പുതുപ്പള്ളിയിൽ പൊതുസ്വതന്ത്രനെ സിപിഎം രംഗത്തിറക്കുമെന്ന് അഭ്യൂഹങ്ങൾ സജീവമായിരുന്നു. ഈ അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നുകൊണ്ട് പുതിയ വാർത്ത ഇപ്പോൾ പുറത്തുവരികയാണ്. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനും മനസാക്ഷി സൂക്ഷിപ്പുകാരനും ആയിരുന്ന പുതുപ്പള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റും, ഇപ്പോൾ ജില്ലാ പഞ്ചായത്തിൽ പുതുപ്പള്ളിയിൽ നിന്നുള്ള പ്രതിനിധിയുമായ നിബു ജോൺ സ്ഥാനാർത്ഥിയാകും എന്ന തരത്തിലാണ് രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചകൾ മുറുകുന്നത്.

കോട്ടയം ജില്ലയിൽ നിന്നുള്ള മന്ത്രിയും സിപിഎമ്മിന്റെ ഉന്നത നേതാവുമായ വിഎൻ വാസവൻ നേരിട്ടു നടത്തിയ കരുനീക്കങ്ങളാണ് നിബുവിനെ ഇടതുപാളയത്തിലേക്ക് അടുപ്പിക്കുന്നത് എന്ന രീതിയിലാണ് വാർത്തകൾ പുറത്തുവരുന്നത്. പുതുപ്പള്ളിയിൽ പ്രാദേശികമായി ഏറ്റവും അധികം സ്വാധീനമുള്ള കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് നിബു. താരതമ്യേന ചെറുപ്പക്കാരൻ എന്ന് വിശേഷിപ്പിക്കാവുന്ന നേതാവ്. ഉമ്മൻചാണ്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ പോലും ചുക്കാൻ പിടിച്ചു നിയന്ത്രിച്ചിരുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഔദ്യോഗിക പ്രഖ്യാപനവും സ്ഥിരീകരണവും വന്നിട്ടില്ലെങ്കിലും ഇപ്പോൾ കോട്ടയത്തെ രാഷ്ട്രീയ വൃത്തങ്ങളിൽ നിബു തന്നെയാണ് ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി എന്ന നിലയിലാണ് ചർച്ചകൾ മുറുകുന്നത്. ഇങ്ങനെ ഒരു സ്ഥാനാർത്ഥിത്വം യാഥാർത്ഥ്യമായാൽ ഒരു കാര്യം വ്യക്തമാണ്, ഏതു വിധേനയും പുതുപ്പള്ളി പിടിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാവും സിപിഎം നീങ്ങുക. ഉമ്മൻചാണ്ടി എന്ന പേരിന്റെ സഹതാപ തരംഗത്തിൽ മുന്നോട്ടു നീങ്ങുന്ന, റെക്കോർഡ് ഭൂരിപക്ഷം ലക്ഷ്യമിടുന്ന കോൺഗ്രസിനെ ഞെട്ടിക്കുവാൻ എന്തെല്ലാം ആയുധങ്ങളാണ് സിപിഎം അവനാഴിയിൽ കരുതിയിരിക്കുന്നതെന്ന് ഊഹിച്ചെടുക്കാൻ പോലും സാധ്യമല്ലാത്ത രീതിയിലാണ് കാര്യങ്ങളുടെ നീക്കുപോക്ക്.

രാഷ്ട്രീയ മര്യാദകൾ ലംഘിക്കപ്പെടും? വ്യക്തിപരമായ കടന്നാക്രമണങ്ങൾ പരിധികൾ വിടും?

നിബു ജോൺ സ്ഥാനാർത്ഥിയായാൽ ഒരു കാര്യം ഉറപ്പാണ്. രാഷ്ട്രീയ ഔപചാരികതകളും മര്യാദകളും തിരസ്ക്കരിക്കപെടുന്ന ഒരു തിരഞ്ഞെടുപ്പിനാണ് കേരളം സാക്ഷിയാകാൻ പോകുക. രാഷ്ട്രീയത്തിനതീതമായി വ്യക്തിപരമായ വിഷയങ്ങളിലേക്ക് കാര്യങ്ങൾ എത്തും. ഏറ്റവും നിന്ദ്യവും, നികൃഷ്ടവുമായ ആരോപണങ്ങൾ പോലും ഇരുവശവും എടുത്തുയർത്തിയേക്കാം. ഉമ്മൻചാണ്ടിയുടെ രോഗവും ചികിത്സയും പോലും ചർച്ചാവിഷയം അയേക്കാം.

ഇടത് സ്ഥാനാർഥിയോ സ്വതന്ത്ര സ്ഥാനാർത്ഥിയോ?

ഒരുപക്ഷേ ഈ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് മറ്റൊരു സ്ഥാനാർഥി ഉണ്ടാവുകയും നിബു സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനും സാധ്യതയുണ്ട്. ഉമ്മൻചാണ്ടിയുടെ പാളയത്തിൽ നിന്ന് ഒരാൾ സിപിഎമ്മിന്റെ പ്രത്യക്ഷ പിന്തുണയില്ലാതെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയും അതി രൂക്ഷമായ ആരോപണങ്ങൾ വ്യക്തിപരമായി ചാണ്ടി ഉമ്മനെ ലക്ഷ്യമിട്ട് ഉന്നയിക്കുകയും ചെയ്യുമ്പോൾ അത് ഇടതുപക്ഷത്തിന് മുതൽക്കൂട്ട് ആവാൻ സാധ്യതയുണ്ട്. സിപിഎം രാഷ്ട്രീയ പ്രചരണം നടത്തുകയും വ്യക്തിപരമായ കടന്നാക്രമണത്തിന് സ്വതന്ത്ര സ്ഥാനാർത്ഥിയെ ഉപയോഗിക്കുകയും ചെയ്യുന്ന തന്ത്രമാവും ഒരുപക്ഷേ അണിയിറയിൽ ഒരുങ്ങുന്നത്.

ഓർത്തഡോക്സ് വോട്ടുകൾ ഭിന്നിക്കും, യാക്കോബായ വോട്ടുകൾ ഒന്നിക്കും

നിബു ജോൺ ഉമ്മൻചാണ്ടിയെ പോലെ തന്നെ ഓർത്തഡോക്സ് വിഭാഗത്തിൽ നിന്നുള്ള ആളാണ്. സമുദായപരമായി ഇദ്ദേഹം മത്സരിക്കുകയാണെങ്കിൽ ഓർത്തഡോക്സ് വോട്ടുകൾ ഭിന്നിക്കുകയും ജയ്ക്ക് സി തോമസ് സ്ഥാനാർത്ഥിയാക്കുകയാണെങ്കിൽ യാക്കോബായ വോട്ടുകൾ സമുദായ അംഗമായ അദ്ദേഹത്തിന് അനുകൂലമായി ഒന്നിക്കുകയും ചെയ്യും എന്നും സിപിഎം കണക്കുകൂട്ടുന്നുണ്ടാവാം. കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ പരിതസ്ഥിതിയിൽ യാക്കോബായ വിഭാഗം പൊതുവിൽ സിപിഎം അനുകൂല നിലപാടുകളാണ് കുറച്ചുകാലങ്ങളായി സ്വീകരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഉമ്മൻചാണ്ടിയുടെ കുറഞ്ഞ ഭൂരിപക്ഷം വിലയിരുത്തുമ്പോഴും യാക്കോബായ വിഭാഗം പ്രതികൂലമായി നിന്നു എന്ന വിലയിരുത്തലിനും വിവിധ രാഷ്ട്രീയ നിരൂപകർ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക