തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം വാര്‍ത്തകളില്‍ എത്തുമ്ബോള്‍ പ്രതിസ്ഥാനത്ത് എയര്‍പോര്‍ട്ട് സാജന്റെ മകൻ. തുമ്ബ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഗുണ്ടാസംഘം യുവാവിനെ കൊണ്ട് കാലില്‍ ചുംബിപ്പിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഗുണ്ടാനേതാവ് ഡാനിയും ഇയാളുടെ കൂട്ടാളികളുമാണ് യുവാവിനെ വിളിച്ചുവരുത്തി കാലില്‍ ചുംബിപ്പിച്ചത്.

എര്‍പോര്‍ട്ട് സാജന്റെ മകനാണ് ഡാനി.കഴിഞ്ഞദിവസം വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരില്‍ ഡാനിയും സംഘവും നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച്‌ യുവാവിനെ മര്‍ദിക്കുകയും മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ ഫോണ്‍ തിരികെ നല്‍കാമെന്ന് പറഞ്ഞാണ് യുവാവിനെ തുമ്ബ കരിമണല്‍ മേഖലയിലേക്ക് വിളിച്ചുവരുത്തിയത്. ഫോണ്‍ വാങ്ങാനായി രാത്രി ബൈക്കിലെത്തിയ യുവാവിനെ ഡാനി ഭീഷണിപ്പെടുത്തുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തീരദേശം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് എയര്‍പോര്‍ട്ട് സാജൻ. ദുബായില്‍ അടക്കം ബിനസിനസ്സ് ബന്ധങ്ങളുണ്ട് സാജന്. ഈയിടെ ഓംപ്രകാശുമായുള്ള അടിപിടിക്കേസിനിടെ സാജന്റെ സംഘവും ചര്‍ച്ചകളില്‍ എത്തിയിരുന്നു. ലോക്ഡൗണ്‍ ഡ്യൂട്ടിക്കിടെ വലിയതുറ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് എസ്‌ഐയടക്കം രണ്ട് പൊലീസുകാരെ അടിച്ച കേസില്‍ അടക്കം ഈ ഗ്രൂപ്പിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. പക്ഷേ പൊലീസ് കാര്യമായ ഇടപെടലൊന്നും നടത്താറില്ല.

ഇതിന് പുതിയ മാനം നല്‍കുന്ന വീഡിയോയയാണ് ഇപ്പോള്‍ പുറത്തു വന്നത്. ഫോണ്‍ വേണമെങ്കില്‍ കാലുപിടിക്കണമെന്നായിരുന്നു ഡാനിയുടെ ആദ്യത്തെ ആവശ്യം. ഇതനുസരിച്ച്‌ യുവാവ് കാലില്‍ തൊട്ടപ്പോള്‍ അത് പോര, കാലില്‍ പിടിച്ചുനില്‍ക്കണമെന്നായി. ഒപ്പം കാലില്‍ ചുംബിക്കണമെന്നും ആവശ്യപ്പെട്ടു. ഒടുവില്‍ യുവാവിനെക്കൊണ്ട് കാലുപിടിപ്പിച്ച്‌ ചുംബിപ്പിച്ചശേഷമാണ് ഫോണ്‍ തിരികെ നല്‍കിയത്. ഇതിനിടെ ഡാനിയുടെ കൂട്ടാളികള്‍ യുവാവിനെ മര്‍ദിക്കാൻ തുനിയുന്നുണ്ടെങ്കിലും ഡാനി ഇവരെ തടഞ്ഞുനിര്‍ത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

ഡാനിക്ക് സഹായിയായി ബൈക്കുകളില്‍ എത്തിയ പത്തംഗ സംഘത്തെയും ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രത്തില്‍ കാണാം. നേരത്തേ ഡാനിയും മറ്റു ചിലരുമായി അടിപിടി ഉണ്ടായി. ഇതിന്റെ തുടര്‍ച്ചയായി, ബൈക്കില്‍ എത്തിയ യുവാവിനെ അനന്തപുരി ആശുപത്രിക്കു സമീപം വച്ച്‌ മര്‍ദിച്ചു. തുടര്‍ന്ന് യുവാവിന്റെ കയ്യില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി. താൻ പറയുന്ന സ്ഥലത്തു വന്നാല്‍ ഫോണ്‍ തരാമെന്ന് ഡാനി പറഞ്ഞു. യുവാവ് ബൈക്കില്‍ തുമ്ബയ്ക്കു സമീപം കരിമണലില്‍ രാത്രിയില്‍ എത്തി.

ഈ സമയം ഗുണ്ടാ സംഘവുമായി കാത്തു നിന്ന ഡാനി, യുവാവിനെ തന്റെയടുത്തു വിളിച്ചുവരുത്തി. ‘നിനക്കു മൊബൈല്‍ ഫോണ്‍ വേണമെങ്കില്‍ എന്റെ കാലു പിടിക്കെടാ’ എന്ന് ആക്രോശിച്ചു. യുവാവ് മൂന്നു തവണ ഡാനിയുടെ കാലില്‍ പിടിക്കുന്നതും ദൃശ്യത്തില്‍ കാണാം. ഡാനിയുടെ സംഘത്തില്‍പ്പെട്ടയാള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും. അതേസമയം, സംഭവത്തില്‍ യുവാവ് പരാതി നല്‍കാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.

സ്ഥലത്തെ പ്രധാന ഗുണ്ടയാണ് ഡാനി. നിരവധി ഗുണ്ടാ ആക്രമണ ലഹരിക്കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട് എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇയാള്‍ക്ക് ചില പ്രാദേശിക സി പി എം നേതാക്കളുടെയും പൊലീസിന്റെയും പിന്തുണയുണ്ടെന്നും ആരോപണമുണ്ട്. ഇയാളോടൊപ്പം നില്‍ക്കുന്ന അക്രമി സംഘത്തിന്റെ കയ്യില്‍ വടിവാളും നാടൻ ബോംബും അടക്കമുള്ള ആയുധങ്ങള്‍ പ്രചരിക്കുന്ന വിഡിയോയില്‍ വ്യക്തമായി കാണാം.

അക്രമത്തിനിരയായ യുവാവിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പരാതി ലഭിച്ചിട്ടില്ലെന്നും തുമ്ബ പൊലീസ് പറഞ്ഞു. വീഡിയോയുടെ സത്യാവസ്ഥയെക്കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം എന്നു നടന്നു എന്നതിനെക്കുറിച്ചു വ്യക്തതയില്ല. ദൃശ്യങ്ങള്‍ മുൻകൂട്ടി നിശ്ചയിച്ചു ചിത്രീകരിച്ചതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഈ വാദം കേസില്ലാതാക്കാനാണെന്ന സംശയവും ഉയര്‍ത്തുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക