ശിവസേനയിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള അയോഗ്യത തര്‍ക്കത്തില്‍ ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിന് അനുകൂലമായി മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറുടെ വിധി. ഷിന്‍ഡെ വിഭാഗമാണ് യാഥാര്‍ത്ഥ ശിവസേനയെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ ഷിന്‍ഡെ വിഭാഗം എം.എല്‍.എമാര്‍ അയോഗ്യരല്ലെന്ന് വിധിച്ചു. പാര്‍ട്ടി നേതാവ് ഏക്‌നാഥ് ഷിന്‍ഡെയാണെന്നും സ്പീക്കറുടെ വിധിയില്‍ പറയുന്നു.

ഷിന്‍ഡെ അടക്കം ആദ്യഘട്ടത്തില്‍ കുറുമാറിയ 16 വിമതരെ അയോഗ്യരാക്കാന്‍ തക്കതായ കാരണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഉദ്ധവ് താക്കറെ പക്ഷത്തെ ചീഫ് വിപ്പ് ആയിരുന്ന സുനില്‍ പ്രഭുവിനെ മാറ്റിയ ശേഷം ഷിന്‍ഡെ പക്ഷത്തെ ഭരത് ഗോഗാവ് ലെയെ ചീഫ് വിപ്പ് ആക്കിയ നടപടിയും അംഗീകരിക്കുന്നു. ശിവസേനയിലെ ഭുരിപക്ഷം എം.എല്‍.എമാരും ഷിന്‍ഡെയോടൊപ്പമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ ഭൂരിപക്ഷ തീരുമാനം പാര്‍ട്ടിയുടെ തീരുമാനമാണ്. ശിവസേനയുടെ പരമോന്നത സമിതി പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവാണെന്ന് ഭരണഘടനയില്‍ പറയുന്നുണ്ട്. എന്നാല്‍ ശിവസേന പ്രമുഖന്‍ എന്ന നിലയില്‍ ഉദ്ധവ് താക്കറെയുടെ തീരുമാനമാണ് പാര്‍ട്ടി തീരുമാനമെന്ന താക്കറെ വിഭാഗത്തിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ല. സ്പീക്കര്‍ വ്യക്തമാക്കുന്നു.ഉദ്ധവ് വിഭാഗം തങ്ങളുടെ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ അടിസ്ഥാനമാക്കിയത് 2018 ലെ ശിവസേന ഭരണഘടനയാണ്.

എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ 1999 ലെ പാര്‍ട്ടി ഭരണഘടനയാണുള്ളതെന്ന് ചൂണ്ടിക്കാട്ടി താക്കറെ വിഭാഗത്തിന്റെ വാദം അംഗീകരിക്കാനാകില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. 2022 ലെ ശിവസേന പ്രതിസന്ധി വേളയില്‍ ഉദ്ധവ് താക്കറെ ഏകപക്ഷീയമായ തീരുമാനമാണ് കൈക്കൊണ്ടത്. പ്രതിസന്ധി ഘട്ടത്തില്‍ കൂട്ടായ തീരുമാനമെടുക്കണമെന്ന 1999 ലെ ഭരണഘടനയുടെ ലംഘനമാണിത്. സ്പീക്കര്‍ വ്യക്തമാക്കി.

2022 ജൂണിലാണ് ശിവസേനയില്‍ പിളര്‍പ്പുണ്ടായി ഷിന്‍ഡെ പക്ഷം ബി.ജെ.പി ചേരിയിലേക്ക് മാറിയത്. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന് സുപ്രീം കോടതി സ്പീക്കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരമുള്ള നടപടികള്‍ അനിശ്ചിതമായി വൈകിപ്പിക്കാന്‍ സ്പീക്കര്‍ക്ക് കഴിയില്ലെന്നും കോടതി പുറപ്പെടുവിച്ച നിര്‍ദേശങ്ങളോട് ബഹുമാനം പുലര്‍ത്തണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.അയോഗ്യത സംബന്ധിച്ച വിഷയവുമായി ബന്ധപ്പെട്ട് 34 പരാതികളാണ് സ്പീക്കര്‍ക്ക് ലഭിച്ചത്. ഈ പരാതികളെ ആറാക്കി തിരിച്ചാണ് സ്പീക്കര്‍ തീരുമാനമെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക