വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏവരും ആകാംക്ഷയോടെ നോക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ഇത്തവണ എങ്ങനെയും തിരുവനന്തപുരം പിടിക്കണം എന്നാണ് ബി ജെ പിയുടെ ലക്ഷ്യം. അതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരെ മത്സരിപ്പിക്കാന്‍ ബി ജെ പി ആലോചിക്കുന്നതായാണ് വിവരം. 2014 മുതല്‍ മണ്ഡലത്തില്‍ ബി ജെ പിയാണ് രണ്ടാമത്.

തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും ശശി തരൂര്‍ ആയിരുന്നു ജയിച്ചത്. ഇത്തവണയും കോണ്‍ഗ്രസ് ശശി തരൂരിനെ തന്നെയായിരിക്കും മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഇതിന് പ്രതീക്ഷ നല്‍കുന്ന സര്‍വേ ഫലമാണ് ഇപ്പോള്‍ മനോരമ ന്യൂസ് പുറത്ത് വിട്ടിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മനോരമ ന്യൂസ്- വി എംആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേയില്‍ തിരുവനന്തപുരത്ത് ശശി തരൂരിന്റെ ജനപ്രീതിക്ക് ഇടിവില്ല എന്നാണ് പറയുന്നത്.സര്‍വേയില്‍ പങ്കെടുത്ത 52 ശതമാനം പേരും എംപി എന്ന നിലയില്‍ ശശി തരൂരിന്റെ പ്രകടനത്തില്‍ തൃപ്തരാണ്. തരൂരിന്റേത് വളരെ മികച്ച പ്രകടനമെന്ന് 9 ശതമാനം പേരും മികച്ചതെന്ന് 42.29 ശതമാനം പേരും അഭിപ്രായപ്പെട്ടു. 39.71 ശതമാനം പേര്‍ വിലയിരുത്തിയത് ശരാശരി പ്രകടനം എന്നാണ്. തരൂരിന്റെ പ്രകടനം മോശം എന്ന് അഭിപ്രായപ്പെട്ടത് 9 ശതമാനം പേരാണ് എന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നു.

ശശി തരൂരിനെ ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിലും എംപി എന്ന നിലയിലും നിയോജക മണ്ഡലത്തിലെ 91% ജനങ്ങൾ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു എന്നതാണ് യാഥാർത്ഥ്യം. കേരളത്തിൽ മറ്റൊരു കോൺഗ്രസ് നേതാവിനും ഇത്തരത്തിൽ വിപുലമായ ഒരു പിന്തുണ നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്ത് മാത്രമല്ല കേരളമെമ്പാടും സർവ്വേ നടത്തിയാലും ഏകദേശം ഈ കണക്കുകൾ തന്നെയാവും വെളിവാകുക എന്നത് പൊതു ബോധ്യമുള്ള ആർക്കും മനസ്സിലാക്കാവുന്ന കാര്യമാണ്.

കേരളത്തിലെ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പിണറായി വിജയനോളം തലയെടുപ്പുള്ള ഒരു നേതാവിന്റെ അഭാവമാണ് അവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. എ കെ ആൻറണി ദേശീയ രാഷ്ട്രീയത്തിലേക്ക് വഴി മാറിയതും കെ കരുണാകരന്റെ മരണവും കോൺഗ്രസിനെ അധികം ബാധിക്കാതിരുന്നത് ഉമ്മൻചാണ്ടി എന്ന തലയെടുപ്പുള്ള നേതാവിൻറെ സാന്നിധ്യം കൊണ്ടായിരുന്നു. അദ്ദേഹത്തിൻറെ വേർപാടോടു കൂടെ കേരളത്തിൽ എമ്പാടും സ്വീകാര്യതയുള്ള, രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു നേതാവ് സംസ്ഥാന കോൺഗ്രസിന്റെ നേതൃനിരയിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം. ഈ വിടവ് നികത്താൻ കോൺഗ്രസിനു മുന്നിലുള്ള ഏക ഉപാധി ശശി തരൂരാണ്. അദ്ദേഹത്തെ മുന്നിൽ നിർത്തി മാത്രമേ കോൺഗ്രസിന് ഒരു തിരിച്ചുവരവ് സാധ്യമാകൂ എന്ന് വ്യക്തമാക്കുന്നതാണ് മനോരമയുടെ സർവ്വേ ഫലം.

തിരുവനന്തപുരം മണ്ഡലം 2009 മുതല്‍ ശശി തരൂരിന്റെ കോട്ടയാണ്. ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ 99,998 വോട്ടിന് ജയിച്ച തരൂര്‍ 2014 ല്‍ അല്‍പം വിയര്‍ത്താണ് ജയിച്ച്‌ കയറിയത്. 15470 വോട്ടായിരുന്നു അന്ന് ലഭിച്ച ഭൂരിപക്ഷം. എന്നാല്‍ 2019 ല്‍ വീണ്ടും ശശി തരൂര്‍ കരുത്തുകാട്ടി. ബി ജെ പിയിലെ കുമ്മനം രാജശേഖരനെ 99,989 വോട്ടിന് ശശി തരൂര്‍ തോല്‍പ്പിക്കുകയായിരുന്നു. അതേസമയം ഇത്തവണ ബി ജെ പിക്ക് മണ്ഡലത്തില്‍ വലിയ വോട്ട് നഷ്ടമുണ്ടാകും എന്നാണ് പ്രവചനം. ബി ജെ പി വോട്ടില്‍ 3.12 ശതമാനം ഇടിവുണ്ടാകുമെന്ന് മനോരമ ന്യൂസ്- വി എംആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേ പറയുന്നു. യു ഡി എഫ് വോട്ടില്‍ നേരിയ വര്‍ധന (0.15%) ഉണ്ടായേക്കാം എന്നാണ് പ്രവചനം.

എന്നാല്‍ എല്‍ ഡി എഫ് വോട്ട് ഗണ്യമായി വര്‍ധിക്കും എന്നും സര്‍വേ വ്യക്തമാക്കുന്നു. എല്‍ ഡി എഫിന് 3.44 ശതമാനം വോട്ട് വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. യു ഡി എഫും എല്‍ ഡി എഫും തമ്മിലുള്ള വോട്ട് വ്യത്യാസം 12.29 ശതമാനമായിരിക്കും. അതായത് ബി ജെ പിയുടെ തിരുവനന്തപുരത്തെ രണ്ടാം സ്ഥാനത്തിന് ഇത്തവണ എല്‍ ഡി എഫ് കനത്ത വെല്ലുവിളി ഉയര്‍ത്തും എന്നാണ് മനോരമ ന്യൂസ്- വി എംആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേ പറയുന്നത്. എൽഡിഎഫിന്റെ വോട്ട് വർദ്ധന കോൺഗ്രസിനെ ഒരു രീതിയിലും ബാധിക്കുന്നില്ല എന്ന് ബിജെപി വോട്ടുകൾ എൽഡിഎഫിലേക്ക് കുറച്ചധികം ഒഴുകും എന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക