കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പു ഒരുക്കങ്ങളുടെ ഭാഗമായി തന്ത്രങ്ങള്‍ മെനയാൻ കര്‍ണാടകത്തിലെ വിജയശില്‍പ്പി സുനില്‍ കനഗോലു എത്തും. സിപിഎമ്മിന്റെ കേഡര്‍ സംഘടനാ സംവിധാനത്തെ മറികടക്കണമെങ്കില്‍ പ്രഫഷനല്‍ സംഘങ്ങളുടെ കൂടി സഹായം വേണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഓരോ ലോക്‌സഭാ മണ്ഡലങ്ങളിലെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താൻ കനഗേലുവിന്റെ ടീം സജ്ജമായി രംഗത്തുണ്ടാകും. പിണറായി സര്‍ക്കാറിന്റെ വീഴ്‌ച്ചകള്‍ എണ്ണിപ്പറഞ്ഞു കൊണ്ടു തന്നെയാകും പ്രചരണങ്ങളും.

ഓരോ മണ്ഡലത്തിലും പ്രത്യേകം സര്‍വേ നടത്തിയാകും സ്ഥാനാര്‍ത്ഥി നിര്‍ണയമുള്‍പെടെയുള്ള കാര്യങ്ങളില്‍ അന്തിമതീരുമാനമെടുക്കുക. നിലവിലുള്ള എംപിമാരില്‍ മത്സരിക്കാൻ താല്‍പ്പര്യം ഇല്ലാത്തവരുമുണ്ട്. ഇവരുടെ കാര്യത്തില്‍ അടക്കം പാര്‍ട്ടി തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. അതിന് ഒരു ഡാറ്റാ കളക്ഷനാണ് കനഗേലുവിനെ കളത്തില്‍ ഇറക്കുന്നത് വഴി ഉദ്ദേശിക്കുന്നത്. നേതാക്കളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടല്‍ സജീവമാക്കുന്നതിനു ടൂള്‍ കിറ്റ് തയാറാക്കും. പ്രചാരണവിഷയങ്ങള്‍ പാര്‍ട്ടിയുടെ ഉന്നതാധികാരസമിതികള്‍ക്കൊപ്പം കൂടിയാലോചിച്ചു നിശ്ചയിക്കും. കര്‍ണാടകയില്‍ വിജയകരമായി നടപ്പിലാക്കിയ പേ സിഎം ക്യാംപെയ്ൻ മാതൃകയിലുള്ള നൂതന പ്രചാരണ തന്ത്രങ്ങളും കേരളത്തില്‍ ആവിഷ്‌കരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കര്‍ണാടക സ്വദേശിയായ സുനില്‍ കനഗോലു ബിജെപി, ഡിഎംകെ, അണ്ണാഡിഎംകെ, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ക്കായി ഇതുവരെ 14 തിരഞ്ഞെടുപ്പുകള്‍ കൈകാര്യം ചെയ്തു. കഴിഞ്ഞവര്‍ഷമാണ് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. ഭാരത് ജോഡോ യാത്രയുടെ പിന്നണിയില്‍ സജീവമായിരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കോണ്‍ഗ്രസ് തന്ത്രങ്ങള്‍ രൂപപ്പെടുത്താനും പ്രധാന പങ്കുവഹിച്ചു. തമിഴ്‌നാട്ടില്‍ എം.കെ. സ്റ്റാലിന്റെ ഇമേജ് ഉയര്‍ത്തുന്നതിനിടയാക്കിയ നമുക്കു നാമേ ക്യാംപെയ്‌ന്റെ പിന്നിലെ ബുദ്ധികേന്ദ്രവും സുനിലായിരുന്നു.

ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവര്‍ എന്നിവരാണ് നേതാക്കളുമായി ആശയവിനിമയം നടത്തിയത്. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവര്‍ക്കു പുറമേ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ എം.എം.ഹസൻ, തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ, കെ.സി.ജോസഫ്, എംപിമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. രമേശ് ചെന്നിത്തല ഓണ്‍ലൈനായി പങ്കെടുത്തു. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി ഫോണിലൂടെ യോഗത്തെ അഭിസംബോധന ചെയ്തു. മുൻ കെപിസിസി അധ്യക്ഷരായ വി എം.സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവര്‍ വിട്ടുനിന്നു.

എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.മുരളീധരൻ, എം.കെ.രാഘവൻ, ബെന്നി ബഹനാൻ, ആന്റോ ആന്റണി, ശശി തരൂര്‍, അടൂര്‍ പ്രകാശ്, രാജ്‌മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, ടി.എൻ.പ്രതാപൻ, വി.കെ.ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, രമ്യ ഹരിദാസ്, ജെബി മേത്തര്‍ എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാൻ, എം.ലിജു തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ ആലോചിക്കുന്നുണ്ടെങ്കില്‍ പ്രചാരണത്തിന് അവര്‍ക്കു കുറഞ്ഞത് 3 മാസമെങ്കിലും സമയം അനുവദിക്കണമെന്നും ഇതിനായി സ്ഥാനാര്‍ത്ഥി നിര്‍ണയം നേരത്തേ പൂര്‍ത്തിയാക്കണമെന്നും ശശി തരൂര്‍ നിര്‍ദേശിച്ചു.

തരൂരിനും നിർണായക റോൾ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശശി തരൂരിനും സംസ്ഥാനതലത്തിൽ നിർണായക റോൾ ഉണ്ടാകുമെന്നും സൂചനകളുണ്ട്. നവ കാലഘട്ടത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും കേരളത്തിലെ ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുവാനും തരൂർ നേതൃമുഖം ആകണം എന്ന കാഴ്ചപ്പാട് ദേശീയ നേതൃത്വത്തിൽ ഉണ്ട്. തരൂർ മത്സരിച്ചില്ലെങ്കിൽ തിരുവനന്തപുരം മണ്ഡലം കൈവിട്ടു പോകാൻ ഇടയുള്ളതുകൊണ്ട് അദ്ദേഹം എന്തുവന്നാലും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. എഐസിസി പ്രവർത്തക സമിതി അംഗത്വത്തോടെ തരൂർ തിരുവനന്തപുരത്ത് നിന്ന് മത്സരിക്കുകയും നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും വേണ്ടിവന്നാൽ സംസ്ഥാന നേതൃ മുഖമായി അദ്ദേഹത്തെ തിരികെ എത്തിക്കാനും ആണ് കോൺഗ്രസ് ആലോചന.

അതിനിടെ കേരളത്തിലെ പുനഃസംഘടനാ നടപടികള്‍ സെപ്റ്റംബറിനുള്ളില്‍ പൂര്‍ത്തിയാക്കാനും ലോക്‌സഭാ തിരഞ്ഞെടുപ്പിനു ഒക്ടോബറോടെ തന്നെ സജ്ജമാകാനും തീരുമാനം. മണ്ഡലതല പുനഃസംഘടന നടക്കാത്തതും ബൂത്ത് കമ്മിറ്റികള്‍ ആയില്ലെന്നതും വലിയ പോരായ്മയായി നേതാക്കള്‍ ചൂണ്ടിക്കാട്ടി. സിപിഎമ്മും ബിജെപിയും സംസ്ഥാനത്തു സംഘടനാ സംവിധാനം മെച്ചപ്പെടുത്തിയതും ചിലര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് പുനഃസംഘടന പൂര്‍ത്തിയാക്കാൻ പുതിയ സമയപരിധി തീരുമാനിച്ചത്.ഇതിനിടെ, ഒഴിഞ്ഞുകിടക്കുന്ന ട്രഷറര്‍, വര്‍ക്കിങ് പ്രസിഡന്റ് പദവികളിലേക്കും സംഘടനാ ജനറല്‍ സെക്രട്ടറി പദത്തിലേക്കും ഉടൻ നിയമനം വന്നേക്കും. ട്രഷറര്‍ സ്ഥാനത്തേക്കു മാത്യു കുഴല്‍നാടന്റെയും സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു എം.ലിജുവിന്റെയും പേരുകളാണു പരിഗണിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക