പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പ്രകടനം നടത്തിയ ഐ എന്‍ ടി യു സി നേതാവിന് സ്വീകരണം നല്‍കുന്ന ചടങ്ങില്‍ ഉദ്ഘാടകനായി എത്തുന്നത് രമേശ് ചെന്നിത്തല. നാളെ ചങ്ങനാശേരിയിലെ ഐ എന്‍ ടി യു സി നേതാവ് പി പി തോമസിന് നല്‍കുന്ന സ്വീകരണ സമ്മേളനത്തിന്‍റെ ഉദ്ഘാടകനായി നിയോഗിച്ചിരിക്കുന്നത് രമേശ് ചെന്നിത്തലയെയാണ്. ഐഎന്‍ടിയുസി കോണ്‍ഗ്രസ് പോഷക സംഘടനയല്ല എന്ന സതീശന്റെ പ്രസ്താവനയ്‍ക്കെതിരെയാണ് പി പി തോമസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

പ്രകടനം നടത്തിയവര്‍ക്കെതിരെ സതീശന്‍ നടപടി ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. പ്രകടനത്തിന് നേതൃത്വം നല്‍കിയ പി പി തോമസിനെ സംസ്ഥാന സെക്രട്ടറി ആയി ഉയര്‍ത്തിയതിന് പിന്നാലെയാണ് സ്വീകരണം നല്‍കാന്‍ ചെന്നിത്തല എത്തുന്നത്. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫാണ് പരിപാടിയുടെ സംഘാടകൻ. ഐഎൻടിയുസി കോട്ടയം ജില്ലാ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യോഗത്തിൽ കെ സി ജോസഫ് പങ്കെടുക്കും – മാറുന്നത് ഗ്രൂപ്പ് സമവാക്യങ്ങൾ ?

യോഗത്തിൽ ഉമ്മൻചാണ്ടിയുടെ വിശ്വസ്തനും മുൻമന്ത്രിയുമായ കെ സി ജോസഫും പങ്കെടുക്കുന്നുണ്ട്. ഇത് മാറുന്ന ഗ്രൂപ്പ് സമവാക്യങ്ങളുടെ ഒരു സൂചന കൂടിയായി വിലയിരുത്തുന്നു. ഉമ്മൻചാണ്ടിയുടെ അഭാവത്തിൽ കെ സി ജോസഫ് ജില്ലയിലെ എ ഗ്രൂപ്പ് നേതൃത്വം ഏറ്റെടുത്തിരുന്നെങ്കിലും അണികൾ പൂർണ്ണമായും അംഗീകരിച്ചിരുന്നില്ല. തിരുവഞ്ചൂർ രാധാകൃഷ്ണൻ എ വിഭാഗത്തിൽ നിന്ന് അകലം പാലിച്ചതും പ്രമുഖ നേതാക്കൾ അദ്ദേഹത്തോടൊപ്പം നിലപാടെടുത്തതും ഇതിന് ഒരു കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ വിഡി സതീശന് എതിരെ പ്രകടനം നടത്തിയ നേതാവിന് സ്വീകരണം നൽകുന്ന പരിപാടിയുടെ ഉദ്ഘാടകനായി രമേശ് ചെന്നിത്തല എത്തുന്നതും അതിൽ കെ സി ജോസഫ് പങ്കെടുക്കുന്നതും രാഷ്ട്രീയവൃത്തങ്ങളിൽ ഗൗരവകരമായ ചർച്ചകൾക്ക് ഇടയാക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക