പുതുപ്പള്ളിയിലെ വിജയത്തിന് പിന്നാലെ കോൺഗ്രസ് നേതൃനിരയിലെ അഭിപ്രായ ഭിന്നത വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ഇടതു പ്രൊഫൈലുകളും, സിപിഎം ചാനൽ കൈരളി ടിവിയും. ചരിത്ര വിജയത്തിന് പിന്നാലെ കോട്ടയം ഡിസിസി ഓഫീസിൽ മാധ്യമങ്ങളെ കാണുന്നതിനു മുന്നോടിയായി ആണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിൽ തർക്കം ഉണ്ടായത്. ഈ വാക്കു തർക്കത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

പുതുപ്പള്ളിയിൽ പടനയിച്ചതും, പ്രവർത്തകരെ ഏകോപിപ്പിച്ചതും, യുഡിഎഫിന് വേണ്ടി തന്ത്രങ്ങൾ മെനഞ്ഞതും എല്ലാം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ്. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് പൂർണ്ണമായും കോട്ടയത്ത് ക്യാമ്പ് ചെയ്താണ് പ്രതിപക്ഷ നേതാവ് കാര്യങ്ങൾ ഏകോപിപ്പിച്ചത്. അദ്ദേഹത്തിന്റെ കർശന നിയന്ത്രണത്തിൽ കാര്യങ്ങൾ നടന്നത് കൊണ്ട് തന്നെ കോട്ടയം ജില്ലയിൽ പാർട്ടിക്കുള്ള സംഘടനാപരമായ പരിമിതികളെ അതിജീവിച്ച് മികച്ച പ്രചരണം നടത്തുവാനും മിന്നും വിജയം നേടുവാനും യുഡിഎഫിന് കഴിഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ തിരഞ്ഞെടുപ്പ് ഫലം അറിയുന്ന വേളയിൽ കോട്ടയത്തേക്ക് എത്തിയ കെ സുധാകരൻ യുഡിഎഫ് നേതാക്കളുടെ പ്രസ്സ് ബ്രീഫിങ് ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചതാണ് തർക്കങ്ങൾക്കിടയാക്കിയത് എന്ന് അറിയാൻ കഴിയുന്നു. പുതുപ്പള്ളിയിലെ ആധികാരിക വിജയത്തെ കുറിച്ചും ജനങ്ങൾക്കിടയിൽ ശക്തമായ സർക്കാർ വിരുദ്ധ മനോഭാവത്തെക്കുറിച്ചും എല്ലാം കൃത്യമായി സംസാരിക്കാൻ തയ്യാറെടുത്താണ് പ്രതിപക്ഷ നേതാവ് എത്തിയത്. എന്നാൽ താൻ ആദ്യം സംസാരിച്ചു തുടങ്ങും എന്ന കെപിസിസി അധ്യക്ഷന്റെ നിലപാടാണ് പ്രതിപക്ഷ നേതാവിനെ പ്രകോപിപ്പിച്ചതും കൂടുതലായി ഒന്നും പറയാനില്ല എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചതിനും കാരണം.

യുഡിഎഫ് ചെയർമാൻ എന്ന നിലയിൽ പ്രതിപക്ഷ നേതാവാണ് മാധ്യമ ബ്രീഫിങ് നടത്താൻ ഉത്തരവാദിത്വപ്പെട്ടിരുന്ന ആൾ എന്നും വാദമുണ്ട്. കെ സുധാകരൻ പ്രചരണ വേളയിൽ വന്നുപോയതല്ലാതെ മണ്ഡലത്തിൽ സ്ഥിരമായി ക്യാമ്പ് ചെയ്തിരുന്നില്ല. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞാൽ അത് തന്റെ ഉത്തരവാദിത്വം ആയിരിക്കുമെന്നും ഭൂരിപക്ഷം വർദ്ധിച്ചാൽ അത് ടീം വർക്കിന്റെ മേന്മയായിരിക്കും എന്നും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്ന പ്രതിപക്ഷ നേതാവിനെ ഫല പ്രഖ്യാപനം വന്നപ്പോൾ രണ്ടാമൻ ആക്കാൻ ശ്രമിച്ചതാവും അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. എന്തുവന്നാലും പുതുപ്പള്ളി വിജയത്തോടുകൂടി ടോപ് ഗിയറിൽ ആയിരുന്ന കോൺഗ്രസ് ക്യാമ്പുകൾക്ക് ഈ വീഡിയോ ഒരു തിരിച്ചടിയാണ്. ഇതിന്റെ മ്ലാനത കോൺഗ്രസ് സൈബർ വൃത്തങ്ങളിലും വ്യക്തമാണ്. കരുവന്നൂർ, അയ്യന്തോൾ സഹകരണ ബാങ്കുകളിലെ കള്ളപ്പണം ഇടപാടുകളുടെ പശ്ചാത്തലത്തിൽ പ്രതിരോധത്തിൽ ആയിരുന്നു സിപിഎം വിഷയം കൃത്യമായ അവസരമായി കാണുകയും മുതലെടുക്കുകയും ചെയ്തു എന്ന് വേണം വിലയിരുത്താൻ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക