അയോധ്യയിലെ പുതിയ ശ്രീരാമക്ഷേത്രത്തിൽ രാംലല്ലയുടെ പ്രാണ പ്രതിഷ്ഠ നടത്തി നരേന്ദ്ര മോദിയും ബിജെപിയും ഉറപ്പിക്കുന്നത് അധികാരത്തിൽ തുടർച്ചയായ മൂന്നാം ഊഴമാണ്. മോദിയുടെ വ്യക്തിപ്രഭാവത്തിനു മുന്നിലും, അമിത് ഷായുടെ ചാണക്യതന്ത്രങ്ങൾക്ക് മുന്നിലും, ആർഎസ്എസിന്റെ സംഘടനാ പാടവത്തിനു മുന്നിലും പിടിച്ചുനിൽക്കണമെങ്കിൽ കോൺഗ്രസിന് രാഹുൽ ഗാന്ധിയുടെ ഒറ്റയാൾ പോരാട്ടം മതിയാവില്ല. കോൺഗ്രസ് എന്ന രാജ്യത്തെ ‘ഗ്രാൻഡ് ഓൾഡ് പാർട്ടിക്ക്’ അതിന്റെ ഗ്രാൻഡ് ഓൾഡ് ലീഡർഷിപ്പിൽ നിന്ന് മോചനവും കൃത്യമായ ഒരു പ്രത്യയശാസ്ത്ര അടിത്തറയും ഉണ്ടെങ്കിൽ മാത്രമേ ഇനി പിടിച്ചുനിൽപ്പിന് വകുപ്പുള്ളൂ.

ബ്രിട്ടീഷുകാരുടെ തോക്കിനു മുന്നിൽ പിന്തിരിഞ്ഞോടാത്ത പൂർവികരുടെ വീരസ്യം പറഞ്ഞ് അടിത്തറ ഇളകുന്ന തറവാട്ട് വീട്ടിൽ ഒരു പണിക്കും പോകാതിരിക്കുന്നവരെ പോലെയാണ് ഇന്നത്തെ പാർട്ടിയുടെ നേതൃനിര. പരസ്പര വിശ്വാസം ഇല്ലാത്ത, പരസ്പര വിരുദ്ധ താല്പര്യങ്ങൾ ഉള്ള ഒരുപറ്റം പ്രാദേശിക പാർട്ടികൾ ഒരുമിച്ച് ചേർന്ന് ഇന്ത്യ മുന്നണി എന്ന പേരിട്ടിട്ട് ബിജെപിക്കെതിരെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയാൽ കഴിഞ്ഞതവണത്തെതിനേക്കാൾ ദുർബലമാകും ഇത്തവണത്തെ സ്ഥിതി എന്ന് സുനിശ്ചിതമാണ്. ബിജെപി മുന്നോട്ടുവയ്ക്കുന്ന ഹൈന്ദവ രാഷ്ട്രീയ പ്രത്യയശാസ്ത്രവും, വികസനം മോഡലുകളും, ഡിജിറ്റൽ ഇന്ത്യയും, വിദേശ നയതന്ത്ര രംഗത്ത് രാജ്യം കൈവരിച്ചിട്ടുള്ള മേധാവിത്വവും, രാജ്യത്തേക്ക് ഒഴുകുന്ന ലക്ഷക്കണക്കിന് കോടി രൂപയുടെ വിദേശനിക്ഷേപവും ഉൾപ്പെടെ നിരവധി അനവധി മേന്മകൾ ചൂണ്ടിക്കാട്ടി ബിജെപി പൊതു തെരഞ്ഞെടുപ്പിനെ സമീപിക്കാൻ ഒരുങ്ങുമ്പോൾ മൃദുഹിന്ദുത്വവും ന്യൂനപക്ഷ പ്രീണനവും ഒരേ പാത്രത്തിൽ വിളമ്പി അവിയലും അവലോസുണ്ടയും ചേർത്ത് ഒരു ഭക്ഷണക്രമം സൃഷ്ടിക്കാനുള്ള വിഫല ശ്രമമാണ് കോൺഗ്രസിന്റെത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിജെപിയുടെ ഹൈന്ദവദേശീയതയ്ക്ക് മുന്നിൽ ഇന്ത്യൻ ദേശീയത എന്ന പ്രത്യയശാസ്ത്ര അടിത്തറ പടുത്തുയർത്തിയാൽ മാത്രമേ കോൺഗ്രസിന് പ്രസക്തി നിലനിർത്താനാവൂ. എന്നാൽ അതിന് കാഴ്ചപ്പാടും ഇച്ഛാശക്തിയും ഉള്ള ഒരു നേതൃത്വം ദേശീയതലത്തിലും വിവിധ സംസ്ഥാന തലങ്ങളിലും ഉണ്ടാക്കേണ്ടിയിരിക്കുന്നു. സ്തുതിപാടകരുടെ സംഘത്തെ ചുറ്റും നിർത്തി ഊരു ചുറ്റുന്ന രാഹുൽ ഗാന്ധി അല്ല നരേന്ദ്ര മോദിക്കുള്ള മറുപടി. രാഹുൽ ഗാന്ധി എന്ന ഇന്ദിരയുടെ കൊച്ചുമകനിൽ നിന്ന്, രാജീവിന്റെ മകനിൽ നിന്ന് കോൺഗ്രസിന് ലഭിക്കേണ്ടത് ജീവശ്വാസമാണ്. അത് നൽകണമെങ്കിൽ അദ്ദേഹം കൂടുതൽ പക്വത ആർജിക്കുകയും മോദി വിമർശനത്തിനപ്പുറം രാഷ്ട്രീയ തന്ത്രങ്ങളും മെയ് വഴക്കവും ആർജിച്ചെടുക്കുകയും ചെയ്യണം. ന്യൂനപക്ഷ പ്രീണനമല്ല ന്യൂനപക്ഷ സംരക്ഷണം ആകണം കോൺഗ്രസ് നിലപാട്. ബിജെപിയുടെ വർഗീയ ഹിന്ദുത്വത്തിന് ബദലായി കോൺഗ്രസിന്റെ സാംസ്കാരിക ഹിന്ദുത്വം വളർത്തിയെടുക്കണം.

വികസനം ഗ്രാമങ്ങളിലേക്ക് എത്തിക്കാൻ കഴിയാതെ പോയത് യുപിഎ ഭരണത്തിന്റെ വലിയ പോരായ്മകളിൽ ഒന്നാണ്. കോൺഗ്രസ് നടപ്പാക്കിയതിന്റെ പതിന്മടങ്ങ് ഇന്ധന വിലവർധനവ് നടപ്പാക്കിയിട്ടും ബിജെപിയുടെ മുഖം നഷ്ടപ്പെടാതെ അവർ പിടിച്ചു നിൽക്കുന്നത് രാജ്യത്തെ ജനങ്ങളുടെ കീശയിലേക്ക് നേരിട്ട് എത്തുന്ന ക്ഷേമ പദ്ധതികളും, ത്വരിത വേഗതയിൽ ഇച്ഛാശക്തിയോടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ അവർ നടപ്പാക്കപ്പെടുന്ന ദൃശ്യമായ വികസനവും മൂലമാണ്. ബിജെപി വിജയത്തിന് ഏക കാരണമായി വർഗീയ വാദം ഉയർത്തുന്ന കോൺഗ്രസ് ഈ യാഥാർത്ഥ്യങ്ങൾ കാണാതെ പോകുന്നു. ദക്ഷിണേന്ത്യയിലെ പ്രധാന സഖ്യകക്ഷിയായി കോൺഗ്രസ് കരുതുന്ന ഡിഎംകെയും അവരുടെ നേതാവ് സ്റ്റാലിനും അറിഞ്ഞും ആശീർവദിച്ചും രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ഡിഎംകെ പ്രതിനിധിയായ കേന്ദ്രമന്ത്രി എ രാജ നടത്തിയ ടുജി സ്പെക്ട്രം അഴിമതി രാഷ്ട്രീയമായി തിരിച്ചടിയായത് കോൺഗ്രസിന് മാത്രം ആണെന്ന തിരിച്ചറിവ് പോലും പാർട്ടിക്ക് ഉണ്ടായിട്ടില്ല.

തെലുങ്കാന വിജയിച്ചു കയറിയത് രാഹുൽ ഗാന്ധി പ്രഭാവം കൊണ്ടല്ല മറിച്ച് രേവന്ത് റെഡ്ഡിയുടെ കഠിനാധ്വാനം കൊണ്ടാണെന്നും, സിദ്ധരാമയ്യയ്ക്ക് എത്രമാത്രം ജനകീയതയുണ്ടെങ്കിലും ഡി കെ ശിവകുമാറിനെ പോലൊരു നേതാവിലേക്ക് കർണാടകയിൽ തലമുറ മാറ്റം നടക്കേണ്ടത് ഉണ്ടെന്നും, അശോക് ഗെലോട്ടും, കമൽനാഥും, ദിഗ് വിജയ് സിങ്ങും എ കെ ആന്റണിയും എല്ലാം ഭൂതകാലത്തിന്റെ നിഴലുകൾ മാത്രമാണെന്നും ഗാന്ധി കുടുംബാംഗങ്ങൾ കഴിഞ്ഞാൽ പാർട്ടിയിൽ സർവ്വശക്തനായ കെ സി വേണുഗോപാൽ എന്ന ദക്ഷിണേന്ത്യക്കാരന് ഉത്തരേന്ത്യൻ മണ്ണിൽ ഒരു പരിധിക്ക് മുകളിലുള്ള അംഗീകാരം ലഭിക്കില്ല എന്നും തിരിച്ചറിവുണ്ടാകേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു.

ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി പാളയം വിട്ടപ്പോൾ ഒന്നും സംഭവിച്ചില്ല എന്ന് വീമ്പ് പറഞ്ഞ കോൺഗ്രസ് ഇപ്പോൾ പോലും ഒരു ആത്മ പരിശോധനയ്ക്ക് തയ്യാറല്ല. സച്ചിൻ പൈലറ്റ് എന്ന യുവ നേതാവ് ആഗ്രഹിക്കുന്നത് എഐസിസി ജനറൽസെക്രട്ടറി പദവിയല്ല മറിച്ച് സ്വന്തം മണ്ണിൽ, രാജസ്ഥാനിൽ ഒറ്റയ്ക്ക് പാർട്ടിയെ പടുത്തുയർത്താൻ ഉള്ള അവസരമാണെന്നും കോൺഗ്രസിന് ബോധ്യപ്പെടുന്നില്ല. സ്വന്തം അണികളെയും എംഎൽഎമാരെയും പിടിച്ചുനിർത്താൻ പോലും ശക്തി ഇല്ലാത്ത ദുർബലരായി മാറി മഹാരാഷ്ട്രയിലെ പടക്കുതിരകളായ ഉദ്ദവ താക്കറെയും, ശരത് പവാറും എന്നും മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയും ഇന്നത്തെ കോൺഗ്രസ് നേതൃത്വത്തിന് ഇല്ല.

അഖിലേന്ത്യാ തലത്തിലെ സിപിഎം നയങ്ങൾ തീരുമാനിക്കുന്നത് സീതാറാം യെച്ചൂരി അല്ല മറിച്ച് ബിജെപിയുമായി ശക്തമായ അന്തർധാര നിലനിർത്തുന്ന പിണറായി വിജയനാണ് എന്ന ബോധമില്ലാതെ ബംഗാളിൽ മമതയെ വെറുപ്പിക്കുന്ന കോൺഗ്രസ് ബുദ്ധിശൂന്യതയാണ് കാട്ടുന്നത്. മമതയോട് ചേർന്നു നിന്നാൽ രണ്ട് സീറ്റ് എങ്കിലും ലഭിക്കുമെന്ന പ്രായോഗിക രാഷ്ട്രീയം സ്വീകരിക്കുകയോ, ആത്മാഭിമാനം അടിയറവ് വെച്ച് ഒരു സീറ്റ് പോലും വേണ്ട മറിച്ച് ഒറ്റയ്ക്ക് മത്സരിക്കാമെന്ന ആർജ്ജവം കാട്ടുകയോ ചെയ്യാൻ കോൺഗ്രസിന് മുന്നിൽ അവസരങ്ങൾ ഉണ്ട്. പക്ഷേ തീരുമാനങ്ങൾ വെച്ചു വൈകിക്കുമ്പോൾ അത് പ്രവർത്തകരുടെ ആത്മവീര്യം ചോർത്തുമെന്ന ബോധ്യവും പാർട്ടി നേതൃത്വത്തിന് ഉണ്ടാവണം.

ബിഹാറിൽ നിതീഷും, ലാലുവിന്റെ മക്കളും, ഉത്തർപ്രദേശിൽ അഖിലേഷും കോൺഗ്രസിന് നാളെകളിൽ സ്വായത്തമാക്കാവുന്ന വോട്ട് ബാങ്കുകളെയാണ് ആശ്രയിക്കുന്നത് എന്ന് തിരിച്ചറിവും പാർട്ടിക്കുണ്ടാവേണ്ടതാണ്. എന്തായാലും അധികാരം ലഭിക്കില്ല എന്ന് ഉറപ്പുള്ളപ്പോൾ ഒറ്റയ്ക്ക് നിന്ന് പോരാടുകയും, പ്രാദേശിക കക്ഷികൾ സ്വന്തം മണ്ണിൽ ദുർബലപ്പെടുമ്പോൾ അത് അവസരമായി കണ്ട് ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷമായി ഉയർന്നു വരികയും ചെയ്യാനുള്ള സുവർണ്ണാവസരങ്ങൾ കളഞ്ഞുകുളിച്ച് സർവ്വനാശത്തിലേക്ക് ചീറിപ്പാഞ്ഞ് അടുക്കുന്ന ആൾക്കൂട്ടമായി കോൺഗ്രസ് അധപതിക്കരുത് കാരണം അത് ഇന്ത്യൻ ജനാധിപത്യത്തിന് വലിയ ദൂഷ്യമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക