കോട്ടയം: ജോസ് കെ. മാണിയെ വീണ്ടും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി തിരഞ്ഞെടുത്തു. തോമസ് ചാഴികാടന്‍, ഡോ.എന്‍.ജയരാജ്, ടി.കെ. സജീവ്, എന്നിവരാണ് വൈസ് ചെയര്‍മാന്മാര്‍. എന്‍.എം. രാജുവിനെ ട്രഷററായും തിരഞ്ഞെടുത്തു. ഏഴു പേരാണ് രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്ളത്. മന്ത്രി റോഷി അഗസ്റ്റിനെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായും യോഗം അംഗീകരിച്ചു.

കോട്ടയത്തുനടന്ന പാര്‍ട്ടി ജന്മദിന സമ്മേളനത്തിലാണു പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്. 15 ജനറല്‍ സെക്രട്ടറിമാര്‍, 23 ഉന്നതാധികാര സമിതി അംഗങ്ങള്‍, 91 സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍, 131 സെക്രട്ടേറിയറ്റ് അംഗങ്ങള്‍, 536 സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവരെയും യോഗത്തില്‍ തിരഞ്ഞെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരള കോൺഗ്രസ് എന്ന കേഡർ പാർട്ടി

കേരള കോൺഗ്രസിന് കേഡർ പാർട്ടി ആകുമെന്ന പ്രഖ്യാപനത്തോടെയാണ് ജോസ് കെ മാണി ഇത്തവണ പാർട്ടി സമ്മേളനങ്ങൾ നടത്തിയത്. കെഎം മാണിയുടെ വിശ്വസ്തനായിരുന്ന നേതാക്കയുൾപ്പെടെ വെട്ടിനിരത്തി സ്വന്തം വിശ്വസ്തരെ അദ്ദേഹം പാർട്ടിയുടെ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഏറ്റവും വലിയ തമാശ ജോസ് കെ മാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ജോസ് കെ മാണിയെ ചെയർമാനായി വീണ്ടും എതിരില്ലാതെ തിരഞ്ഞെടുത്തത് എന്നതാണ്. അച്ഛനിൽ നിന്നും മകനിലേക്ക് അധികാര തുടർച്ചയായുണ്ടാകുന്ന ഒരു കുടുംബാധിപത്യ പാർട്ടിയിൽ കേഡർ സംവിധാനം ഫലപ്രദമാകില്ല എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ തിരഞ്ഞെടുപ്പ് തന്നെ.

ജോസ് കെ മാണിയുടെ ഫേസ്‌ബുക്ക് കുറിപ്പ്

കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ സംഘടനാ തലത്തില്‍ ഒരു വര്‍ഷം നീണ്ടു നിന്ന മഹത്തായ ഒരു യജ്ഞത്തിന്റെ ശുഭകരമായ പരിസമാപനമായിരുന്നു ഇന്ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ചേര്‍ന്ന 59-ാം ജന്മദിന സമ്മേളനവും, സംസ്ഥാന തെരെഞ്ഞെടുപ്പ് യോഗവും. അംഗത്വത്തിലും നേതൃനിര്‍ണയത്തിലും സുശക്തമായ സംവിധാനത്തിലേക്ക് പാര്‍ട്ടിയെ മാറ്റാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ഥ്യവും സംതൃപ്തിയുമാണ് ഈ അവസരത്തില്‍ ഉള്ളത്.

പാര്‍ട്ടി പുനഃസംഘടന നടപടികളുടെ ഭാഗമായി സംസ്ഥാന തല നേതൃസമിതികളെയും ഭാരവാഹികളെയും ഇന്നു ചേര്‍ന്ന കോട്ടയത്ത് ചേര്‍ന്ന ജന്മദിന സമ്മേളനത്തില്‍ തെരഞ്ഞെടുക്കുകയുണ്ടായി. പാര്‍ട്ടിയുടെ ചെയര്‍മാനായി വീണ്ടും തെരഞ്ഞെടുത്തതില്‍ സംസ്ഥാന സമിതി അംഗങ്ങള്‍ക്കും പാര്‍ട്ടിയിലെ പ്രിയപ്പെട്ട പ്രവര്‍ത്തകര്‍ക്കുമുള്ള നന്ദിയും സ്‌നേഹവും അറിയിച്ചുകൊള്ളുന്നു.കേരളാ കോണ്‍ഗ്രസ്സ് (എം) സംഘടനാ ചരിത്രത്തില്‍ ഒരു പുതുയുഗപിറവിയാണ് നാം കഴിഞ്ഞ കാലത്ത് കണ്ടത്.

പാര്‍ട്ടി മെമ്ബര്‍ഷിപ്പില്‍ മാത്രമല്ല ഗുണപരമായ മാറ്റം കൊണ്ടുവരാനും നമുക്ക് കഴിഞ്ഞു. കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും ബഹുഭൂരിപക്ഷം പഞ്ചായത്തുകളിലും നഗരഗ്രാമങ്ങളിലും ചിട്ടയായ സംഘടനാ തെരെഞ്ഞെടുപ്പിലൂടെ പാര്‍ട്ടി കമ്മറ്റികള്‍ നിലവില്‍ വന്നു. ഇതുവരെ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത തരത്തില്‍ ദളിത്, വനിത, യുവാക്കള്‍ എന്നിവര്‍ കമ്മറ്റികളിലും ഭാരവാഹി പട്ടികയിലും പ്രാതിനിധ്യം ഉറപ്പാക്കി.

ഡിജിറ്റല്‍ അംഗത്വ രജിസ്ട്രിയുടെ പിന്‍ബലത്തോടെയുള്ള ഡാറ്റാബാങ്ക് രൂപീകരണമെന്ന ഏറെ ശ്രമകരമായ ജോലിയും അതെ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പ് നടപടികളും വളരെ കൃത്യമായും സുതാര്യമായും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് സമര്‍പ്പണത്തോടെയുള്ള ഒരു ടീം വര്‍ക്കായിരുന്നു. സംഘടനാ സംവിധാനത്തെ കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ ഇക്കാലമത്രയും വാപൃതരായിരുന്ന കേരള കോണ്‍ഗ്രസ് (എം) കുടുംബത്തിലെയും ചേര്‍ന്നു നിന്നവരെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തികഞ്ഞ ആത്മാര്‍ഥതയോടെ നിര്‍വഹിച്ച വരണാധികാരികളെയും പ്രത്യേകം അഭിനന്ദിക്കുന്നു.

കേരളാ കോണ്‍ഗ്രസ്സ് വികാരമുള്ള മുഴുവന്‍ ആളുകള്‍ക്കും ഒരുമിച്ച്‌ അണിചേരാന്‍ കഴിയുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനമായി കേരളാ കോണ്‍ഗ്രസ്സ് (എം) മാറിയിരിക്കുന്നു. നാം ഒരുമിച്ച്‌ നിന്ന് ഈ ഇരുവര്‍ണ്ണ പതാക ഇനിയും ഉയര്‍ത്തിപ്പിടിക്കും.പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പ്രിയപ്പെട്ട റോഷി അഗസ്റ്റിന്‍, വൈസ് ചെയര്‍മാന്മാരായി തെരെഞ്ഞെടുക്കപ്പെട്ട തോമസ് ചാഴിക്കാടന്‍ എംപി, ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, പി.ജെ സജീവ് എന്നിവരെ അഭിനന്ദിക്കുന്നു. കൂടാതെ പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യസമിതി അംഗങ്ങളെയും, ഉന്നതാധികാരസമിതി അംഗങ്ങളെയും, ജനറല്‍ സെക്രട്ടറിമാരെയും മറ്റ് സമിതികളിലെ മുഴുവന്‍ അംഗങ്ങളെയും അഭിനന്ദിക്കുന്നു.

https://m.facebook.com/story.php?story_fbid=pfbid02x6qrNvW32ZQGC5RuW5mbNqDwpFZCxcPvNphTjVuDaAEJjNoGZ3jhfyCqXxqncB6Bl&id=100044581532792

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക