കോട്ടയം മണിമലയില്‍ വാഹനാപകടത്തില്‍ സഹോദരങ്ങൾ മരണമടഞ്ഞ സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. മണിമലയില്‍ ആക്‌ടീവ സ്‌കൂട്ടറും ഇന്നോവയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സ്‌കൂട്ടര്‍ യാത്രക്കാരായ മണിമല പതാലിപ്ലാവ് കുന്നുംപുറത്ത് താഴെ യോഹന്നാന്‍ മാത്യുവിന്റെ മകന്‍ ജിന്‍സ് ജോണ്‍ (31), സഹോദരന്‍ ജിസ് (25) എന്നിവരാണ് മരിച്ചത്. ഇവരുടെ വാഹനവുമായി കൂട്ടിയിടിച്ചത് ജോസ് കെ മാണിയുടെ അധീനതയിലുള്ള ഇന്നോവ കാർ ആണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്

മണിമലയിലെ വാഹനാപകടം വലിയ വാർത്തയായിരുന്നു എങ്കിലും സ്കൂട്ടറുമായി കൂട്ടിയിടിച്ച വാഹനത്തെക്കുറിച്ച് വിവരങ്ങൾ ഒന്നും പുറത്തു വന്നിരുന്നില്ല. KL 07 CC 1717 രജിസ്റ്റർ നമ്പറിലുള്ള ഇന്നോവ കാറുമായി യുവാക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നോവയുടെ ഡ്രൈവറെ പ്രതിയാക്കി കേസും എടുത്തിട്ടുണ്ട്. ഡ്രൈവർ അപകടകരമായും ഉദാസീനമായും മനുഷ്യജീവന് അപകടം വരത്തക്കവിധം വാഹനം ഓടിച്ചു എന്നാണ് എഫ്ഐആറിൽ പോലീസ് കുറിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് സേവ്യർ മാത്യു എന്ന വ്യക്തിയുടെ പേരിലാണ്. ഇദ്ദേഹം ജോസ് കെ മാണിയുടെ സഹോദരി ഭർത്താവാണ്. ജോസ് കെ മാണിക്ക് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സിന്തറ്റിക് റബ്ബർ ഇറക്കുമതി സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ കൂടിയാണ് സേവ്യർ മാത്യു. എഫ്ഐആറിൽ പ്രതിയായി ചേർത്തിരിക്കുന്നത് ഇന്നോവയുടെ ഡ്രൈവർ പ്രായം 45 എന്നാണ്. എന്നാൽ മണിമല പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ പ്രായം കൊടുത്തെങ്കിൽ മാത്രമേ എഫ്ഐആർ കമ്പ്യൂട്ടറിൽ എൻറർ ചെയ്യാൻ പറ്റുകയുള്ളൂ അതുകൊണ്ട് വെറുതെ ഒരു പ്രായം കൊടുത്തതാണ് എന്നും പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്നും പ്രതി കേസിൽ ജാമ്യം എടുത്തിട്ടില്ല എന്നുമാണ് മണിമല എസ് എച്ച് ഒ വ്യക്തമാക്കിയത്.

ഓടിച്ചിരുന്നത് ജോസ് കെ മാണിയുടെ മകനോ?

വിശ്വസനീയമായ തെളിവുകൾ ഒന്നും ഈ അവസരത്തിൽ ലഭ്യമല്ലെങ്കിലും ജോസ് കെ മാണിയുടെ മകൻ തന്നെയാണ് വാഹനമോടിച്ചിരുന്നത് എന്നും പോലീസ് ഇയാളെ സഹായിക്കാനാണ് പ്രതിയെ ഇതുവരെ ഐഡന്റിഫൈ ചെയ്തിട്ടില്ല എന്ന് പറയുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. ഇത് മറച്ചുപിടിക്കുന്നതിന് പോലീസ് കൂടി കൂട്ടു നിന്നാണ് ഡ്രൈവറുടെ പേര് വിവരങ്ങൾ എഫ്ഐആറിൽ ചേർക്കാത്തതെന്നും പ്രായം തെറ്റായി നൽകിയതെന്നും ആക്ഷേപവും ഉയരുന്നുണ്ട്. കമ്പ്യൂട്ടറിൽ വെറുതെ ഒരു പ്രായം എന്റർ ചെയ്തത് ആണ് എന്ന് എസ് എച്ച് ഒ പറയുമ്പോൾ തന്നെ കള്ളക്കളികൾ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഡ്രൈവറെ 24 മണിക്കൂറിനുള്ളിൽ പോലും ഐഡന്റിഫൈ ചെയ്യാത്തത് ഗുരുതരമായ കൃത്യവിലോപമാണ്. ഏതെങ്കിലും കാരണവശാൽ ഡ്രൈവർ മദ്യം പോലുള്ള ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ 24 മണിക്കൂറുകൾ പിന്നിടുന്നതോടെ അത് ശാസ്ത്രീയമായി തെളിയിക്കാനുള്ള സാധ്യതകളും ഇല്ലാതാക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക