പാലാ നഗരസഭ അധ്യക്ഷ പദവിയെ ചൊല്ലി സിപിഎമ്മും കേരള കോൺഗ്രസും തമ്മിലുള്ള ചർച്ചകൾ പൂർത്തിയായില്ല. സിപിഎം തങ്ങളുടെ പ്രതിനിധിയായി ചെയർമാൻ സ്ഥാനത്തേക്ക് നിർദ്ദേശിച്ച ബിനു പുളിക്കകണ്ടത്തെ അംഗീകരിക്കാൻ ആവില്ല എന്ന് നിലപാടാണ് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി കൈക്കൊണ്ടത്. ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു വഴി തന്റെ തീരുമാനം അദ്ദേഹം സിപിഎം നേതാക്കളെ അറിയിച്ചു. ഇതോടെ ചർച്ചകൾ വഴിമുട്ടുകയായിരുന്നു.

സിപിഎം പാർലമെന്റെറി പാർട്ടി ലീഡറും, നഗരസഭയിലേക്ക് പാർട്ടി ചിഹ്നത്തിൽ വിജയിച്ചു കയറിയ ഏക സ്ഥാനാർത്ഥിയുമായ ബിനുവിന് വേണ്ടിയാണ് പാർട്ടിയും നേതാക്കളും ഒറ്റക്കെട്ടായി നിലകൊണ്ടത്. കോട്ടയം ജില്ലയിലെ പാർട്ടിയുടെ ഏറ്റവും കരുത്തനായ നേതാവും, മന്ത്രിസഭാംഗവും, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ വി എൻ വാസവന്റെ വാക്കുകൾക്ക് പോലും ജോസ് കെ മാണി വില കൊടുക്കുന്നില്ല എന്നത് സിപിഎം കേന്ദ്രങ്ങളിൽ കടുത്ത അമർഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. മന്ത്രിയും, ജില്ലാ സെക്രട്ടറിയും, പാലായിൽ നിന്നുള്ള മുതിർന്ന നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ലാലിച്ചൻ ജോർജ്ജും ചേർന്ന് ഐക്യകണ്ഠമായി പാർട്ടി കൈകൊണ്ട് തീരുമാനം അറിയിച്ചപ്പോഴാണ് അംഗീകരിക്കില്ലെന്ന് നിഷേധാത്മക സമീപനവുമായി ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയത്. അങ്ങനെയെങ്കിൽ അഞ്ചുവർഷവും കേരള കോൺഗ്രസ് തന്നെ ഭരിച്ചോള്ളൂ എന്ന കടുത്ത നിലപാടിലേക്ക് ഒരു ഘട്ടത്തിൽ സിപിഎം നേതാക്കളും നീങ്ങി. ഇതോടെയാണ് തുടർച്ചകൾ ആകാം എന്ന നിർദ്ദേശത്തിലേക്ക് എത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിപിഎമ്മിനെ വരുതിയിൽ നിർത്താനാണ് ജോസ് കെ മാണിയുടെ ശ്രമം എങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ ജോസ് കെ മാണി അടുത്ത തെരഞ്ഞെടുപ്പിൽ അനുഭവിക്കും എന്ന വെല്ലുവിളി പാലായിലെ പ്രാദേശിക പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നു തുടങ്ങിയിട്ടുണ്ട്. മുന്നണി മര്യാദ മാനിക്കും എന്നും, സിപിഎം പ്രതിനിധിയെ സിപിഎമ്മാണ് തീരുമാനിക്കേണ്ടത് എന്നും പാർട്ടിയുടെ പ്രാദേശിക നേതാക്കളെ കൊണ്ട് ദിനംപ്രതി പരസ്യപ്രസ്താവന ഇറക്കിയ ശേഷം സിപിഎം നേതാക്കളെ പ്രതിരോധത്തിൽ ആക്കുന്ന നിലപാടാണ് ജോസ് കെ മാണിയുടെ കടുംപിടുത്തം. യഥാർത്ഥത്തിൽ തങ്ങൾ ആഗ്രഹിക്കുന്ന ആളെ പദവിയിലേക്ക് എത്തിക്കുകയും അത് സിപിഎം നിലപാടാണെന്ന് വരുത്തി തീർക്കുകയും ചെയ്യാനുള്ള ഇരട്ടത്താപ്പ് ആണ് ജോസ് കെ മാണിയുടെ നീക്കം എന്നതിൽ സിപിഎമ്മിനുള്ളിൽ കടുത്ത അമർഷം പുകയുന്നുണ്ട്

യുഡിഎഫിൽ കാലാകാലങ്ങളായി തങ്ങൾ അനുവർത്തിച്ചു പോന്ന സമ്മർദ്ദ ശൈലിയുടെ തുടർച്ചയാണ് എൽഡിഎഫിൽ കേരള കോൺഗ്രസ് ആഗ്രഹിക്കുന്നത്. അധികാരം വീതം വെക്കുമ്പോഴും തങ്ങൾക്ക് താല്പര്യമുള്ളവരെ മാത്രം ഘടകകക്ഷിയുടെ പ്രതിനിധിയായി അധികാര കേന്ദ്രങ്ങളിൽ എത്തിക്കുക എന്ന ശൈലിയാണ് കേരള കോൺഗ്രസ് യുഡിഎഫിൽ അനുവർത്തിച്ചു പോന്നിരുന്നത്. ഈ ശൈലിയുടെ തുടർച്ച ഉറപ്പാക്കാൻ വേണ്ടി തന്നെയാണ് സിപിഎം ഒറ്റക്കെട്ടായി നിർദ്ദേശിച്ച നേതാവിനെ അവർക്ക് അനുവദിച്ചിരിക്കുന്ന ടേമിൽ അധ്യക്ഷപദവിയിൽ പരിഗണിക്കില്ല എന്ന കടുത്ത നിലപാട് ജോസ് കെ മാണി സ്വീകരിച്ചിരിക്കുന്നത്.

പാർട്ടിക്കുള്ളിൽ ഭിന്നത ഉണ്ടാക്കാനും ശ്രമം

പദവികൾ മോഹിപ്പിച്ച് സിപിഎം കൗൺസിലർമാർക്കിടയിൽ ഭിന്നത ഉണ്ടാക്കാനുള്ള ശ്രമവും കേരള കോൺഗ്രസ് കേന്ദ്രങ്ങൾ നടത്തുന്നുണ്ടെന്ന് വ്യക്തമാണ്. നഗരസഭ വൈസ് ചെയർപേഴ്സൺ സിജി പ്രസാദിനെ പുകഴ്ത്തിയും പാർലമെന്റെറി പാർട്ടി ലീഡർ ബിനുവിനെ ഇകഴ്ത്തിയും കൗൺസിലർമാർ ഉൾപ്പെടെയുള്ള കേരള കോൺഗ്രസ് നേതാക്കൾ നടത്തുന്ന പ്രചരണങ്ങൾ ഇതിനു തെളിവാണ്. ഇത്തരത്തിൽ സിപിഎം സംഘടന ശൈലിയെ പോലും അട്ടിമറിക്കാനുള്ള കേരള കോൺഗ്രസ് നീ തങ്ങളോട് പാർട്ടി എങ്ങനെ പ്രതികരിക്കുമെന്നും കണ്ടറിയേണ്ടതുണ്ട്.

അന്തിമ തീരുമാനം ഉച്ചയ്ക്ക് മുമ്പ്

നഗരസഭാ അധ്യക്ഷ പദവിയിലേക്ക് ആരെത്തണം എന്ന വിഷയത്തിൽ ഇടതുമുന്നണിയുടെ അന്തിമ തീരുമാനം ഇന്ന് ഉച്ചയ്ക്ക് മുമ്പ് തന്നെ ഉണ്ടാകും എന്നാണ് അറിയാൻ കഴിയുന്നത്. ബിനുവിന് വേണ്ടി സിപിഎം നേതാക്കൾ ചാഞ്ചല്യമില്ലാതെ നിലകൊള്ളും. ജോസ് കെ മാണിയും നിലപാടിൽ മാറ്റം വരുത്തില്ല എന്ന് കേരള കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്നും സൂചനയുണ്ട്. അതുകൊണ്ടുതന്നെ അന്തിമ തീരുമാനം വരുമ്പോൾ ആരാവും ചിരിക്കുക എന്ന ആകാംക്ഷയിലാണ് പാലായിലെ രാഷ്ട്രീയ കേന്ദ്രങ്ങൾ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക