഗണിക്കാനിരിക്കുകയാണ്. സംഘടന തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മിച്ച്‌ വോട്ട് ചെയ്തതാണ് നാണക്കേടായത്. പ്രതിസ്ഥാനത്ത് വന്നവരും ആരോപണ വിധേയരായവരുമെല്ലാം എ വിഭാഗക്കാരാണെന്നതാണ് ഗ്രൂപ്പിനെ പ്രതിരോധത്തിലാക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉമ്മൻ ചാണ്ടി ആരോഗ്യ പ്രശ്നങ്ങളാല്‍ ദുര്‍ബലനായതോടെ പല പ്രമുഖരും സ്വന്തം നിലയില്‍ ഗ്രൂപ്പുണ്ടാക്കുകയോ മറ്റ് ഗ്രൂപ്പുകള്‍ക്കൊപ്പം ചേരുകയോ ചെയ്തിരുന്നു. ഇതാണ് യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്. ഗ്രൂപ്പിന് മേല്‍കൈയുണ്ടായിരുന്ന പല ജില്ലകളിലും ചില നേതാക്കളുടെ നോമിനികളാണ് ഭാരവാഹി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

എ ഗ്രൂപ്പിലെ ഭിന്നത മറ്റു ഗ്രൂപ്പുകള്‍ മുതലെടുക്കുകയും ഭാരവാഹികളെ വിജയിപ്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് വിവാദങ്ങള്‍ വന്നത്. ഇതോടെ വിവിധ ഭാഗങ്ങളില്‍ പൊലീസ് കേസും കോടതി നടപടികളും ആരംഭിച്ചു. മൂവാറ്റുപുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നഹാസ് നല്‍കിയ കേസ് ഡിസംബര്‍ രണ്ടിന് പരിഗണിക്കാനിരിക്കെയാണ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം തടയണമെന്നാവശ്യപ്പെട്ട് മറ്റൊരു കേസ് കൂടി വന്നത്.

ഇവയെല്ലാം നല്‍കിയിരിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയായതിനാല്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ചാരി തലയൂരാൻ പറ്റില്ലെന്ന പ്രതിസന്ധിയുമുണ്ട്. സംസ്ഥാന പ്രസിഡന്‍റ്പദമടക്കം നേടിയെങ്കിലും വ്യാജരേഖകളിലൂടെ നേടിയ വിജയമെന്ന ആക്ഷേപം പുതിയ സംസ്ഥാന പ്രസിഡൻറിനും എ ഗ്രൂപ്പിനും വലിയ തലവേദനയായിരിക്കും സൃഷ്ടിക്കുക. കോടതിയില്‍നിന്ന് എതിരായ ഇടപെടലുണ്ടായാല്‍ അതുണ്ടാക്കുന്ന പ്രതിഫലനവും ചെറുതാകില്ല. പ്രവര്‍ത്തകരെ അനുനയിപ്പിച്ച്‌ നിയമ നടപടികളില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള നീക്കങ്ങളും സജീവമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക