ലോകകപ്പ് പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം. 230 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 34.5 ഓവറിൽ 129 റൺ മാത്രം നേടി ഇന്ത്യയോട് പരാജയപ്പെടുകയായിരുന്നു. ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ആറാം ജയമാണിത്. ഇതോടെ ഇന്ത്യ പോയന്റ് പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി. മൂന്ന് കളികള്‍ ബാക്കിനില്‍ക്കേ ഇന്ത്യ സെമി ഏതാണ്ട് ഉറപ്പാക്കിയിരിക്കുകയാണ്. അടുത്ത മൂന്ന് മത്സരങ്ങളില്‍ ഒന്ന് ജയിച്ചാല്‍ ഇന്ത്യ സെമിയിലെത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം അഞ്ചാം തോല്‍വിയോടെ ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷ ഏതാണ്ട് അവസാനിച്ചു.നാല് വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷമി, മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറ, രണ്ട് വിക്കറ്റെടുത്ത കുല്‍ദീപ് യാദവ് എന്നിവരാണ് ഇംഗ്ലീഷ് ടീമിനെ തകര്‍ത്തത്. മത്സരത്തില്‍ തുടക്കത്തിലെ 4.4 ഓവറുകള്‍ മാത്രമാണ് ഇംഗ്ലണ്ട് ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയത്. പിന്നാലെ അഞ്ചാം പന്തില്‍ ഡേവിഡ് മലാനെ (16) വീഴ്ത്തി ബുംറ വിക്കറ്റ് വേട്ടയ്ക്ക് തിരിതെളിച്ചു. തൊട്ടടുത്ത പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ജോ റൂട്ടും (0) പുറത്തേക്ക്.

തുടര്‍ന്ന് എട്ടാം ഓവറില്‍ ബെൻ സ്റ്റോക്ക്സിന്റെ (0) കുറ്റിതെറിപ്പിച്ച്‌ മുഹമ്മദ് ഷമിയും വേട്ടയില്‍ പങ്കാളിയായി. 10-ാം ഓവറില്‍ തിരിച്ചെത്തിയ ഷമി ജോണി ബെയര്‍സ്റ്റോയേയും (14) മടക്കി. 16-ാം ഓവറില്‍ നന്നായി ടേണ്‍ ചെയ്ത ഒരു പന്തില്‍ ക്യാപ്റ്റൻ ജോസ് ബട്ട്ലറെ (10) മടക്കി കുല്‍ദീപ് യാദവും വരവറിയിച്ചു. പിന്നാലെ നിലയുറപ്പിക്കാൻ ശ്രമിച്ച മോയിൻ അലിയെ (15) രാഹുലിന്റെ കൈയിലെത്തിച്ച്‌ ഷമി തന്റെ മൂന്നാം വിക്കറ്റും സ്വന്തമാക്കി.

ക്രിസ് വോക്സിന്റെ ഊഴമായിരുന്നു അടുത്തത്. 20 പന്തില്‍ നിന്ന് 10 റണ്‍സെടുത്ത വോക്സിനെ ജഡേജയുടെ പന്തില്‍ രാഹുല്‍ സ്റ്റമ്ബ് ചെയ്തു. സ്കോര്‍ മൂന്നക്കത്തിലെത്തും മുമ്ബ് ലിയാം ലിവിങ്സ്റ്റണിനെ മടക്കി കുല്‍ദീപ് ഇംഗ്ലണ്ടിന്റെ അവസാന പ്രതീക്ഷയും കെടുത്തി. 46 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത ലിവിങ്സ്റ്റണാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.വാലറ്റത്ത് ആദില്‍ റഷീദ് (13), ഡേവിഡ് വില്ലി (16*) എന്നിവരുടെ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിനെ 120 കടത്തിയത്. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തിലാണ് 229 റണ്‍സെടുത്തത്.

ഈ ലോകകപ്പില്‍ ആദ്യമായി ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന ഇന്ത്യയെ ഇന്നിങ്സിലുടനീളം ഇംഗ്ലീഷ് ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. 101 പന്തുകള്‍ നേരിട്ട് മൂന്ന് സിക്സും 10 ഫോറുമടക്കം 87 റണ്‍സെടുത്ത ക്യാപ്റ്റൻ രോഹിത് ശര്‍മയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. അവസാന ഓവറുകളിലെ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ്ങാണ് സ്കോര്‍ 200 കടത്തിയത്. 47 പന്തുകള്‍ നേരിട്ട സൂര്യ ഒരു സിക്സും നാല് ഫോറുമടക്കം 49 റണ്‍സെടുത്തു. രോഹിത്തിനെയും സൂര്യയേയും കൂടാതെ ഇന്ത്യൻ നിരയില്‍ രണ്ടക്കം കടക്കാനായത് കെ.എല്‍ രാഹുലിനും ജസ്പ്രീത് ബംറയ്ക്കും മാത്രമാണ്.

11.5 ഓവറില്‍ 40 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. നാലാം ഓവറില്‍ ശുഭ്മാൻ ഗില്ലിനെ പുറത്താക്കി ക്രിസ് വോക്സാണ് വിക്കറ്റ് വേട്ട തുടങ്ങിവെച്ചത്. പിന്നാലെ റണ്ണെടുക്കും മുമ്ബ് കോലിയെ ഡേവിഡ് വില്ലി മടക്കി. തുടര്‍ന്ന് നാല് റണ്‍സെടുത്ത ശ്രേയസിനെയും മടക്കിയ വോക്സ് ഇന്ത്യയുടെ സ്കോറിങ് റേറ്റ് പിടിച്ചുകെട്ടി. ഇന്നിങ്സിലുടനീളം അഞ്ച് റണ്‍സില്‍ താഴെയായിരുന്നു ഇന്ത്യയുടെ റണ്‍റേറ്റ്. ഭൂരിഭാഗം സമയവും നാലില്‍ താഴെയും.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് – കെ.എല്‍ രാഹുല്‍ സഖ്യം ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തി. ശ്രദ്ധയോടെ ബാറ്റ് വീശിയ ഇരുവരും 91 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 31-ാം ഓവറില്‍ രാഹുലിനെ മടക്കി ഡേവിഡ് വില്ലിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 58 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികളടക്കം 39 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്.വൈകാതെ 37-ാം ഓവറില്‍ എട്ടാം ലോകകപ്പ് സെഞ്ചുറിയിലേക്കടുക്കുകയായിരുന്ന രോഹിത്തിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നാലെ കാര്യമായ സംഭാവനകളില്ലാതെ രവീന്ദ്ര ജഡേജയും (8) പുറത്തായതോടെ ഇന്ത്യ ആറിന് 182 റണ്‍സെന്ന നിലയിലായി. സൂര്യകുമാറിന്റെ ഇന്നിങ്സാണ് ഇന്ത്യയെ 200 കടത്തിയത്. ജസ്പ്രീത് ബുംറ 15 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി മൂന്നും വോക്സും റഷീദും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക