വിദേശ രാജ്യത്ത് അഭയം തേടി ഇന്ത്യക്കെതിരെ പോരാടുന്ന വിഘടനവാദികളെ കൊന്നൊടുക്കാൻ ഇന്ത്യൻ ഭരണകൂടം മുന്നിട്ടിറങ്ങിയോ? അമേരിക്കൻ മോഡലിൽ ഇന്ത്യയ്ക്കുംകൊന്നൊടുക്കേണ്ടവരുടെ പട്ടികയുണ്ടോ? ഖാലിസ്ഥാൻ തീവ്രവാദി കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചയാകുന്നത് ഇന്ത്യൻ ഭരണകൂടത്തിന്റെ ‘കിൽ ലിസ്റ്റ്’.
അമേരിക്കയില്‍ പ്രസിഡന്റ് തന്നെ അംഗീകാരം നല്‍കുന്ന ഒരു ലിസ്റ്റുണ്ട്. അതിന്റെ പേരാണ് ‘കില്‍ ലിസ്റ്റ്’. അമേരിക്കയുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നു കരുതുന്നവരുടെ പേരുകളാണ് ആ ലിസ്റ്റില്‍ ഉണ്ടാവുക. അവരെ ഓരോരുത്തരെയായി തേടിപ്പിടിച്ച് സ്പെഷ്യല്‍ ഫോഴ്സ് വകവരുത്തും. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തതിനു പിന്നിലെ സൂത്രധാരൻ ഒസാമ ബിൻ ലാദനെ കൊന്ന് കടലില്‍ തള്ളിയതും ഈ ലിസ്റ്റ് പ്രകാരമാണ്. വെടിവയ്ക്കുക വിഷം കലര്‍ത്തിയ ഇൻജക്‌ഷൻ കൊടുക്കുക മയക്കുമരുന്ന് ഓവര്‍ഡോസ് നല്‍കുക കെട്ടിടത്തിനു മുകളില്‍നിന്നു തള്ളിയിടുക തെളിവില്ലാതെ ശ്വാസം മുട്ടിച്ചോ കഴുത്തൊടിച്ചോ കൊല്ലുക തുടങ്ങി കൊലപാതകം ചിലപ്പോള്‍ ഡ്രോണില്‍നിന്ന് എയ്തുവിടുന്ന മിസൈല്‍ വഴി വരെയാകാം. ഘാതകര്‍ നേരിട്ട് ചെയ്യുന്നതുമാകാം.
പരസ്യമായി സമ്മതിച്ചിട്ടില്ലങ്കിലും വൈകിയാണെങ്കിലും ഇന്ത്യയും ഇതൊക്കെ ചെയ്തു തുടങ്ങിയിരിക്കുന്നു എന്ന അനുമാനങ്ങൾ ഇപ്പോൾ ശക്തമാണ്. മറ്റുരാജ്യങ്ങളില്‍ അഭയം പ്രാപിച്ച് ഇന്ത്യക്കെതിരെ പോരാട്ടം നടത്തുന്ന നിരവധി ആളുകളുടെ മരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ കിൽ ലിസ്റ്റ് യാഥാർത്ഥ്യമാണെന്ന് സമൂഹമാധ്യമങ്ങളിൽ ചിലർ സമർത്ഥിക്കുന്നത്. ഇതിന് ഉദാഹരണങ്ങളായി നിരവധി മരണങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഈ വിവരങ്ങൾ ആധികാരികം ആണോ എന്നതിൽ വ്യക്തതയില്ല. 2023 ഫെബ്രുവരിയിലെ ഹിസ്ബുല്‍ ഭീകരന്റെ കൊല, 1999ല്‍, ഐസി 814 ഇന്ത്യൻ എയര്‍ലൈൻസ് വിമാനം ഹൈജാക്ക് ചെയ്ത ഭീകരരിലൊരാള്‍ കറാച്ചിയില്‍ 2022 മാര്‍ച്ചിൽ വെടിയേറ്റു മരിച്ചത്, 2023 ജനുവരിയില്‍ രണ്ടു പാക്ക് ഐഎസ്‌ഐ ഏജന്റുമാർ പഞ്ചാബില്‍ വെടിയേറ്റു മരിച്ചത് തുടങ്ങി നിരവധി സംഭവങ്ങളാണ് ഇന്ത്യൻ കിൽ ലിസ്റ്റ് യാഥാർത്ഥ്യമാണെന്ന് സ്ഥാപിക്കാൻ ഉദാഹരിക്കുന്നത്.
സമീപകാലത്ത് വിദേശത്ത് നിന്ന് ഇന്ത്യയ്ക്കെതിരെ നിലപാട് എടുത്തിരുന്ന പല ഖാലിസ്ഥാൻ വിഘടനവാദ നേതാക്കളുടെ മരണങ്ങളും ഈ കൊലപ്പട്ടികയിലാണ് ഇപ്പോൾ നിരവധി ആളുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് ചീഫായ പരംജിത് സിങ് പഞ്ച്‌വാര്‍ ലഹോറില്‍ കഴിഞ്ഞ മേയ് 7നാണ് വെടിയേറ്റു മരിച്ചിരുന്നത്. ബ്രിട്ടണില്‍ ഇന്ത്യയുടെ പതാക താഴെയിറക്കി ഖലിസ്ഥാൻ പതാക ഉയര്‍ത്താൻ ശ്രമിച്ച അവതാര്‍ സിങ് ഖണ്ഡയാകട്ടെ ലണ്ടൻ ആശുപത്രിയില്‍ വച്ചാണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നത്. ഒടുവില്‍ 2023ജൂണ്‍ 20ന് ഖലിസ്ഥാൻ ടൈഗര്‍ ഫോഴ്സ് ചീഫ് ഹര്‍ദീപ് നിജ്ജാര്‍ കാനഡയിലെ സറിയില്‍ ഗുരുദ്വാരയ്ക്കു മുന്നിലും വെടിയേറ്റു കൊല്ലപ്പെടുകയുണ്ടായി. ഭീകരനാണെന്നു പ്രഖ്യാപിച്ച് എൻഐഎ തലയ്ക്കു 10 ലക്ഷം രൂപയായിരുന്നു ഹര്‍ദീപിന് വിലയിട്ടിരുന്നത്. കാനഡ ആരോപിക്കുന്നത് പോലെ ഈ മരണങ്ങൾക്ക് പിന്നിൽ ഇന്ത്യൻ കരങ്ങൾ ഉണ്ടെന്നും രാജ്യത്തിനെതിരെ വിദേശരാജ്യത്തിന്റെ സുരക്ഷിതത്വത്തിൽ ഇരുന്നു പോരാടുന്ന വിഘടനവാദികളെ ഇന്ത്യൻ ഭരണകൂടം കൊലപ്പെടുത്തുന്നു എന്നുമെല്ലാമാണ് ഇന്ത്യൻ കിൽ ലിസ്റ്റ് കോൺസ്പിരിസി തിയറിയുടെ ഉപജ്ഞാതാക്കൾ അവകാശപ്പെടുന്നത്.