കെ-റെയില്‍ അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അന്യസംസ്ഥാന കോർപറേറ്റ് ഭീമന്മാരില്‍നിന്ന് 150 കോടി കൈപ്പറ്റിയെന്ന ആരോപണവുമായി പി.വി. അൻവർ എംഎല്‍എ. പദ്ധതി നടപ്പായാല്‍ കേരളത്തിന്റെ ഐ.ടി. മേഖലയില്‍ ഉണ്ടാകാൻപോകുന്ന കുതിച്ചുചാട്ടം ഇല്ലാതാക്കാൻ അന്യസംസ്ഥാനങ്ങളിലെ ഐ.ടി. ഭീമന്മാർ കേരളത്തിലെ കോണ്‍ഗ്രസിനെ കൂടെനിർത്തി പ്രവർത്തിച്ചതിന്റെ ഫലമാണ് കെ-റെയിലുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന പ്രക്ഷോഭങ്ങളെന്ന് പി.വി. അൻവർ നിയമസഭയില്‍ ആരോപിച്ചു.

അഞ്ചുവർഷം കൊണ്ട് 25 വർഷത്തെ പുരോഗതി കൈവരിക്കാൻ ഉതകുമായിരുന്ന കെ-റെയില്‍ പദ്ധതി അട്ടിമറിക്കാൻ അന്യസംസ്ഥാനത്തെ കോർപറേറ്റ് ഭീമന്മാരെ പ്രേരിപ്പിച്ചത് കേരളത്തിലെ യുവത ജോലികള്‍ക്കായി പിന്നീടവരെ ആശ്രയിക്കില്ല എന്ന തിരിച്ചറിവുകൊണ്ടാണെന്നും അൻവർ പറഞ്ഞു. ഒന്നാം ഘട്ടത്തില്‍ കാര്യമായ എതിർപ്പ് പ്രകടിപ്പിക്കാതിരുന്ന പ്രതിപക്ഷം പിന്നീടങ്ങോട്ട് എന്തുസംഭവിച്ചാലും പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന സമീപനം സ്വീകരിച്ചത് പണം കൈപ്പറ്റിയതിനാലാണെന്നും അൻവർ ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ആ കൊടുംചതി ചെയ്യുന്നതിനായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കോർപറേറ്റ് കമ്ബനികള്‍ ഗൂഢാലോചന നടത്തി, ദൗത്യത്തിന്റെ ഉത്തരവാദിത്വം കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെ ഏല്‍പ്പിക്കുകയായിരുന്നു. ദൗത്യം വിജയിച്ചാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി പദമായിരുന്നു വി.ഡി. സതീശന് നല്‍കിയിരുന്ന ഓഫർ. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കാൻ എത്ര പണം മുടക്കാനും അവർ തയ്യാറായിരുന്നു’, അൻവർ പറഞ്ഞു.

‘2021 ഫെബ്രുവരിയിലും മാർച്ചിലുമായി ഇലക്ഷൻ ഫണ്ട് എന്ന നിലയ്ക്ക് 150 കോടി രൂപയാണ് വി.ഡി. സതീശന്റെ കൈയിലെത്തിയത്. ശീതീകരിച്ച മത്സ്യം കൊണ്ടുവരുന്ന കണ്ടെയ്നർ ലോറികളിലൂടെ മൂന്ന് ഘട്ടങ്ങളിലായി 50 കോടി വീതമാണ് പണം തൃശ്ശൂർ ചാവക്കാടിനടുത്തുള്ള ചേറ്റുവ കടപ്പുറത്ത് എത്തിച്ചത്. അവിടെ നിന്ന് ആംബുലൻസുകളിലാണ് പണം വി.ഡി. സതീശന്റെ കൂട്ടാളികളുടെ കൈകളിലെത്തിച്ചത്’, അൻവർ ആരോപിച്ചു.

ഈ പണം തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി നേതാക്കള്‍ക്ക് നല്‍കുകയോ കേരളത്തില്‍ ചെലവഴിക്കുകയോ അല്ല, പകരം കർണാടകയിലാണ് പ്രതിപക്ഷ നേതാവ് നിക്ഷേപിച്ചതെന്നും ഇതിന്റെ ഭാഗമായാണ് ഒരു മാസത്തില്‍ മൂന്നുതവണയെങ്കിലും വി.ഡി. സതീശൻ ബാംഗ്ലൂരിലേക്ക് പോകുന്നതെന്നും ഇതിനെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നും അൻവർ ആവശ്യപ്പെട്ടു.കെപിസിസിയുടെ ഔദാര്യം ഇല്ലാതെതന്നെ തിരഞ്ഞെടുപ്പ് താൻ നടത്തും എന്ന് വി.ഡി. സതീശൻ പറഞ്ഞത് ഈ പണം കൈയിലുള്ള ധൈര്യത്തിലാണെന്നും അൻവർ ആരോപിച്ചു. കോണ്‍ഗ്രസ് പ്രവർത്തകരോടടക്കം കേരളത്തിലെ മുഴുവൻ ജനങ്ങളോടും മാപ്പർഹിക്കാത്ത കൊടും പാപമാണ് സതീശൻ ചെയ്തതെന്നും അൻവർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക