പത്തനംതിട്ട : തിരുവല്ലയില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്ബോള്‍ യുവതിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോയെന്ന സംഭവത്തില്‍ (Thiruvalla Fake Kidnap Case) വഴിത്തിരിവ്. അമ്മയേയും കുഞ്ഞിനേയും പൊലീസ് കണ്ടെത്തി. എന്നാല്‍ തങ്ങളെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വമേധയാ പോയതാണെന്നുമാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കാറില്‍ യാത്രചെയ്യുകയായിരുന്ന ഇരുവരേയും ചെങ്ങന്നൂരില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. യുവതിയും കുഞ്ഞും തിരുവല്ല പൊലീസിന്‍റെ (Thiruvalla Police) കസ്റ്റഡിയിലാണ്.

ആണ്‍സുഹൃത്തായ പ്രിന്‍റു പ്രസാദിനൊപ്പം സ്വമേധയാ പോയതാണെന്നാണ് യുവതി പറയുന്നത്. എന്നാല്‍ പ്രിന്‍റു പ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രിന്‍റു പ്രസാദും യുവതിയും ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഒരുമിച്ച്‌ ജോലി ചെയ്യുന്നവരാണ്. ഇരുവരും തമ്മില്‍ വളരെക്കാലമായി ബന്ധം പുലര്‍ത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തട്ടിക്കൊണ്ടുപോകല്‍ നാടകമെന്ന് പൊലീസ് : കഴിഞ്ഞ ഫെബ്രുവരിയില്‍ യുവതി പ്രിന്‍റുവിനൊപ്പം പോയിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മടങ്ങിയെത്തിയത്. ആറുമാസത്തിനിടെ രണ്ടുതവണ യുവതി ആണ്‍സുഹൃത്തിനൊപ്പം പോയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ യുവതിയും ആണ്‍സുഹൃത്തും ചേര്‍ന്ന് നടത്തിയ നാടകമാകാം തട്ടിക്കൊണ്ടുപോകല്‍ എന്നാണ് പൊലീസിന്‍റെ നിഗമനം.

പരാതിക്ക് ആസ്‌പദമായ സംഭവം : തിരുവല്ല തിരുമൂലപുരം ജംങ്‌ഷന് സമീപം തിങ്കളാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. തിരുമൂലപുരം സ്വദേശിയായ സന്ദീപ് സന്തോഷും കുടുംബവും ഇവിടുത്തെ ഒരു തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിച്ച്‌ ബൈക്കില്‍ മടങ്ങവേ കാറിലെത്തിയ സംഘം ബൈക്കിന് കുറുകെ നിര്‍ത്തിയ ശേഷം ഭാര്യയേയും മൂന്ന് വയസുള്ള കുഞ്ഞിനേയും കടത്തിക്കൊണ്ട് പോവുകയായിരുന്നു എന്നാണ് പരാതി. യുവതിയുടെ ഭര്‍ത്താവ് സന്ദീപ് സന്തോഷ് നല്‍കിയ പരാതിയില്‍ ചെങ്ങന്നൂര്‍ സ്വദേശിയായ പ്രിന്‍റോ പ്രസാദിനെതിരെ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

23കാരിയായ യുവതിയും സന്തോഷും കുഞ്ഞും ഇയാളുടെ സഹോദരിയും രണ്ട് ഇരുചക്രവാഹനങ്ങളിലായാണ് യാത്ര ചെയ്‌തിരുന്നത്. അക്രമിസംഘത്തെ എതിര്‍ക്കാന്‍ ശ്രമിച്ച സഹോദരിയെ മര്‍ദിച്ചതായും സന്തോഷ് പരാതിയില്‍ പറഞ്ഞിരുന്നു. പ്രിന്‍റോ പ്രസാദിന് പുറമേ ഇയാളുടെ സുഹൃത്തുക്കളായ മൂന്നുപേര്‍ കൂടി അക്രമി സംഘത്തിലുണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. പൊലീസ് ചെങ്ങന്നൂരിലുള്ള പ്രിന്‍റുവിന്‍റെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ ദിവസം പുറത്തുപോയ ഇയാള്‍ ഇതുവരെ മടങ്ങി വന്നിട്ടില്ലെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക