മനോരമ ന്യൂസ് ന്യൂസ്മേക്കറായി തിരഞ്ഞെടുക്കപ്പെട്ട ശശി തരൂരിന് അഭിനന്ദന പ്രവാഹമാണ് സമൂഹമാധ്യമങ്ങളിൽ. ഇതിനൊപ്പം യൂത്ത് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.എസ്.ശബരിനാഥൻ പങ്കിട്ട പോസ്റ്റ് വൈറലായി. ‘മനോരമ ന്യൂസ്മേക്കറായി തിരഞ്ഞെടുക്കപ്പെട്ട ഡോ. തരൂരിന് അഭിനന്ദനങ്ങൾ. ഈ കോട്ട് എന്തായാലും അദ്ദേഹത്തിന് ഇണങ്ങും..’ കോട്ടിട്ട തരൂരിന്റെ ചിത്രം സഹിതം ശബരി കുറിച്ചു.

മുഖ്യമന്ത്രി സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ ‘കോട്ട് പരാമർശം’ വിവാദമായി നിൽക്കുമ്പോഴാണ് ശബരിയുടെ മറുപടി എന്നതു ശ്രദ്ധേയമായി. എന്നാൽ ‘കോട്ട്’ എന്ന പ്രയോഗം ശബരി പിന്നീട് പോസ്റ്റിൽനിന്ന് എഡിറ്റ് ചെയ്ത് നീക്കി. ‘മനോരമ ന്യൂസ്മേക്കറായി തിരഞ്ഞെടുക്കപ്പെട്ട ഡോ. തരൂരിന് അഭിനന്ദനങ്ങൾ….ഇന്ത്യൻ നാഷനൽ കോൺഗ്രസിന് ഇത് അഭിമാനമുഹൂർത്തം.’ എന്നാണ് പോസ്റ്റ് മാറ്റിയത്. നേരത്തേ ഇട്ട പോസ്റ്റ് ചില തെറ്റിധാരണകൾക്ക് കാരണമായെന്നും അതിനാൽ എഡിറ്റ് ചെയ്തെന്നും പറയുന്നുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശനിയാഴ്ചയാണു 2022ലെ മികച്ച വാർത്താതാരമായി ശശി തരൂർ എംപിയെ തിരഞ്ഞെടുത്തത്. ന്യൂസ് മേക്കറായി തിരഞ്ഞെടുത്തതിൽ സന്തോഷം പങ്കുവച്ച തരൂർ, തനിക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്കും മറുപടി നൽകി. പാർട്ടി ചില നേതാക്കളുടേത് മാത്രമല്ല, എല്ലാവരുടേതുമാണ്. എല്ലാവർക്കും അഭിപ്രായമുണ്ടാകും. എല്ലാവരെയും കേട്ട് മുന്നോട്ടു പോകണം. എനിക്ക് ഒന്നും ഒളിക്കാനില്ല. എന്നെ ഇഷ്ടപ്പെടാത്തവർ പാർട്ടിയിൽ തന്നെയുണ്ടാകും. ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന ആഗ്രഹമാണ് തനിക്കുള്ളത്.

ജീവിതത്തിൽ ഒരിക്കലും ഒരു സമുദായത്തിന്റെ പ്രതിനിധിയായി പ്രവർത്തിച്ചിട്ടില്ലെന്നും തരൂർ പറഞ്ഞു. എൻഎസ്എസ് പിന്തുണച്ചതോടെ തരൂരിന്റെ രാഷ്ട്രീയ ഭാവി തീർന്നെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവർത്തകന് എല്ലാവരുടെയും സഹകരണം ആവശ്യമുണ്ട്. ആരെയും ആക്ഷേപിക്കാതെ മുന്നോട്ടു പോകും. ആരുമായും തർക്കത്തിനില്ല. സമുദായ നേതാക്കളെ ഉൾപ്പെടെ കണ്ടത് ക്ഷണം കിട്ടിയിട്ടാണ്. ക്ഷണിക്കാതെ വീട്ടിൽ പോയി വാതിലിൽ മുട്ടുന്ന സ്വഭാവം തനിക്കില്ലെന്നും തരൂർ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക