സ്വന്തം മേക്കോവറിനായി തുടര്‍ഭരണം ലഭിക്കുന്നതിന് രണ്ട് വര്‍ഷം മുന്‍പ് മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുംബൈയിലെ പി.ആര്‍ ഏജന്‍സിയുടെ സഹായം തേടിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു കെപിസിസി രാഷ്ട്രീയകാര്യ യോഗത്തില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. രണ്ടുവര്‍ഷത്തോളം സംസ്ഥാനത്ത് ചെലവിട്ട അവര്‍ നിയമസഭയുടെ ഗാലറിയില്‍ അടക്കം ഉണ്ടായിരുന്നു. പിണറായി വിജയന്റെ ശരീരഭാഷ പഠിച്ച്‌, എങ്ങനെ സംസാരിക്കണം എന്നു പഠിപ്പിച്ചത് അവരാണെന്നും സതീശൻ ആരോപിച്ചു.

കോവിഡ് കാലത്ത് എല്ലാ ദിവസവും വൈകിട്ട് ഒരു മണിക്കൂര്‍ മുഖ്യമന്ത്രി നടത്തിയിരുന്ന വാര്‍ത്താ സമ്മേളനത്തിലെ ഉള്ളടക്കം എഴുതി നല്‍കിയിരുന്നത് മുംബൈയില്‍നിന്നുള്ള ഈ പി.ആര്‍ ഏജൻസിയാണ്. കുരങ്ങിനും നായയ്ക്കും ഭക്ഷണം കൊടുക്കണം എന്നെല്ലാം അവരാണ് എഴുതിക്കൊടുത്തതെന്നും സതീശന്‍ പറഞ്ഞു. ‘എല്ലാ ശനിയാഴ്ചയും ക്ലിഫ് ഹൗസില്‍ കയറ്റിയിരുത്തി ചര്‍ച്ച നടത്തിയില്ലേ? മുംബൈയിലെ പിആര്‍ ഏജൻസിക്കാര്‍ ഇപ്പോഴും ഇവിടെയുണ്ട്. എത്ര വര്‍ഷമായി പിണറായി വിജയൻ പിആര്‍ ഏജൻസിയെ കെട്ടിപ്പിടിച്ചു നടക്കുന്നു. അവരുണ്ടാക്കുന്ന കാപ്സ്യൂളാണു വിതരണം ചെയ്യുന്നത്. എന്നിട്ടാണ് സുനില്‍ കനഗോലുവിന്റെ പേരു പറഞ്ഞ് കോണ്‍ഗ്രസിനു മേല്‍ ആരോപണമുന്നയിക്കുന്നത്’- സതീശന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കനഗോലു പിആര്‍ ഏജൻസിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകും. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് അംഗമാണ്. ഏഴംഗ ടാസ്ക് ഫോഴ്സിലും അംഗമാണ്. കോണ്‍ഗ്രസ് എങ്ങനെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം നടത്തണമെന്ന് പിണറായി വിജയൻ പഠിപ്പിക്കേണ്ട. കേരളത്തിലെ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പു നടത്താൻ അറിയാമെന്നു രണ്ട് ഉപതെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ പിണറായിക്കു ബോധ്യപ്പെട്ടു കാണണമല്ലോ. മനുഷ്യനായാല്‍ നാണം വേണ്ടേ? എന്തൊരു തൊലിക്കട്ടിയാണിത്. കോണ്‍ഗ്രസിന്റെ യോഗങ്ങളില്‍ ആരു പങ്കെടുക്കണമെന്ന് എകെജി സെന്ററില്‍നിന്നല്ല തീരുമാനിക്കുന്നതെന്നും സതീശൻ വിമര്‍ശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക