പല കാര്യങ്ങള്‍ക്ക് വേണ്ടിയും ആളുകള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധിക്കാറുണ്ട്. അതിന് അവര്‍ സ്വീകരിക്കുന്ന സമരമാര്‍ഗങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കും എന്നുമാത്രം. അതുപോലെ വളരെ അസാധാരണമായ രീതിയില്‍ കര്‍ണ്ണാടകയിലെ വിജയപുര ജില്ലയില്‍ ഒരു പ്രതിഷേധം നടന്നു. നിരന്തരമുള്ള വൈദ്യുതിമുടക്കത്തിനെതിരെ ആയിരുന്നു നാട്ടുകാരുടെ ഈ പ്രതിഷേധം.
ഒരു മുതലയേയും കൊണ്ട് കര്‍ഷകര്‍ ഹുബ്ലി ഇലക്‌ട്രിസിറ്റി സപ്ലൈ കമ്ബനി ലിമിറ്റഡ് (HESCOM) ഓഫീസിലേക്ക് പോവുകയായിരുന്നു.റോണിഹാല ഗ്രാമത്തിലെ വയലിലാണ് കര്‍ഷകര്‍ ഈ മുതലയെ കണ്ടത്. പിന്നാലെ, കര്‍ഷകര്‍ അതിനെ പിടിച്ചു കെട്ടി HESCOM ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്ന പവര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ശേഷം അവര്‍ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. ഇതുപോലെയുള്ള ജീവികള്‍, പാമ്ബോ, തേളോ, മുതലയോ ഒക്കെ ഉപദ്രവിച്ച് രാത്രി മനുഷ്യര്‍ മരിച്ചാലെന്ത് ചെയ്യും എന്നായിരുന്നു കര്‍ഷകരുടെ ചോദ്യം.
Farmers of Karnataka brought crocodile to the sub station asking officials to provide electricity. pic.twitter.com/PjgwJfbxkc
— Indian Tech & Infra (@IndianTechGuide) October 24, 2023
മുതലയേയും കൊണ്ട് ഓഫീസിലെത്തിയ കര്‍ഷകര്‍ അതിനെ ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ചു. ശേഷം വിളകള്‍ കരിഞ്ഞുണങ്ങുന്നതിനാല്‍ പകല്‍ സമയങ്ങളില്‍ തടസ്സമില്ലാത്ത ത്രീഫേസ് വൈദ്യുതി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പിന്നീട്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുതലയെ മോചിപ്പിച്ച ശേഷം അല്‍മാട്ടി നദിയില്‍ തുറന്നുവിടുകയായിരുന്നു. എന്നാല്‍, കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടുവോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ല.