പൂജ്യത്തില്‍നിന്നു തുടങ്ങി 16,000 കോടിയുടെ ആസ്തിയിലേക്ക്.. അതും വെറും പത്തു വര്‍ഷംകൊണ്ട്! വിശ്വസിക്കാനാകുന്നുണ്ടോ!? റിതേഷ് അഗര്‍വാള്‍ എന്നൊരു ഒഡിഷക്കാരന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥയാണ് പറയുന്നത്. ഒന്നുമില്ലായ്മയില്‍നിന്ന് സ്വയം അധ്വാനിച്ച്‌ ശതകോടീശ്വരന്മാരായി മാറിയ യുവാക്കളുടെ പട്ടികയില്‍ ലോകത്ത് രണ്ടാമനാണ് ഈ 29കാരനിപ്പോള്‍.

ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒയോ റൂംസ് റിതേഷിന്റെ ബുദ്ധിയില്‍ ഉദിച്ച ആശയമാണ്. റിതേഷ് തന്നെ ഇച്ഛാശക്തികൊണ്ട് വിജയത്തിലേക്ക് നയിച്ച ആശയം. അച്ഛനും അമ്മയും എൻജിനീയറാക്കാൻ ഡല്‍ഹിയിലേക്കയച്ച ബാലൻ പഠനം പാതിവഴിയില്‍ നിര്‍ത്തി സ്വന്തം സ്വപ്‌നങ്ങള്‍ക്കു പിന്നാലെ ഓടിയതിന്റെ വിജയസാക്ഷാത്ക്കാരമാണിന്ന് ഒയോയും റിതേഷും. രണ്ടു ബില്യൻ ഡോളര്‍(ഏകദേശം 16,413 കോടി രൂപ) ആണ് റിതേഷിന്റെ ആസ്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യയില്‍ സ്വന്തം അധ്വാനത്തില്‍നിന്ന് ശതകോടീശ്വരന്മാരായി മാറിയ യുവാക്കളുടെ പട്ടികയില്‍ ഒന്നാമനാണ് റിതേഷ്. ബൈജൂസിന്റെ രവീന്ദ്രനും(11,523 കോടി) ഫ്‌ളിപ്കാര്‍ട്ട് സ്ഥാപകരായ ബിന്നി, സച്ചിൻ ബൻസാല്‍ സഹോദരന്മാരും(8,231) ആണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വരുന്നത്.

എൻജിനീയറാകാൻ ഡല്‍ഹിയിലെത്തിയവൻ: കൗമാരത്തിൽ തന്നെ ബിസിനസാണ് തന്റെ രക്തത്തിലുള്ളതെന്ന് മറ്റാര്‍ക്കുംമുൻപേ റിതേഷ് അഗര്‍വാള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 13-ാം വയസില്‍, രാജസ്ഥാനിലെ കോട്ടയിലുള്ള സെന്റ് ജോണ്‍സ് സീനിയര്‍ സെക്കൻഡറി സ്‌കൂളില്‍ പഠനം തുടരുമ്ബോള്‍ തന്നെ സിം കാര്‍ഡ് വിറ്റ് സ്വന്തം കാലില്‍ നില്‍ക്കാനുള്ള വരുമാനം കണ്ടെത്തുകയായിരുന്നു റിതേഷ്.

ഒഡിഷയിലെ റായാഗഢിലെ ചെറിയൊരു പട്ടണമാണ് ജന്മനാട്. അച്ഛൻ രമേശ് അഗര്‍വാളിനു മറ്റു പദ്ധതികളായിരുന്നു. മകനെ എൻജിനീയറാക്കണമെന്നായിരുന്നു അച്ഛൻ ആഗ്രഹിച്ചത്. അങ്ങനെയാണ് ഐ.ഐ.ടി-ജെ.ഇ.ഇ കൂടി ലക്ഷ്യമിട്ട് പത്താം ക്ലാസ് പഠനത്തിനായി ഡല്‍ഹിയിലേക്ക് മകനെ പറഞ്ഞയച്ചത്. എന്നാല്‍, ഡല്‍ഹിയിലെത്തിയ റിതേഷിനു മറ്റു പദ്ധതികളുണ്ടായിരുന്നു. എൻജിനീയറിങ് സ്വപ്‌നങ്ങള്‍ ഒരുഭാഗത്തുവച്ച്‌ സ്വന്തം ബിസിനസുകളെക്കുറിച്ച്‌ ആലോചിച്ചുതുടങ്ങി. കോളജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്‌ പുറത്തിറങ്ങി.

തലവര പോലെ ബിസിനസ് സ്വപ്‌നങ്ങളുമായി പെരുവഴിയിലിറങ്ങിയ റിതേഷിനെ തേടി ലോകത്തെ തന്നെ വിലയേറിയ ഫെലോഷിപ്പുകളൊന്ന് എത്തി. യു.എസ്-ജര്‍മൻ ശതകോടീശ്വരൻ പീറ്റര്‍ തീലിന്റെ ഫൗണ്ടേഷൻ നല്‍കുന്ന തീല്‍ ഫെലോഷിപ്പ് ആയിരുന്നു അത്. ക്ലാസ്‌റൂമുകളുടെ ചുമരുകള്‍ക്കു പുറത്തിറങ്ങി സ്വന്തവും ക്രിയാത്മകവുമായ പുത്തൻ ആശയങ്ങള്‍ നടപ്പാക്കാൻ സ്വപ്‌നം കണ്ടിറങ്ങുന്ന യുവാക്കളെ പിന്തുണയ്ക്കാനായാണ് പീറ്റര്‍ ഈ ഫെലോഷിപ്പിനു തുടക്കമിട്ടത്.

19-ാം വയസിലാണ് റിതേഷ് ഫെലോഷിപ്പിനു തിരഞ്ഞെടുക്കപ്പെടുന്നത്. അന്ന് ഒരു ലക്ഷം യു.എസ് ഡോളര്‍(ഏകദേശം 82 ലക്ഷം രൂപ) ആണ് ഫെലോഷിപ്പ് തുകയായി ലഭിച്ചത്. കിട്ടിയ അവസരം മുതലെടുത്ത് ‘ഒറാവല്‍ സ്റ്റേയ്‌സ്’ എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് ആരംഭിച്ചു. ചെലവ് കുറഞ്ഞ ലോഡ്ജുകളും ഹോട്ടല്‍ മുറികളും തിരയുന്ന യാത്രക്കാരെ ലക്ഷ്യമിട്ടുള്ള ‘വണ്‍ സ്‌റ്റോപ്പ്’ പോര്‍ട്ടലായിരുന്നു ഇത്. 2012 സെപ്റ്റംബറിലാണ് ഹോസ്പിറ്റാലിറ്റി രംഗത്ത് റിതേഷ് ആദ്യ ചുവടുവയ്പ്പ് വയ്ക്കുന്നത്.

ഒറാവലെന്ന കൊച്ചുസ്വപ്‌നം, ഒയോ എന്ന വിപ്ലവം: ഒറാവല്‍ അധികം വൈകാതെ ‘ഒയോ റൂംസ്’ ആയി. 2013 മേയിലാണ് പില്‍ക്കാലത്ത് ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി രംഗത്തെ കുത്തകകളായി മാറിയ ഒയോയ്ക്കു തുടക്കമിടുന്നത്. ഒയോ ഹിറ്റാകാൻ അധികം വേണ്ടിവന്നില്ല. അതിവേഗത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായി മാറി. 2018 സെപ്റ്റംബര്‍ ആകുമ്ബോഴേക്കും കമ്ബനിയുടെ ആസ്തി 8,000 കോടി രൂപയായി കുതിച്ചുയര്‍ന്നു.

ഈ കുതിച്ചുചാട്ടത്തിനു പിന്നില്‍ ഒരൊറ്റപ്പേര്; റിതേഷ് അഗര്‍വാള്‍. ഒരു യുവാവിന്റെ നിശ്ചയദാര്‍ഢ്യം, സമര്‍പ്പണം, ധീരത… ഇതെല്ലാം ചേര്‍ന്നാണ് ഒയോ ഒരു വന്മരമായി മാറുന്നത്. ലോകത്തെ ഒന്നാം നമ്ബര്‍ ഹോട്ടല്‍ ശൃംഖലയാകാനുള്ള യാത്രയിലാണിപ്പോള്‍ ഒയോ. 2016ല്‍ മലേഷ്യയും നേപ്പാളും വഴി ദക്ഷിണേഷ്യയിലും ദക്ഷിണ പൂര്‍വേഷ്യയിലും ചുവടുറപ്പിച്ചു. 2018ല്‍ ബ്രിട്ടൻ, യു.എ.ഇ, ചൈന, സിംഗപ്പൂര്‍, ഇന്തോനേഷ്യ വഴി വലിയ മാര്‍ക്കറ്റുകളിലും പ്രവര്‍ത്തനമാരംഭിച്ചു. ഇപ്പോള്‍ 35 രാജ്യങ്ങളിലായി 1.57 ലക്ഷത്തിലേറെ ഹോട്ടലുകളാണ് ഒയോയ്ക്കു കീഴിലുള്ളത്. 500 നഗരങ്ങളിലായി 3.30 ലക്ഷം മുറികള്‍.

2013ല്‍ സോഫ്റ്റ്ബാങ്കിന്റെ സാമ്ബത്തിക പിന്തുണയോടെയാണ് ഒയോ ആരംഭിക്കുന്നത്. ഇന്നിപ്പോള്‍ 82,307 കോടി രൂപയാണ് കമ്ബനിയുടെ വിപണിമൂല്യം. ചൈനയിലെ രണ്ടാമത്തെ വലിയ ഹോട്ടല്‍ ശൃംഖലയായി മാറിക്കഴിഞ്ഞു ഒയോ. ഈ വര്‍ഷം തന്നെ മേഖലയിലെ മറ്റു കരുത്തരെയെല്ലാം പിന്തള്ളി ലോകത്തെ ഒന്നാമന്മാരാകുകയാണ് റിതേഷ് അഗര്‍വാളും സംഘവും ലക്ഷ്യമിടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക