മഹാരാഷ്ട്രയില്‍ അജിത് പവാറിന്‍റെ നേതൃത്വത്തില്‍ രാഷ്ട്രീയ നീക്കമെന്ന അഭ്യൂഹം ശക്തമായതോടെ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടിയന്തര കൂടിക്കാഴ്ചകള്‍ക്കായി സംസ്ഥാനത്തെത്തി. അജിത് പവാറിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം എന്‍ സി പിയുടെ എം എല്‍ എമാര്‍ കൂറുമാറുമെന്ന അഭ്യൂഹം ശക്തമായതോടെയാണ് കെ സി മുംബൈയിലെത്തിയത്.

രാത്രി 8 മണിയോടെ മുംബൈയിലെത്തിയ വേണുഗോപാല്‍ മാതോശ്രീയിലെത്തി ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ ഉദ്ദവുമായി ചര്‍ച്ച കഴിഞ്ഞിറങ്ങിയ കെ സി വേണുഗോപാല്‍ മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങളെക്കുറിച്ച്‌ പ്രതികരിച്ചില്ല. മോദി സര്‍ക്കാരിനെതിരായ പ്രതിപക്ഷ ഐക്യത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്തതെന്നാണ് വേണുഗോപാല്‍ പറഞ്ഞത്. പ്രതിപക്ഷ ഐക്യ നീക്കത്തിലേക്ക് ഉദ്ദവവ് തക്കറെയെ ക്ഷണിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി മുംബൈയിലേക്കില്ലെന്നും ദില്ലിയില്‍ സോണിയ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ രാഹുലും ഒപ്പം ഉണ്ടാകുമെന്നും കെ സി വിശദീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ അജിത് പവാര്‍ ബി ജെ പിക്കൊപ്പം ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 15 ദിവസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ രണ്ട് പ്രധാന രാഷ്ട്രീയ സംഭവവികാസങ്ങള്‍ പ്രതീക്ഷിക്കാമെന്ന പ്രകാശ് അംബേദ്കറുടെ പ്രസ്താവനക്ക് പിന്നാലെയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയം ചൂടുപിടിച്ചത്. എന്‍ സി പിയിലെ എം എല്‍ എമാരെ ബി ജെപി ഒപ്പം നിര്‍ത്തിയാല്‍ ഏക്‌നാഥ് ഷിന്‍ഡെക്ക് മുഖ്യമന്ത്രി കസേരയടക്കം നഷ്ടമാകുമെന്നും വിലയിരുത്തലുകളുണ്ടായിരുന്നു.

എന്‍ സി പിയിലെ എം എല്‍ എമാരുമായെത്തുന്ന അജിത് പവാര്‍ മുഖ്യമന്ത്രിയാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനമല്ല ഉപ മുഖ്യമന്ത്രി സ്ഥാനം ലഭിച്ചാലും അജിത് പവാറിന്‍റെ നീക്കത്തിന് പ്രസക്തിയുണ്ടാകുമെന്ന വിലയിരുത്തലുകളുമുണ്ട്. എന്തായാലും മഹാ’രാഷ്ട്രീയം’ കണ്ടറിയണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക