സംസ്ഥാനത്ത് ഹൈസ്‌കൂള്‍-ഹയര്‍സെക്കൻഡറി ഏകീകരണം ലക്ഷ്യമാക്കിയുളള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി തയാറാക്കിയ സ്‌പെഷല്‍ റൂള്‍സ് നിലവില്‍ വന്നാല്‍ ജോലി നഷ്ടമാകുന്നത് 30,000 അധ്യാപകര്‍ക്ക്. ഖാദര്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരം എട്ടു മുതല്‍ 12 വരെ ക്ലാസുകള്‍ സെക്കന്‍ഡറിയെന്ന ഒറ്റ യൂണിറ്റാക്കുമ്ബോള്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കൻഡറി വിഭാഗങ്ങളിലെ അധ്യാപക തസ്തികകള്‍ ഇല്ലാതാകുമെന്ന ആശങ്കയാണ് നിലവിലുള്ളത്. സംസ്ഥാനത്ത് 64,340 ഹൈസ്‌ക്കൂള്‍ അധ്യാപകര്‍, 68,332 എല്‍പി, യുപി അധ്യാപകരാണുള്ളത്. ഹയര്‍ സെക്കൻഡറി അധ്യാപകരുടെ എണ്ണം 30,224, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി അധ്യാപകരുടെ എണ്ണം 5,945 എന്നതാണ് കണക്ക്.

കമ്മീഷന്‍ ശിപാര്‍ശ നടപ്പിലാക്കിയാല്‍ പൊതുവിദ്യാഭ്യാസ മേഖലയിലെ ഏകദേശം 30,000 അധ്യാപകരുടെ ഭാവി തുലാസിലാകും. റിട്ടയര്‍മെന്‍റ് ഒഴിവുകളിലേക്ക് നിലവിലെ അധ്യാപകരെ പുനര്‍ വിന്യസിക്കുമ്ബോള്‍ പുതിയ നിയമനങ്ങള്‍ നടക്കാതാകുമെന്നാണ് അധ്യാപക സംഘടനകള്‍ പറയുന്നത്. കമ്മിറ്റി ശിപാര്‍ശ അനുസരിച്ച്‌ 8,9,10 ക്ലാസുകള്‍ ഹയര്‍ സെക്കൻഡറിയുമായി ചേര്‍ക്കുന്നതിലൂടെ രൂപപ്പെടുന്ന സെക്കൻഡറി വിഭാഗത്തില്‍ അധ്യാപകരുടെ യോഗ്യത പോസ്റ്റ് ഗ്രാജുവേഷനും ബിഎഡും ആയി മാറും. തന്മൂലം പിജി ഇല്ലാത്ത നിലവിലെ ഹൈസ്‌കൂള്‍ അധ്യാപകരെ പ്രൈമറി വിഭാഗത്തിലേയ്ക്ക് തരം താഴ്ത്തപ്പെടും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

8-12 വരെയുളള ക്ലാസുകളില്‍ പഠിപ്പിക്കുന്ന പിജിയുള്ള അധ്യാപകര്‍ പൊതു സീനിയോറിറ്റിയുടെ അടിസ്ഥാനത്തിന്‍ സ്ഥിരപ്പെടുകയും ഇരു വിഭാഗത്തിലെയും ജൂനിയര്‍ അധ്യാപകര്‍ പുറത്താവുകയും ചെയ്യും.ഇത്തരത്തില്‍ സംസ്ഥാനത്തെ അധ്യാപക തസ്തികയില്‍ എറ്റവും കുറഞ്ഞത് 20 ശതമാനം വരെ കുറവു വരും. ഇത്തരത്തില്‍ ജോലി നഷ്ടപ്പെടുന്ന അധ്യാപകര്‍ ഭയത്തോടെയാണ് ഏകീകരണത്തെ കാണുന്നത്.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കൻഡറി സീനിയര്‍, ഹയര്‍ സെക്കൻഡറി ജൂനിയര്‍ തസ്തികള്‍ ഏകീകരിക്കപ്പെടുകയും അധ്യാപകരുടെ ജോലിഭാരം ആഴ്ചയില്‍ 28 പീരിയഡായി നിജപ്പെടുത്തുകയും ചെയ്യും. ബ്ലോക്ക് തലത്തില്‍ സ്‌കൂളുകളെ ക്ലസ്റ്റര്‍ ആയി പരിഗണിക്കുകയും അധ്യാപക തസ്തികകള്‍ പൊതു റിസോഴ്‌സ് ആയി മാറുകയും ചെയ്യും.അതിനാല്‍ 8-12 വിഭാഗത്തിലും പ്രൈപമറി തലത്തിലും ഒട്ടനവധി തസ്തികകള്‍ അധിക തസ്തികയായി മാറും. ഇതോടെ പല അധ്യാപകരുടെയും ജോലി നഷ്ടപ്പെടുമെന്നാണ് അധ്യാപക സംഘടനകള്‍ പറയുന്നത്.

പ്രതിവാര ക്ലാസ് പിരീഡുകള്‍ വര്‍ധിപ്പിച്ചും ഹയര്‍ സെക്കൻഡറിയില്‍ ഒരു വിഷയം ഓപ്ഷണലാക്കി ക്കുറച്ചും തസ്തികകള്‍ ഗണ്യമായി കുറയ്ക്കുമെന്ന ആശങ്കയും അധ്യാപകര്‍ക്കിടയിലുണ്ട്. എകീകരണം നടപ്പിലാക്കിയാല്‍ സംസ്ഥാനത്തെ മുഴുവന്‍ ഹയര്‍ സെക്കൻഡറി സ്‌കൂളുകളിലും ഹെഡ്മാസ്റ്റര്‍ തസ്തിക ഇല്ലാതാകും.പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന ഈ നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് എയ്ഡഡ് ഹയര്‍ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്. മനോജ് ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക