പാലാ നഗരസഭയിലെ കേരള കോൺഗ്രസ് എം നേതാക്കളിൽ പ്രമുഖനും ജോസ് കെ മാണിയുടെ വിശ്വസ്തനുമായ ബൈജു കൊല്ലംപറമ്പിൽ പലപ്പോഴും വിവാദങ്ങളുടെ തോഴൻ കൂടിയാണ്. നഗരസഭ കൗൺസിൽ യോഗത്തിൽ സിപിഎം നേതാവിനെ പ്രകോപിക്കുകയും മർദ്ദിക്കുകയും തിരിച്ച് മർദ്ദനം ഏറ്റുവാങ്ങി നിലവിളിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ജോസ് കെ മാണിയെ ബാധിച്ചിരുന്നു. എങ്കിലും ജോസ് കെ മാണി ബൈജുവിന് എന്നും ചേർത്തുനിർത്തുന്ന നേതാവാണ്. നഗരസഭാ കൗൺസിലിലെ ജോസ് കെ മാണിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ കൂടിയാണ് ബൈജു എന്നു പറഞ്ഞാലും തെറ്റില്ല.

സിപിഎം കേരള കോൺഗ്രസ് ധാരണയനുസരിച്ച് നഗരസഭ അധ്യക്ഷനും, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും രാജി വെച്ചിരുന്നു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജി വെച്ചതിനുശേഷം ഒരു യൂട്യൂബ് ചാനലിന് ബൈജു നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ നഗരസഭയിലെ മുന്നണി ബന്ധത്തെ പോലും അവതാളത്തിൽ ആക്കുന്നതാണ്. എന്നിരുന്നാൽ പോലും ബൈജു കാര്യങ്ങൾ തുറന്നു പറയുമ്പോൾ അത് ജോസ് കെ മാണിയുടെ മനസ്സറിവോടുകൂടി തന്നെയാണ് എന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഭൂരിഭാഗവും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ:

മേലെ തട്ടിലൊക്കെ ധാരണയായി എങ്കിലും താഴെത്തട്ടിൽ മുന്നണിയുടെ ഊഷ്മളത ഉണ്ടായില്ല. ജോസ് ടോം തോൽക്കുമ്പോൾ 52000 വോട്ട് ലഭിച്ചു. അന്ന് യുഡിഎഫിന്റെ ഭാഗത്തുനിന്ന് കാലുവാരിച്ചയുണ്ടായി. പിജെ ജോസഫും, രമേശ് ചെന്നിത്തലയും ജോസ് കെ മാണിയെ തകർക്കാൻ ശ്രമിച്ചു. ജോസ് കെ മാണിയെ ഇല്ലായ്മ ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തലയുടെ ടാർഗറ്റ്. ആ 52000 വോട്ടുകളിൽ 45,000 വോട്ടുകൾ പക്കാ കേരള കോൺഗ്രസ് എം വോട്ടുകളാണ്. അത് പാലായിൽ ഫിക്സഡ് ഡെപ്പോസിറ്റ് ആണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തോമസ് ചാഴികാടനെതിരായിരുന്നു മന്ത്രി വാസവൻ മത്സരിച്ചത്. ആ കണക്കുകളെ ആസ്പദമാക്കി 35,000 വോട്ടുകൾ എൽഡിഎഫിന്റെതായി പക്കാ ആയിട്ടുണ്ട്. അങ്ങനെ പോകുമ്പോൾ 45000 കേരള കോൺഗ്രസ് വോട്ടും 35000 എൽഡിഎഫ് ഫോട്ടോ ചേർന്ന് 80,000 വോട്ട്. ഇനി പോട്ടെ അറുപതിനായിരം വോട്ട് കൂട്ടിക്കോ, അതെങ്ങനെ പോയാലും കിട്ടണ്ടേ? പക്ഷേ എൽഡിഎഫ് ട്രെൻഡിലും അത് കിട്ടിയില്ല. ശരിക്കും പറഞ്ഞാൽ പാലായിക്കാണ് നഷ്ടം ജോസ് കെ മാണിക്ക് ഇപ്പോഴും രാജ്യസഭാ എംപി സ്ഥാനവും, ബോർഡ് വെച്ച കാറുമൊക്കെയുണ്ട്. ജോസ് കെ മാണി വിജയിച്ചിരുന്നെങ്കിൽ ഇതിനേക്കാൾ ശക്തമായ വകുപ്പ് കിട്ടിയേനെ എന്നിങ്ങനെ പോകുന്നു ബൈജുവിന്റെ വെളിപ്പെടുത്തലുകൾ.

മുന്നണി ബന്ധത്തെ ഉലയ്ക്കുന്ന വാക്കുകൾ

നഗരസഭ അധ്യക്ഷസ്ഥാനത്തെ ചൊല്ലിയുള്ള തർക്കവും, സിപിഎം സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിൽ ജോസ് കെ മാണി നടത്തിയ ഇടപെടലും എല്ലാം പാലായിൽ സിപിഎം കേരള കോൺഗ്രസ് ബന്ധത്തെ ഒരു പൊട്ടിത്തെറിയുടെ വക്കിലാണ് നിർത്തുന്നത്. ഇതേ അഭിമുഖത്തിൽ തന്നെ സിപിഎം പാർലമെന്ററി പാർട്ടി ലീഡർ ബിനു കണ്ടത്തിന് നഗരസഭ അധ്യക്ഷ സ്ഥാനം നിഷേധിക്കുവാൻ ജോസ് കെ മാണി മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്ന സൂചനയും ബൈജു നൽകുന്നുണ്ട്. അതിനോട് ചേർത്തു തന്നെ സിപിഎം വോട്ടുകൾ ജോസ് കെ മാണിക്ക് ലഭിച്ചില്ല എന്ന് വെളിപ്പെടുത്തൽ കൂടിയാകുമ്പോൾ ഇത് മുന്നണി ബന്ധത്തെ കൂടുതൽ വഷളാക്കാൻ ആണ് സാധ്യത.

സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ ഇതിലുള്ള അതൃപ്തി രൂക്ഷമായ വാക്കുകളിൽ കേരള കോൺഗ്രസ് നേതാക്കളോട് അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മുറിവിൽ മുളക് പുരട്ടുന്നത് പോലെ സിപിഎം സ്ഥാനാർത്ഥിയെ പാർട്ടി തന്നെയാണ് തീരുമാനിച്ചിട്ടുള്ളത് എന്ന് ബൈജു ആവർത്തിച്ചതും അടങ്ങിയ വിവാദത്തെ ആളിക്കത്തിക്കാനുള്ള ബോധപൂർവ്വമായുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണോ എന്നും ഇടതു കേന്ദ്രങ്ങളിൽ സംശയം ഉയരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക