ട്രക്കിനു പിന്നാലെ ശരംപോലെ പായുന്ന രാജവെമ്പാലയുടെ ദൃശ്യം കൗതുകമാകുന്നു. റോഡിലൂടെ കടന്നു പോകുന്ന വാഹനത്തിനു പിന്നാലെയായിരുന്നു രാജവെമ്പാലയുടെ പാച്ചില്‍. സമീപത്തെ കാടുകൾ മൂടിക്കിടക്കുന്ന പ്രദേശത്തു നിന്ന് റോഡിലേക്ക് പാഞ്ഞെത്തിയാണ് രാജവെമ്പാല ട്രക്കിനെ പിന്തുടർന്നത്. എണ്ണപ്പനകൾ നിറഞ്ഞു നിൽക്കുന്ന തോട്ടത്തിനുള്ളിൽ നിന്നാണ് രാജവെമ്പാലയെത്തിയത്.ദി റിയൽ ടാർസൻ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

ലോകത്തിൽ ഏറ്റവും നീളമുള്ള വിഷപ്പാമ്പുകളാണ് രാജവെമ്പാലകൾ. തെക്കു കിഴക്കൻ ഏഷ്യയിലെയും ഇന്ത്യയിലെയും കാടുകളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. പാമ്പുകളെയാണു പ്രധാനമായും ഭക്ഷിക്കുന്നത്. ചേരയാണ് ഇഷ്‌ട ഭക്ഷണം. മൂർഖൻ, വെള്ളിക്കെട്ടൻ തുടങ്ങിയ പാമ്പുകളെയും കഴിക്കാറുണ്ട്. ‌രാജവെമ്പാലകൾ എല്ലാം ഒറ്റ വിഭാഗത്തിൽപെടുന്ന പാമ്പുകളാണെന്നാണ് ആദ്യം ഗവേഷകർ കരുതിയിരുന്നത്. എന്നാൽ പിന്നീട് നടത്തിയ ഗവേഷണത്തിൽ 4 ഉപവിഭാഗങ്ങൾ ഇവയ്ക്കുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജവെമ്പാലയുടെ വിഷം നാഡികളെ ബാധിക്കുന്ന ന്യൂറോ ടോക്സിനുകളാണ്. 20 മുതൽ 40 വരെ മനുഷ്യരെയോ ഒരാനയെയോ കൊല്ലാനുള്ള വിഷം ഒരേ സമയം ഇവ പുറപ്പെടുവിക്കും. സ്വയം കൂടുണ്ടാക്കി മുട്ടയിടുന്ന പാമ്പുകളാണു രാജവെമ്പാലകൾ. വായിൽനിന്നുവരുന്ന ഒരു പ്രത്യേക ദ്രാവകവും ഈറ്റപുല്ലും ഉപയോഗിച്ചാണു കൂടുണ്ടാക്കൽ. 20 മുതൽ 25 വരെ മുട്ടകൾ ഇത്തരം കൂടുകളിൽ ശേഖരിക്കാൻ സ്‌ഥലമുണ്ടാവും. ഇന്ത്യയുടെ ദേശീയ ഉരഗമാണ് രാജവെമ്പാല. അപകടകാരികളായ പാമ്പുകളാണ് രാജവെമ്പാലകൾ.

20 വർഷം വരെയാണു രാജവെമ്പാലകളുടെ ശരാശരി ആയുസ്സ്. പ്രായപൂർത്തിയായ പാമ്പിന് 18 മുതൽ 20 കിലോ വരെ ഭാരമുണ്ടാകും. ഇതിനനുസരിച്ചു വിഷസഞ്ചിയും വലുതായിരിക്കും. ഇന്ത്യയിൽ കൂടുതൽ കാണപ്പെടുന്ന മൂർഖനും ശംഖുവരയനും പോലുള്ള പാമ്പുകളെ അപേക്ഷിച്ചു രാജവെമ്പാല വിഷത്തിന്റെ തീവ്രത കുറവാണ്. എന്നാൽ, മൂർഖൻ പാമ്പ് കടിച്ചാൽ 0.25 മില്ലിഗ്രാം വിഷം ശരീരത്തിൽ കയറുന്ന സ്ഥാനത്ത് രാജവെമ്പാലയുടെ ഒറ്റക്കടിയിൽ 5 മുതൽ 7 മില്ലിഗ്രാം വരെ വിഷം ശരീരത്തിലെത്തും. 20 പേരെ കൊല്ലാനുള്ള ശക്തിയുണ്ട് ഈ അളവ് വിഷത്തിന്. ഇതാണു രാജവെമ്പാലയെ കൂടുതൽ അപകടകാരിയാക്കുന്നത്.

അതേസമയം, കടിക്കുമ്പോൾ മനഃപൂർവം വിഷം കയറ്റാതിരിക്കാനുള്ള കഴിവും (ഡ്രൈ ബൈറ്റ്) കുറച്ചു വിഷം മാത്രം കുത്തിവയ്ക്കാനുള്ള കഴിവും മറ്റു വിഷപ്പാമ്പുകളെപ്പോലെ രാജവെമ്പാലയ്ക്കുമുണ്ട്. രാജവെമ്പാലയുടെ കടിയേറ്റവരിൽ 40% പേരുടെ ശരീരത്ത് വിഷം കയറുന്നില്ലെന്നാണു കണക്ക്. ഇരയെ ദഹിപ്പിക്കാനാണു സാധാരണ വിഷം കുത്തിവയ്ക്കുന്നത്. തികച്ചും ശാന്ത സ്വഭാവമുള്ള രാജവെമ്പാല പൊതുവേ മനുഷ്യരെ ആക്രമിക്കാറില്ല. താൻ അപകടത്തിലാണെന്നു പാമ്പിനു തോന്നിയാൽ മാത്രമേ സാധാരണ ഗതിയിൽ ഉപദ്രവിക്കൂ. അതേസമയം, മുട്ടയിട്ട് അടയിരിക്കുന്ന സമയത്ത് രാജവെമ്പാലയുടെ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനം മൂലം പാമ്പിന് അങ്ങേയറ്റം രൗദ്രസ്വഭാവമായിരിക്കും. ഈ സമയത്ത് പരിസരത്തെത്തുന്ന എന്തിനെയും ആക്രമിക്കും.

ഉൾവനത്തിലും തണുപ്പു കൂടുതലുള്ള സ്ഥലങ്ങളിലുമാണു പൊതുവേ രാജവെമ്പാലകളുടെ വാസം. മനുഷ്യരുമായി സമ്പർക്കം തീരെക്കുറവ്. എന്നാൽ, സമീപകാലത്ത് ജനവാസ കേന്ദ്രങ്ങളിൽ കൂടുതലായി കാണപ്പെടുന്നുണ്ട്. മറ്റു പാമ്പുകളും ഉടുമ്പുമാണു പ്രധാന ഭക്ഷണം. തരംകിട്ടിയാൽ മറ്റു രാജവെമ്പാലകളെയും ഭക്ഷണമാക്കും. ഭക്ഷണലഭ്യത കുറയുന്നതാണ് ഇവ നാട്ടിലിറങ്ങാൻ പ്രധാന കാരണമെന്നു വിലയിരുത്തപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക