ഇനി ശശി തരൂരിന് കേരളാ രാഷ്ട്രീയത്തിലും നിറയാം. പ്രവര്‍ത്തക സമിതി അംഗമായി കോണ്‍ഗ്രസ് ശശി തരൂരിനെ ഉയര്‍ത്തുമ്ബോള്‍ കേരളത്തിലെ പാര്‍ട്ടിയിലെ നമ്ബര്‍ വണ്ണായി മാറുകയാണ് തരൂര്‍. സാങ്കേതികമായി നോക്കിയാൽ എ കെ ആന്റണിയും കെസി വേണുഗോപാലും തരൂരിനു മുന്നിലുണ്ടെങ്കിലും ആന്റണി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു കഴിഞ്ഞു. ചേച്ചി വേണുഗോപാൽ ആകട്ടെ ഗാന്ധി കുടുംബത്തിൻറെ വിശ്വസ്തനായി, പ്രതിപക്ഷ പാർട്ടികൾക്കും കോൺഗ്രസിനും ഇടയിലെ പാലമായി, കോൺഗ്രസിന്റെ ഏറ്റവും കരുത്തനായ ട്രബിൾ ഷൂട്ടറായി പല റോളുകളിൽ ദേശീയ നേതൃത്വത്തിന്റെ അവിഭാജ്യ ഘടകമാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ തരൂർ തന്നെയാണ് ഇനി കോൺഗ്രസിൽ ഒന്നാമൻ.

ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തരൂരിനെ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പോലും ഉയര്‍ത്തിക്കാട്ടും. കേരളത്തിലെ നേതാക്കള്‍ക്ക് തരൂരിനോട് താല്‍പ്പര്യക്കുറവുണ്ട്. ഹൈക്കമാണ്ടും പൂര്‍ണ്ണ തൃപ്തരല്ല. പക്ഷേ മുസ്ലിം ലീഗും യുഡിഎഫിലെ മറ്റ് ഘടകകക്ഷികളും കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഉയര്‍ത്തി കാട്ടുന്നത് തരൂരിന്റെ പേരാണ്. മുസ്ലിം ലീഗിന്റെ അനുകൂല നിലപാടാണ് തരൂരിനെ സംഘടനാ തലത്തില്‍ ഉയര്‍ത്തി കൂടെ നിര്‍ത്താൻ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ പ്രേരിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോൺഗ്രസിലെ പ്രായോഗിക രാഷ്ട്രീയക്കാരിൽ ഉമ്മൻചാണ്ടിയുടെ സ്ഥാനമാണ് ഇന്ന് കെസി വേണുഗോപാൽ അലങ്കരിക്കുന്നത്. കേരളത്തിലെ സാഹചര്യങ്ങളെ കുറിച്ച് കൃത്യമായ ബോധ്യം അദ്ദേഹത്തിന് ഉണ്ട്. സമസ്ത മേഖലയിലും തകർച്ചയും, യുവാക്കളുടെയും അഭ്യസ്തവിദ്യരുടെയും കൂട്ടപ്പാലായനവും നേരിടുന്ന കേരളത്തിന്, ഇവിടുത്തെ ജനങ്ങൾക്ക് പരമ്പരാഗത രാഷ്ട്രീയക്കാരിൽ ഉള്ള വിശ്വാസ്യത നഷ്ടപ്പെട്ടു എന്ന് മറ്റാരെക്കാൾ തിരിച്ചറിയുന്നത് കെ സിയാണ്. അതുകൊണ്ടുതന്നെ തരൂരിനെ വർക്കിംഗ് കമ്മിറ്റി അംഗമായി അവരോധിക്കുകയും, യുഡിഎഫിലെ മറ്റു ഘടകകക്ഷികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും, ഹൈന്ദവ ക്രിസ്ത്യൻ മുസ്ലീം ബെൽറ്റുകളുടെ പിന്തുണ ആർജിച്ചു കഴിഞ്ഞ് ശശി തരൂരിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവരോധിക്കുവാനും നേതൃത്വം തത്വത്തിൽ തീരുമാനമെടുത്തു കഴിഞ്ഞു. സാഹചര്യങ്ങളെക്കുറിച്ച് കെ സിക്കുള്ള കൃത്യമായ ബോധ്യങ്ങളാണ് ഇത്തരം തീരുമാനത്തിന് വഴിയൊരുക്കിയത് എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.

എന്തുകൊണ്ട് തരൂർ?

ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ ജനസമ്മതിയുള്ള നേതാവിന്റെ അഭാവം കോണ്‍ഗ്രസിനുണ്ട്. ഈ യാഥാര്‍ത്ഥ്യം ലീഗ് അടക്കം മനസ്സിലാക്കുന്നു. എല്ലാ വിഭാഗം ജനങ്ങളിലും സ്വാധീനമുള്ള നേതാവാണ് തരൂര്‍. യുവാക്കളും തരൂരിന് പിന്നില്‍ അണിനിരത്തുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പദത്തിലേക്ക് തരൂരിനെ ഉയര്‍ത്തിക്കാട്ടിയാല്‍ അത് നേട്ടമാകുമെന്ന് തന്നെയാണ് ലീഗിന്റെ പക്ഷം. ഇത് പലപ്പോഴും പറയാതെ പറയുകയും ചെയ്തിട്ടുണ്ട് ലീഗ്. പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരുമായി അടുത്ത ബന്ധമുള്ള തരൂരിന് പാണക്കാട് കുടുംബത്തിന്റെ പിന്തുണയുണ്ട്. എൻ എസ് എസും തരൂരിനെ പിന്തുണയ്ക്കും. ക്രൈസ്തവ സഭകള്‍ക്കും പ്രിയങ്കരനാണ് തരൂര്‍. അങ്ങനെ കേരളത്തിലെ എല്ലാ വിഭാഗങ്ങളേയും അടുപ്പിക്കാൻ കഴിയുന്ന നേതാവ്.

കേരളത്തിന്റെ വികസന മുന്നേറ്റ രാഷ്ട്രീയത്തില്‍ മാറ്റം കൊണ്ടു വരാൻ തരൂരിന് കഴിയുമെന്ന് കരുതുന്നവര്‍ ഏറെയാണ്. അഴിമതിയുമായി അകലം പാലിക്കുമെന്ന വിശ്വാസവും തരൂരിന്റെ മാറ്റ് കൂട്ടുന്നു. തരൂരിന്റെ പ്രസംഗ വേദിയിലേക്ക് എത്തുന്ന ആളുകളുടെ എണ്ണവും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇപ്പോള്‍ സ്വപ്‌നം കാണാനാകാത്തതാണ്. ജനകീയ അടിത്തറയുള്ള നേതാവാണ് തരൂരെന്ന് പൊതുവേ കേരളം അംഗീകരിച്ചു കഴിഞ്ഞു. കേരളത്തില്‍ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും അതിശക്തമായ വെല്ലുവിളി നേരിടുന്നുണ്ട്. എന്നാല്‍ പ്രതിപക്ഷത്ത് ശക്തനായ നേതാവില്ലെന്ന തോന്നല്‍ സിപിഎമ്മിന് ഒരിക്കല്‍ കൂടി ഭരണ തുടര്‍ച്ച നല്‍കിയേക്കുമെന്ന ചര്‍ച്ചകളും സജീവമാണ്. ഇടതു സാസ്‌കാരിക പ്രവര്‍ത്തകര്‍ പോലും മാറി ചിന്തിക്കുന്നതിന് തെളിവാണ് കവി സച്ചിദാനന്ദന്റെ വെളിപ്പെടുത്തല്‍. ഇത്തരം ശബ്ദങ്ങളെ കോണ്‍ഗ്രസിന് അനുകൂലമാക്കി മാറ്റാൻ തരൂരിന് കെല്‍പ്പുണ്ട്. അങ്ങനെ പിണറായിക്ക് ബദല്‍ തരൂര്‍ എന്ന തരത്തിലേക്ക് പ്രതിപക്ഷത്തെ ചര്‍ച്ചകള്‍ മാറി.

മാറുന്നത് സംസ്ഥാന കോൺഗ്രസിലെ അധികാര സമവാക്യങ്ങൾ

രണ്ടാം പിണറായി സർക്കാർ പകുതി ദൂരം പിന്നിട്ടതോടെ ജനങ്ങൾ സർവ്വ പ്രതീക്ഷയും നഷ്ടപ്പെട്ടിരിക്കുകയാണ്. എന്നാൽ കോൺഗ്രസിൽ സതീശൻ – സുധാകരൻ എന്ന നിലയിൽ വരുത്തിയ നേതൃത്വ ഘടന വിചാരിച്ചത്ര പ്രയോജനം പാർട്ടിക്ക് നേടി കൊടുത്തില്ല. അതുകൊണ്ടുതന്നെ ഹൈക്കമാൻഡ് ആശീർവാദത്തോടെ തരൂരെത്തുമ്പോൾ സംസ്ഥാന കോൺഗ്രസിലെ അധികാര സമവാക്യങ്ങളിൽ ഇനി മാറ്റം ഉണ്ടാവും. എല്ലാ വിഷയത്തിലും ഇനി അദ്ദേഹത്തിൻറെ അഭിപ്രായം കൂടി തേടേണ്ടി വരും. അങ്ങനെ വളരെ സ്വാഭാവികമായി തന്നെ ശശി തരൂർ പ്രതിപക്ഷത്തിന്റെ നേതൃമുഖമായി കേരള മുഖ്യമന്ത്രി പദവിയിലേക്ക് ഒരു ചുവടു കൂടി അടുത്തു എന്ന് നിസംശയം വിലയിരുത്താം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക