ഇന്ത്യയില്‍ നിന്നും ബിഎഡ് പഠനം പൂര്‍ത്തിയാക്കി ബഹ്‌റൈനില്‍ പഠിപ്പിക്കുന്ന പല അധ്യാപകരും സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ അയോഗ്യര്‍. ബിരുദവും ബിരുദാനന്തര ബിരുദവും ബിഎഡ് കോഴ്‌സും പൂര്‍ത്തിയാക്കിയ പല അധ്യാപകരുടെയും സര്‍ട്ടിഫിക്കറ്റുകളും മന്ത്രാലയത്തിന്റെ പരിശോധനയില്‍ അയോഗ്യമാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ക്വാഡ്രാബേ (QuadraBay) എന്ന അന്താരാഷ്ട്ര ഏജന്‍സിയാണ് മന്ത്രാലയത്തിന് വേണ്ടി സര്‍ട്ടിഫിക്കറ്റ് പരിശോധനകള്‍ നടത്തുന്നത്.

ക്വാഡ്രാബേയില്‍ സ്വന്തം ചെലവില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്‌ത് ഇതിന്‍റെ ഫലം സ്‌കൂളുകള്‍ ഉറപ്പാക്കണമെന്ന നിബന്ധന എല്ലാ സ്‌കൂളുകളും നടപ്പാക്കാൻ തുടങ്ങിയതോടെയാണ് അധ്യാപകരോട് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെ ഭൂരിഭാഗം അധ്യാപകരും തങ്ങളുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ക്വാഡ്രാബേയില്‍ അപ്‌ലോഡ് ചെയ്യുകയും ഇതില്‍ പല അധ്യാപകരുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധനാ ഫലം നെഗറ്റീവാകുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്ന് ബിഎഡ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി ബഹ്‌റൈനിലെ സ്‌കൂളുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ജോലിക്ക് ചേര്‍ന്നവരുടെ വരെ സര്‍ട്ടിഫിക്കറ്റുകള്‍ അയോഗ്യമാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഇതിനിടയില്‍ ജോലിയില്‍ പ്രവേശിച്ച ചില അധ്യാപകരെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ ജോലി നേടിയെന്ന് ആരോപിച്ച്‌ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

നേരത്തെ അംഗീകാരം ഉണ്ടായിരുന്ന പല സര്‍വകലാശാലകള്‍ക്കും നിലവില്‍ അംഗീകാരം നഷ്ടപ്പെട്ടതാണ് പല അധ്യാപകര്‍ക്കും വൻ തിരിച്ചടിയായത്. ഓരോ അധ്യാപകരും ഒരു സര്‍ട്ടിഫിക്കറ്റിന് 27 ദിനാര്‍ വീതമാണ് പരിശോധനക്കായി നല്‍കുന്നത്. ക്വാഡ്രാബേ രണ്ടോ മൂന്നോ ആഴ്‌ചയ്‌ക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട ഫലം അറിയിക്കും. ഇന്ത്യയിലെ ചില യൂണിവേഴ്സിറ്റികളുടെ ബിഎഡ് കോഴ്സുകള്‍ പലതും രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെടാത്തത് പല അധ്യാപകര്‍ക്കും തലവേദനയായിരിക്കുകയാണ്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക