ജനസംഖ്യയുമായി താരതമ്യപ്പെടുത്തിയാൽ ഇന്ത്യയിൽ തന്നെ ഏറ്റവും അധികം വിദ്യാർത്ഥികൾ വിദേശത്തേക്ക് പഠനത്തിന് പോകുന്ന സംസ്ഥാനമാണ് കേരളം. സമീപവർഷങ്ങളിൽ ഒരു ലക്ഷത്തോളം വിദ്യാർത്ഥികളാണ് വിദേശരാജ്യങ്ങളിലേക്ക് ഉന്നത പഠനത്തിനായി കേരളത്തിൽനിന്ന് കുടിയേറിയത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ട്രെൻഡ് മൂലം കോടിക്കണക്കിന് രൂപ ലാഭം കൊയ്യുന്നുണ്ട്.

വിദേശത്തേക്കും അന്യസംസ്ഥാനത്തേക്കും ഉള്ള കേരള വിദ്യാർത്ഥികളുടെ ഒഴുക്ക് തടയാൻ പ്രതിജ്ഞാബദ്ധമായി നടപടികൾ സ്വീകരിക്കുമെന്ന് ആവർത്തിച്ചു വ്യക്തമാക്കുന്ന ഒരു സർക്കാരാണ് കേരളം ഭരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ വിദേശ പഠനത്തിനായി വിദ്യാർത്ഥികളെ കേറ്റിയ ഗിന്നസ് റെക്കോർഡ് നേടിയ സാന്താ മോണിക്ക എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ വ്യക്തിക്ക് ശ്രീനാരായണ സർവ്വകലാശാലയിൽ സിൻഡിക്കേറ്റ് അംഗമായി നിയമനം നൽകിയിരിക്കുന്ന സർക്കാർ തീരുമാനം ഇപ്പോൾ വിവാദമാകുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിലെ സർവ്വകലാശാലകളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന കച്ചവടത്തിൽ ഏർപ്പെടുന്ന ഒരു സ്ഥാപനത്തിന്റെ മേധാവിയെ സർവ്വകലാശാലയുടെ പരമാനത കമ്മിറ്റിയായ സിൻഡിക്കേറ്റിലേക്ക് നാമനിർദേശം ചെയ്തതിന്റെ വിരോധാഭാസമാണ് വിവാദമാകുന്നത്. എന്നാൽ വെറുമൊരു രാഷ്ട്രീയ വിവാദം എന്നതിനപ്പുറം കോടിക്കണക്കിന് രൂപയുടെ അഴിമതി ഈ ഇടപാടുകൾക്ക് പിന്നിലുണ്ട് എന്ന സംശയം സ്വാഭാവികമായും ഉയരേണ്ടതാണ്.

ഒറ്റ ദിവസം കൊണ്ട് സാന്താ മോണിക്ക എന്ന സ്ഥാപനം 7000ത്തിലധികം വിദ്യാർത്ഥികളെ കാനഡയിലേക്ക് കയറ്റി അയച്ചാണ് ഗിന്നസ് റെക്കോർഡുകളുടെ ഭാഗമായത്. ഒരു വിദ്യാർത്ഥി കാനഡയിലേക്ക് പോകുമ്പോൾ പ്രാഥമികമായുള്ള ചെലവ് 25 ലക്ഷം രൂപയിൽ അധികമാണ്. ഇതിൽ വിദ്യാർഥിയെ കയറ്റി അയക്കുന്ന ഏജൻസിക്ക് നാലുലക്ഷം രൂപയോളം വരുമാനം ലഭിക്കുമെന്നും പറയപ്പെടുന്നു. അങ്ങനെ സംഭവിച്ചാൽ ശാന്താ മോണിക്കക്ക് ഒറ്റയിടപാടിൽ ലഭിക്കേണ്ടത് 280 കോടി രൂപയാണ്. ഇതിന്റെ 18% കണക്കാക്കിയാൽ 50 കോടി രൂപയിൽ അധികം ജി എസ് ടി വരുമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ലഭിക്കേണ്ടതാണ്.

ഈ ഏജൻസി ജിഎസ്ടി കൃത്യമായി അടച്ചിട്ടുണ്ടോ? ഈ ഏജൻസിയിൽ നിന്ന് കൃത്യമായി ജിഎസ്ടി പിരിച്ചെടുക്കാനുള്ള നടപടിക്രമങ്ങൾ സർക്കാർ തലത്തിൽ സ്വീകരിച്ചിട്ടുണ്ടോ? ഇത്തരം ചോദ്യങ്ങൾ അടിയന്തരമായി അന്വേഷണ വിധേയമാക്കണം. കാരണം പുറത്തു പരക്കുന്ന അഭ്യൂഹങ്ങൾ പ്രകാരം സാന്താ മോണിക്കയിൽ നിന്ന് വീണ വിജയൻ മാസപ്പടി കൈപ്പറ്റിയിട്ടുണ്ട്. ജി എസ് ടി തുകകൾ അടയ്ക്കാതെ ഈ സ്ഥാപനത്തെ മുന്നോട്ടു പോകുവാൻ അനുവദിക്കുന്നതിന് പ്രത്യുപകാരം ആയിട്ടാണ് ഈ മാസപ്പടി ഇടപാട് നടന്നതെന്നും ആരോപണങ്ങൾ നിലനിൽക്കുന്നു.

ആധികാരികമായ തെളിവുകളില്ലെങ്കിൽ പോലും ഇത്തരം അഭ്യൂഹങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു സ്ഥാപനത്തിന്റെ ഉടമകളിൽ ഒരാളെ സർവകലാശാല സിൻഡിക്കേറ്റിലേക്ക് നിയമിക്കുന്നത് ആത്മഹത്യാപരമായ നീക്കമാണ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുകയറുവാനും കോടാനുകോടികൾ വിലമതിക്കുന്ന ഡേറ്റാ ബേസുകൾ വളരെ എളുപ്പത്തിൽ കൈക്കലാക്കുവാനും ഈ സ്വകാര്യ ഓവർസീസ് വിദ്യാഭ്യാസ റിക്രൂട്ട്മെന്റ് ഏജൻസിയെ സഹായിക്കുന്ന നിലപാടാണ് ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഈ വിഷയം ക്രിയാത്മകമായി ചർച്ച ചെയ്യുവാനും പുകമറ നീക്കി യാഥാർത്ഥ്യങ്ങൾ പുറത്തുകൊണ്ടുവരുവാനും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സാന്താ മോണിക്ക എന്ന കമ്പനി തന്നെ തയ്യാറാവേണ്ടതാണ്. സിൻഡിക്കേറ്റ് നിയമന ഇടപാടിൽ കമ്പനി ഡയറക്ടറെ നിയമിച്ചിരിക്കുന്നത് ഇടതുമുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടിലാണ്. ഇവിടെ പ്രത്യുപകാരമായി കേരള കോൺഗ്രസിന് എന്തെങ്കിലും ലഭിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കേണ്ടതാണ്. വരും ദിവസങ്ങളിൽ ഒളിച്ചു കളി തുടരാതെ പ്രതിപക്ഷം വിഷയം ഏറ്റെടുക്കുമെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സുതാര്യത കൈവരും എന്നും ഈ ഇടപാടിൽ അഴിമതി നടന്നിട്ടില്ല എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. ഒരു കാലത്ത് കേരളത്തിൻറെ അഭിമാന ഗോപുരമായിരുന്ന ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഒരു വിഷയം എന്ന നിലയിൽ ഇതിനെ ഗൗരവമായി കാണേണ്ടത് അത്യന്താപേക്ഷിതമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക