എല്ലാ കാലത്തും നമ്മുടെ സമൂഹത്തില്‍ ഏറ്റവും ബഹുമാനം തേടുന്ന പ്രൊഫഷനുകളില്‍ ഒന്നാണ് ഡോക്ടര്‍മാരുടേത്. എംബിബിഎസ് മോഹവുമായി ഓരോ വര്‍ഷവും എൻട്രൻസ് എഴുതുന്നത് ലക്ഷകണക്കിന് ചെറുപ്പക്കാരാണ്. എൻട്രൻസില്‍ റാങ്ക് നേടിയാലും ഒട്ടും എളുപ്പമല്ല മുന്നോട്ടുള്ള പഠനം. അഞ്ചു വര്‍ഷത്തെ എംബിബിഎസും പിന്നീടുള്ള തുടര്‍പഠനവുമെല്ലാമായി ജീവിതത്തിന്റെ നല്ലൊരു പങ്കും പഠനത്തിനായി മാറ്റിവയ്ക്കേണ്ടി വരും.

അത്രയേറെ കഷ്ടപ്പെട്ടും അധ്വാനിച്ചും നേടിയ എംബിബിഎസ് ബിരുദവും ഡോക്ടര്‍ ജോലിയും ഉപേക്ഷിച്ച്‌ അനിശ്ചിതത്വമേറെയുള്ള സിനിമാലോകത്ത് കരിയര്‍ പടുത്തുയര്‍ത്താനായി ഇറങ്ങിതിരിച്ച ഏതാനും അഭിനേതാക്കളും നമുക്കുണ്ട്. അഭിനയത്തോടുള്ള പ്രണയവും പാഷനുമായി സിനിമയില്‍ സ്വന്തം ചുവടുറപ്പിക്കാനുള്ള നിതാന്ത പരിശ്രമത്തിലാണ് ഈ ചെറുപ്പക്കാരെല്ലാം. മലയാള സിനിമയിലുമുണ്ട് നാലു ഡോക്ടര്‍മാര്‍. സിനിമയില്‍ ഇതിനകം തന്നെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞ ആ നാലു അഭിനേതാക്കള്‍ ആരൊക്കെയാണെന്നല്ലേ?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സായ് പല്ലവി: ജനനം കൊണ്ട് തമിഴ്നാട് സ്വദേശിയാണെങ്കിലും സായ് പല്ലവി മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ കുട്ടിയാണ്. ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ സായ് പല്ലവിയുടെ സിനിമാ അരങ്ങേറ്റം അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെ ആയിരുന്നു. ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ് സായ് പല്ലവി. അഭിനയരംഗത്ത് സജീവമായ കാലത്തു തന്നെയാണ് സായ് പല്ലവി തന്റെ മെഡിസിൻ പഠനം പൂര്‍ത്തിയാക്കിയത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ജോര്‍ജിയയിലെ ടിബിലിസി സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 2016 ലാണ് സായ് പല്ലവി മെഡിക്കല്‍ ബിരുദം നേടിയത്. എന്നാല്‍ ഇതുവരെ താരം ഇതുവരെ ഇന്ത്യയില്‍ മെഡിക്കല്‍ പ്രാക്ടീഷണറായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ഐശ്വര്യ ലക്ഷ്മി: ഐശ്വര്യ ലക്ഷ്മിയും മെഡിസിൻ പഠനം കഴിഞ്ഞാണ് സിനിമയിലേക്ക് വരുന്നത്. എറണാകുളത്തെ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ നിന്നും എം.ബി.ബി.എസ്. ബിരുദം നേടിയ ഐശ്വര്യ ബിരുദ പഠനകാലത്തു തന്നെ മോഡലിംഗ് തുടങ്ങിയിരുന്നു. ഹൗസ് സര്‍ജൻസി ചെയ്തുകൊണ്ടിരിക്കുമ്ബോഴാണ് ആദ്യ സിനിമയിലേക്ക് അവസരം ലഭിച്ചത്. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ ആയിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റചിത്രം. അതിനുമുമ്ബ് പ്രേമം എന്ന ചലച്ചിത്രത്തില്‍ ‘മേരി’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചിരുന്നുവെങ്കിലും പഠനത്തിരക്കുകള്‍ കാരണം അഭിനയിക്കുവാൻ കഴിഞ്ഞില്ല.

മോഡലിംഗില്‍ നിന്നും സിനിമയിലേക്ക് എത്തിയ ഐശ്വര്യ ഇതിനകം തന്നെ നിരവധി വിജയചിത്രങ്ങളിലെ നായികയായി തിളങ്ങിയിട്ടുണ്ട്. മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗര്‍ണമിയും, അര്‍ജന്റീന ഫാൻസ് കാട്ടൂര്‍ക്കടവ്, ബ്രദേഴ്സ് ഡേ, കാണെക്കാണെ, അര്‍ച്ചന 31 നോട്ട് ഔട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ജനപ്രീതി നേടാനും ഐശ്വര്യയ്ക്ക് കഴിഞ്ഞു. ആക്ഷൻ, ജഗമെ തന്തിരം, ഗാര്‍ഗി, ക്യാപ്റ്റൻ, മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡചിത്രം ‘പൊന്നിയിൻ സെല്‍വനി’ലും ഐശ്വര്യ തിളങ്ങി.

റോണി ഡേവിഡ്: റോണി ഡേവിഡാണ് മലയാളസിനിമയിലെ മറ്റൊരു ഡോക്ടര്‍. സേലം വിനായക കോളേജില്‍ നിന്നുമാണ് റോണി എം ബി ബി എസ് പൂര്‍ത്തിയാക്കിയത്. എം ബി ബി എസ് കഴിഞ്ഞ് കുറച്ചുകാലം ചെന്നൈയിലും സൗദി അറേബ്യയിലും റോണി ജോലി ചെയ്തിട്ടുണ്ട്. കിംസ് ആശുപത്രിയില്‍ ഫിസിഷ്യനായി പ്രാക്ടീസ് ചെയ്തിരുന്നു.പഠിയ്ക്കുന്ന കാലത്തുതന്നെ കലാപ്രവര്‍ത്തനങ്ങളില്‍ തത്പരനായ റോണി പ്രീഡിഗ്രിയ്ക്കു പഠിയ്ക്കുന്ന സമയത്ത് ജി ശങ്കരപ്പിള്ളയുടെ ഉമ്മാക്കി എന്ന നാടകത്തില്‍ ഉമ്മാക്കി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച്‌ കേരള സര്‍വ്വകലാശാലയിലെ രണ്ടാമത്തെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കമല്‍ സംവിധാനം ചെയ്ത പച്ചക്കുതിര എന്ന ചിത്രത്തിലൂടെയായിരുന്നു റോണി ഡേവിഡിന്റെ സിനിമ അരങ്ങേറ്റം. ചോക്ക്ലേറ്റ്, കുരുക്ഷേത്ര, ഡാഡികൂള്‍, ആഗതൻ, ചട്ടമ്ബിനാട്, ട്രാഫിക്, ആനന്ദം, ഗ്രേറ്റ് ഫാദര്‍, ഉണ്ട, റോയ്, നിഴല്‍, ചതുര്‍മുഖം, ഫോറൻസിക്, കള്ളൻ ഡിസൂസ, കര്‍ണൻ നെപ്പോളിയൻ ഭഗത് സിംഗ്, സത്യം മാത്രമേ ബോധിപ്പിക്കൂ, വാശി, നല്ല നിലാവുളഅള രാത്രി, 2018 തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടാൻ റോണിയ്ക്കു സാധിച്ചു.

അജ്മല്‍ അമീര്‍: നടൻ അജ്മല്‍ അമീറും മെഡിക്കല്‍ രംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. ഉക്രൈനില്‍ നിന്നുമാണ് അജ്മല്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയത്.പ്രണയകാലം എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു അജ്മല്‍ അമീറിൻറെ സിനിമ അരങ്ങേറ്റം. അഞ്ചാതെ, മാടമ്ബി, കോ, ലോഹം, ടു കണ്‍ട്രീസ്, ബെൻ, നെട്രികണ്‍, പത്താം വളവ്, ഗോള്‍ഡ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക