കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരാകാൻ അഭിഭാഷകര്‍ തമ്മില്‍ മത്സരം. ആറ് അഭിഭാഷകരാണ് പത്മകുമാറിനും കുടുംബത്തിനുവേണ്ടി ഹാജരാകാനായി രംഗത്തെത്തിയത്. പ്രതികളെ കഴിഞ്ഞ ദിവസം കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ലീഗല്‍ സര്‍വീസ് അതോറിറ്റി നേരത്തെ നിയോഗിച്ച അഡ്വ. കെ.സുഗുണൻ, അഡ്വ. അജി മാത്യു എന്നിവര്‍ക്ക് പുറമേ നാല് അഭിഭാഷകര്‍ കൂടി രംഗത്തെത്തിയത്.

സോളാര്‍ കേസ് പ്രതിയായിരുന്ന സരിത എസ് നായരുടെ ആദ്യ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനും മറ്റ് രണ്ട് അഭിഭാഷകരും തങ്ങളാണ് പത്മകുമാറിന്റെയും കുടുംബത്തിന്റെയും അഭിഭാഷകരെന്ന വാദവുമായി രാവിലെ കോടതിയില്‍ എത്തിയിരുന്നു. പ്രതികളെ കോടതിയില്‍ എത്തിച്ചപ്പോള്‍ വക്കാലത്ത് ഒപ്പിടീക്കാൻ ഇവരില്‍ പലരും പ്രതികളെ വളയുകയും ചെയ്തു. കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ പത്മകുമാറിന്റെ ബന്ധുക്കള്‍ തനിക്ക് വക്കാലത്ത് തന്നുവെന്ന വാദവുമായി കൃഷ്ണകുമാര്‍ എന്ന അഭിഭാഷകൻ രംഗത്തെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ശനിയാഴ്ച പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അഭിഭാഷകര്‍ ഇല്ലായിരുന്നു. അതിനാല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ നിന്ന് രണ്ട് പേരേ അനുവദിച്ചിട്ടുണ്ടെന്നും തര്‍ക്കമുണ്ടെങ്കില്‍ പ്രതികളുമായി സംസാരിച്ച്‌ ധാരണയിലെത്താനും കോടതി നിര്‍ദ്ദേശം നല്‍കി. ഇതോടെ കോടതി മുറിക്ക് പുറത്ത് നടത്തിയ ചര്‍ച്ചയില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി നിയോഗിച്ച അഭിഭാഷകര്‍ മതിയെന്ന് പ്രതികള്‍ നിലപാടെടുത്തു. ഇവര്‍ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച്‌ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

അതിനിടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ കൂടുതല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും അതിനായി ആസൂത്രണം നടത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇത് സ്ഥിരീകരിക്കുന്ന രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതികള്‍ നിരവധി കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി തുടക്കത്തില്‍ തന്നെ സംശയം ഉണ്ടായിരുന്നു. പ്രതികളിലൊരാളായ അനുപമയുടെ നോട്ട്ബുക്കുകളില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ തയ്യാറാക്കിയ പദ്ധതികള്‍ സംബന്ധിച്ച വിവരം ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. പ്രതികള്‍ നിരവധി കുട്ടികളെ ലക്ഷ്യമിട്ടിരുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും അന്വേഷണ സംഘം പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക