കൊച്ചി: ബ്രഹ്‌മപുരത്തെ ബയോ മൈനിങ്ങിന്റെ പ്രധാന കരാര്‍ സി.പി.എം. നേതാവിന്റെ ബന്ധുവിന് കൊടുത്തപ്പോള്‍, ഉപ കരാര്‍ കോണ്‍ഗ്രസ് നേതാവ് മകനുവേണ്ടി പിടിച്ചെടുത്തു എന്ന് ആരോപണം. ബ്രഹ്‌മപുരത്തുനിന്ന് മാലിന്യക്കൂമ്ബാരം വേര്‍തിരിച്ച്‌ കൊണ്ടുപോകാനുള്ള 55 കോടിയുടെ കരാര്‍ ഇടതുമുന്നണി മുന്‍ കണ്‍വീനർ വൈക്കം വിശ്വന്റെ മരുമകൻ ഉള്‍പ്പെടെയുള്ളവരുടെ സ്ഥാപനമായ ‘സോണ്ട ഇന്‍ഫ്രാ ടെക് ‘ എന്ന കമ്ബനിക്കാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് നിര്‍മിക്കാനും മാലിന്യം ബയോ മൈനിങ് ചെയ്യാനുള്ള കരാറും കൊടുത്തിരിക്കുന്നത് അവര്‍ക്കുതന്നെ.

എന്നാല്‍, കരാര്‍ ഏറ്റെടുത്ത് കമ്ബനി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ ഉടക്കുകള്‍ വന്നു. കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയാണ് തന്റെ അനുയായികളെക്കൊണ്ട് ‘ഉടക്കു’വെച്ചത്. അപ്പോള്‍, അദ്ദേഹത്തിന്റെ മകനുള്‍പ്പെടുന്ന കമ്ബനിക്ക് ഉപ കരാര്‍ നല്‍കി പ്രശ്നം ‘സെറ്റില്‍’ ചെയ്തു. എറണാകുളത്തെ മുതിർന്ന കോൺഗ്രസ് നേതാവ് എൻ വേണുഗോപാലും മകൻ വിഗ്നേഷ് വേണുഗോപാലും ആണ് ആരോപണ നിഴലിൽ നിൽക്കുന്ന കോൺഗ്രസുകാർ. ആരോപണങ്ങളെ തള്ളി എൻ വേണുഗോപാൽ രംഗത്ത് എത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബ്രഹ്‌മപുരത്തെ മാലിന്യക്കൂമ്ബാരത്തിനു തീപടരുന്നത് പതിവായപ്പോള്‍, ഹരിത ട്രിബ്യൂണല്‍ ഇടപെട്ടിട്ടാണ് മാലിന്യമല നീക്കാന്‍ ബയോ മൈനിങ്ങിന് ഉത്തരവിട്ടത്. കോര്‍പ്പറേഷനുമായി ‘സോണ്ട ഇന്‍ഫ്രാ ടെക് ‘ ഉണ്ടാക്കിയ കരാറില്‍ ഉപ കരാര്‍ നല്‍കാന്‍ വ്യവസ്ഥയില്ലെന്ന ആരോപണവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തുവന്നിട്ടുണ്ട്.

2021 ജൂലായിലാണ് കമ്ബനിയെ പ്രവൃത്തി ഏല്പിച്ചത്. ഒമ്ബതുമാസംകൊണ്ട് മാലിന്യം നീക്കി സ്ഥലം തിരികെ നല്‍കണമെന്നായിരുന്നു വ്യവസ്ഥ.എന്നാല്‍, മാലിന്യം അതിനുള്ളില്‍ നീക്കാനായില്ല. ഇതേ തുടര്‍ന്ന് 2023 ജൂലായ് വരെ സമയം നീട്ടി നല്‍കിയിരിക്കുകയാണ്. ഇതിനിടെ കമ്ബനിക്ക് 11 കോടി രൂപ മൊബിലൈസേഷന്‍ ഫണ്ട് ആയി നല്‍കിയതും വിവാദമായിട്ടുണ്ട്. കരാര്‍ തീരാന്‍ അഞ്ചുമാസം മാത്രം ഉള്ളപ്പോഴും മാലിന്യത്തിന്റെ പകുതിപോലും നീക്കാനായിട്ടില്ല. ഉപ കരാറുകാരുടെ പണി നടക്കുമ്ബോഴാണ് വന്‍ തീ പിടിത്തം ഉണ്ടായത്. വേനല്‍ക്കാലത്ത് തീ പടരാതിരിക്കാന്‍ പരസ്പരം ചേരാത്ത മലകളായി മാറ്റിയാണ് മാലിന്യം കൂട്ടിയിരുന്നത്. എന്നാല്‍, മാലിന്യമലകളില്‍ ഒരേ സമയം തീപടരുകയായിരുന്നു. ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നു. തീപ്പിടിത്തം അട്ടിമറിയാണെന്ന ആക്ഷേപമുയരുന്നതും അതുകൊണ്ടുതന്നെ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക