ആകെ ചെലവ് 3 കോടി; ഇന്നലെ വരെയുള്ള വരവ് 35 ലക്ഷത്തിലധികം: വാഗമണ്ണിലെ കണ്ണാടി പാലവും അഡ്വഞ്ചർ ടൂറിസവും വൻ ഹിറ്റ് – വിശദാംശങ്ങൾ വായിക്കാം.
വാഗമണ്ണിലെ കോലാഹലമേട്ടിലുള്ള അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഇന്നലെ വരെ 11,159 പേരെത്തി. ആകെ 35,67,250 രൂപയാണ് ഇന്നലെ വരെ വരുമാനം. 3 കോടി ചെലവില്‍ നിര്‍മിച്ച കണ്ണാടിപ്പാലത്തിന്റെ വരുമാനം 30 ശതമാനം ഡിടിപിസിക്കും 70 ശതമാനം സ്വകാര്യ കമ്ബനിക്കുമാണ്. ടിക്കറ്റിന് അഞ്ഞൂറ് രൂപ ഈടാക്കിയിരുന്ന ആളുകളേക്കാള്‍ കൂടുതലാണ് 250 രൂപയാക്കിയപ്പോള്‍ ഒഴുകിയെത്തുന്ന സഞ്ചാരികൾ.
എന്തായാലും പ്രവേശനത്തിരക്ക് നിയന്ത്രിക്കാൻ പുതിയ പരിഷ്കാരവുമായി എത്തിയിരിക്കുയാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സില്‍ (ഡിടിപിസി). രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ പ്രവര്‍ത്തിക്കുന്ന കണ്ണാടിപ്പാലത്തിലേക്ക് പ്രത്യേക സമയം ടിക്കറ്റില്‍ രേഖപ്പെടുത്തിയായിരിക്കും ഇനി പ്രവേശനം. കഴിഞ്ഞ ഞായറാഴ്ച അയ്യായിരത്തിലധികം ആളുകളാണ് പാലം കാണാനെത്തിയത്. ഇതോടെ പൊലീസ് എത്തിയാണ് സഞ്ചാരികളെ നിയന്ത്രിച്ചത്. തുടര്‍ന്നാണ് പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയത്.
ഒരു സഞ്ചാരിക്ക് 5 മുതല്‍ 7 മിനിറ്റ് വരെ ചെലവഴിക്കാം: നിലവില്‍ കണ്ണാടിപ്പാലത്തിനു സമീപമായിരുന്ന ടിക്കറ്റ് കൗണ്ടര്‍, മറ്റു സാഹസിക വിനോദങ്ങള്‍ നടക്കുന്ന സ്ഥലത്തേക്കു മാറ്റിയിട്ടുണ്ട്. ഇവിടെ വന്ന് ടിക്കറ്റെടുത്ത്, അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന സമയത്തു മാത്രം പാലത്തിന്റെ സമീപത്തേക്കു കയറ്റി വിടുന്ന രീതിയാണ് നടപ്പാക്കിയത്. ഒരു ദിവസം ഏകദേശം 1000 പേരെ പ്രവേശിപ്പിക്കാൻ കഴിയുന്ന വിധത്തിലാണു ടിക്കറ്റ് വിതരണം ചെയ്യുക. ആദ്യം വരുന്ന 1000 പേര്‍ക്ക് ടിക്കറ്റ് നല്‍കും. രാവിലെ 9 മുതലാണ് ടിക്കറ്റ് വില്‍പന. ഒരു സഞ്ചാരിക്ക് 5 മുതല്‍ 7 മിനിറ്റ് വരെ ചെലവഴിക്കാം. ഒരു സമയം 15 പേര്‍ക്കാണ് പ്രവേശനം.
പാക്കേജുകളും ആനുകൂല്യങ്ങളും നിരക്കുകളും: അഡ്വഞ്ചര്‍ പാര്‍ക്കില്‍ എത്തുന്നവര്‍ക്കായി പുതിയ പാക്കേജ് അവതരിപ്പിച്ച് ഡിടിപിസി. 999 രൂപയുടെ സില്‍വര്‍ പാക്കേജിലാണു തുടക്കം. കണ്ണാടിപ്പാലം, സ്കൈ സൈക്കിള്‍, സിപ്‌ലൈൻ, 360 ഡിഗ്രി സൈക്കിള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 1499 രൂപയുടെ ഗോള്‍ഡ് പാക്കേജില്‍ റോക്കറ്റ് ഇജക്ടര്‍, ഫ്രീഫാള്‍ എന്നിവ അധികമായുണ്ട്. 1999 രൂപയുടെ പ്ലാറ്റിനം പാക്കേജില്‍ അഡ്വഞ്ചര്‍ പാര്‍ക്കിലെ എല്ലാ വിനോദങ്ങളും ആസ്വദിക്കാം.