കോൺഗ്രസിലെ പുതു നേതൃത്വത്തോടുള്ള അസ്വസ്ഥത മൂലം ചില വൈദികളായ രാഷ്ട്രീയ നേതാക്കൾ ഗ്രൂപ്പ് ഭേദമന്യേ ഒന്നിക്കുകയാണ്. ഉമ്മൻ ചാണ്ടി സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങിയതിന് പിന്നാലെ പരമ്പരാഗത വൈരികളായ രമേശ് ചെന്നിത്തല വിഭാഗവുമായി കൈകൊടുത്ത് മുന്നോട്ടുപോവുകയായിരുന്നു എ ഗ്രൂപ്പിലെ അണികൾ ഇല്ലാത്ത നേതാക്കന്മാർ. പഴയ ഗ്രൂപ്പ് മാനേജർമാർ ഒന്നിച്ചു നിന്ന് വിലപേശി സംസ്ഥാന നേതൃത്വത്തെയും ഹൈക്കമാൻഡിനേയും വരുതിയിൽ നിർത്താൻ ശ്രമിക്കുകയും ആദ്യഘട്ടങ്ങളിൽ ഇതിൽ വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് അണികളുടെ വികാരം മനസ്സിലാക്കി നേതൃത്വം ഇവരുടെ വാക്കുകൾക്ക് ചെവി കൊടുത്തില്ല. അതിന്റെ പ്രതിഫലനമാണ് ഇപ്പോൾ ബ്ലോക്ക് പുനസംഘടനയിലും സംഭവിച്ചത്.

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സംസ്ഥാന നേതൃത്വം എടുക്കുന്ന പ്രധാന തീരുമാനങ്ങൾ എല്ലാം ഉമ്മൻചാണ്ടിയുടെ കൂടി അഭിപ്രായം സ്വീകരിച്ച് കൊണ്ടാവും എന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉമ്മൻചാണ്ടിയും ഇപ്പോൾ ഗ്രൂപ്പ് കളി പ്രോത്സാഹിപ്പിക്കുന്നില്ല. തങ്ങൾ വിചാരിക്കുന്നതുപോലെ കാര്യങ്ങൾ നീങ്ങാത്തതുകൊണ്ട് പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് പഴയ ഗ്രൂപ്പ് നേതാക്കൾ ഇപ്പോൾ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബ്ലോക്ക് പുനസംഘടനയുമായി ബന്ധപ്പെട്ട സംസ്ഥാന നേതൃത്വത്തോട് ചെറിയ നീരസം പ്രകടിപ്പിച്ച എം കെ രാഘവൻ വഴി ശശി തരൂരിനെ തങ്ങളുടെ പക്ഷത്ത് എത്തിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ ഇവർ സജീവമാക്കിയിരിക്കുന്നത്. രമേശ് ചെന്നിത്തലയും മറ്റു മാർഗ്ഗങ്ങളില്ലാത്തതിനാൽ ഈ നീക്കത്തെ പിന്തുണയ്ക്കും. എന്നാൽ ഹൈക്കമാന്റുമായി ധാരണയിൽ എത്തിയ തരൂർ വിമത വേഷം കെട്ടാതെ തന്നെ സംസ്ഥാന നേതൃത്വത്തിൽ സ്വീകാര്യത ഉറപ്പാക്കി കഴിഞ്ഞു. അതിനാൽ തന്നെ ഗ്രൂപ്പ് നേതാക്കന്മാരുടെ ചട്ടുകമായി പ്രവർത്തിക്കാൻ അദ്ദേഹം താല്പര്യപ്പെടുന്നില്ല എന്നാണ് ഇപ്പോൾ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.

തെറി പറഞ്ഞു നടന്നവർ കാലു പിടിക്കേണ്ട ഗതികേടിൽ

ശശി തരൂരിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തിയ നേതാക്കളാണ് കെസി ജോസഫും, എം എം ഹസ്സനും, ബെന്നി ബഹനാനുമെല്ലാം. എന്നാൽ സ്വന്തം നിലനിൽപ്പിനുവേണ്ടി ഇപ്പോൾ ഇവരെല്ലാവരും തരൂരിന്റെ കാല് വരെ പിടിക്കാൻ തയ്യാറാണ്. എങ്ങനെയെങ്കിലും ഗ്രൂപ്പ് നേതൃത്വം ഉറപ്പിച്ച് പാർട്ടിയോട് വിലപേശാനാണ് ഈ തത്രപ്പാടുകളൊക്കെ. തരൂരിന് കീഴിൽ പ്രവർത്തിക്കാമെന്ന് രമേശ് ചെന്നിത്തല പറയുന്നതും ആത്മഹത്യാപരമാണ്. കാരണം എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോൾ തരൂരിനെതിരെ പരസ്യപ്രചരണവുമായി രാജ്യമൊട്ടാകെ നടന്ന നേതാവാണ് ചെന്നിത്തല. ഉമ്മൻചാണ്ടി അനുഭാവമുള്ള ഒരു പ്രവർത്തകർക്കും നേതാക്കൾക്കും കെ സി ജോസഫും ബെന്നി ബഹനാനും എം എം ഹസ്സനും ചെന്നിത്തലയോട് കൈകോർത്ത് നിൽക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. കാരണം ഉമ്മൻചാണ്ടിയെ വീഴ്ത്താൻ ഏറ്റവും അധികം കരുക്കൾ നീക്കിയ ഒരു നേതാവിനൊപ്പം നിന്നുകൊണ്ട് ഉമ്മൻചാണ്ടിയുടെ പേരിൽ പാർട്ടിയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് ഉമ്മൻചാണ്ടിയോടുള്ള നെറികേടാണ് എന്ന വികാരം ആണ് കേഡർ സ്വഭാവമുള്ള എ ഗ്രൂപ്പ് അണികൾക്ക് ഉള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക