ന്യൂഡല്‍ഹി: എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ ഉള്ള സൂത്രവഴിയാണിപ്പോള്‍ ഹണി ട്രാപ്. തിരുവനന്തപുരത്ത് പൊലീസുകാര്‍ പോലും ഹണിട്രാപ്പില്‍ പെട്ട് വെള്ളം കുടിച്ച കഥകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഏതെങ്കിലും ഹോട്ടലിലോ, ലോഡ്ജിലോ റൂമെടുക്കുക, ഇരയെ അങ്ങോട്ട് വിളിച്ചുവരുത്തുക, യുവതികള്‍ക്കൊപ്പം നിര്‍ത്തി നഗ്‌ന ചിത്രം എടുക്കുക, പിന്നെ ബ്ലാക്ക്മെയില്‍ ചെയ്യുക, ഇതാണ് ഹണി ട്രാപ് സംഘങ്ങളുടെ പൊതുപരിപാടി.

ഇല്ലാത്ത ഗര്‍ഭം ഉണ്ടെന്ന് നുണ പറഞ്ഞ ശേഷം, നീയാണ് ആള്‍ എന്നു പറഞ്ഞ് ഗര്‍ഭം അലസിപ്പിക്കാന്‍ ഭീഷണിപ്പെടുത്തി പണം തട്ടുന്ന യുവതിയെ കുറിച്ച്‌ കേരളത്തില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. പ്രഗ്‌നന്‍സി കിറ്റില്‍ ഹാര്‍പിക് ഒഴിച്ച്‌ ചുവന്ന അടയാളം വരുത്തി ആളെ വിശ്വസിപ്പിക്കുകയായിരുന്നു ഈ യുവതിയുടെ തന്ത്രം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലപ്പുറം കല്‍പകഞ്ചേരിയില്‍ 68കാരനെ ഹണിട്രാപ്പില്‍ പെടുത്തി വ്ലോഗര്‍ ദമ്ബതികള്‍ 23ലക്ഷം തട്ടിയത് കഴിഞ്ഞ ദിവസമാണ്. ആലുവയിലെ ഫ്ളാറ്റില്‍ വെച്ച്‌ തന്നോടൊപ്പം പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തിയാണ് യുവതിയും ഭര്‍ത്താവും 23ലക്ഷം രൂപ തട്ടിയെടുത്തത്.

ഡല്‍ഹിയില്‍ ഹണിട്രാപ്പിലൂടെ 21 കാരനായ ബിസിനസുകാരന്റെ പക്കല്‍ നിന്ന് സമാനരീതീയില്‍ യുട്‌ഊബര്‍ ദമ്ബതികള്‍ തട്ടിയെടുത്തത് 80 ലക്ഷമാണ്. ഹണിട്രാപില്‍ കുടുക്കിയ ശേഷം കള്ളപീഡനക്കേസില്‍ അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ദമ്ബതികള്‍ പണം തട്ടിയത്.

കഥ ആരംഭിക്കുന്നത് ഓഗസ്റ്റില്‍

ഒരു പരസ്യ ഏജന്‍സി നടത്തുകയാണ് 21 കാരന്‍. ബാദ്ഷാപൂര്‍ സ്വദേശിയായ യുവാവ് ഷാലിമാര്‍ ബാഗ് സ്വദേശിയായ നാമ്ര ഖാദിര്‍ എന്ന യുവതിയെ പരിചയപ്പെടുന്നത് ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ വച്ചാണ്. പരിചയം സൗഹൃദമാകുകയും ശാരീരിക ബന്ധത്തിലേക്ക് നീങ്ങുകയും ചെയ്തു.

നാമ്ര ഖാദിറിനൊപ്പം വിരാട് എന്ന് വിളിക്കുന്ന മാനിഷ് ബനിവാള്‍ എന്നയാളും മിക്കവാറും വന്നിരുന്നു. ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് യുവതി 2.50 ലക്ഷം വാങ്ങി. പണം കൊണ്ട് എന്തുചെയ്തുവെന്നും ഫലമെന്തായി എന്നും ചോദിച്ചപ്പോള്‍, രക്ഷപ്പെടാനായി യുവതി വിവാഹ വാഗ്ദാനം മുന്നോട്ടു വച്ചു. ഇതോടെ, സംശയം തോന്നാതിരുന്ന യുവാവ് നാമ്രയുമായി കൂടുതല്‍ അടുത്തു. വിരാടിനും, നാമ്രയ്ക്കും ഒപ്പം നിരവധി രാത്രികള്‍ യുവാവ് ചെലവഴിച്ചു. അതിനിടെ, യുവാവിന്റെ നഗ്ന വീഡിയോ അടക്കം ദമ്ബതികള്‍ രഹസ്യമായി ഷൂട്ട് ചെയ്തു. വീഡിയോ വച്ച്‌ ബ്ലാക്‌മെയിലിങ്ങും തുടങ്ങി.

ഭീഷണിപ്പെടുത്തി 80 ലക്ഷത്തോളം വാങ്ങി കഴിഞ്ഞിട്ടും, ചൂഷണം നിര്‍ത്തിയില്ല. തനിക്കെതിരെ ബലാല്‍സംഗ കേസ് കൊടുക്കുമെന്ന് യുവതി ഭീഷണി മുഴക്കിയതോടെ, ഇതിനിയും വച്ചുപൊറുപ്പിക്കാന്‍ ആവില്ലെന്ന് യുവവ്യവസായിക്ക് മനസ്സിലായി. ഇതോടെ, പൊലീസില്‍ പരാതി കൊടുക്കുകയും, ദമ്ബതികളുടെ ഇടക്കാല ജാമ്യാപേക്ഷ ഗുരുഗ്രാം കോടതി തള്ളുകയും ചെയ്തു. ഒളിവില്‍ പോയ ദമ്ബതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ വിളിച്ചു വരുത്തി ബോധം കെടുത്തി കൊള്ളയടിച്ചു

അതേസമയം, ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച്‌ യുവാക്കളില്‍ നിന്ന് പണം തട്ടിയെടുക്കുന്ന യുവതിയും യുവാവും കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ അറസ്റ്റിലായിരുന്നു. രാഖി എന്ന കാശിഷ്, സന്തോഷ് കുമാര്‍ ഭഗത് എന്നിവരെയാണ് ഫരീദാബാദിലെ ഹോട്ടലില്‍നിന്ന് പൊലീസ് പിടികൂടിയത്. ഇവരില്‍നിന്ന് എട്ട് മൊബൈല്‍ ഫോണുകളും 15,000 രൂപയും പാന്‍, ഡെബിറ്റ് കാര്‍ഡുകളും മയക്കുഗുളികകളും പിടിച്ചെടുത്തു. ഒക്ടോബര്‍ നാലാം തീയതി ഒരു യുവാവ് പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് രാഖിയുടെ തട്ടിപ്പിനെക്കുറിച്ച്‌ പുറത്തറിയുന്നത്. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതി നേരിട്ട് കാണാന്‍ ആവശ്യപ്പെട്ട് നീലംചൗക്കിലേക്ക് വിളിച്ചുവരുത്തിയെന്നും പിന്നീട് ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി തന്നെ കൊള്ളയടിച്ചെന്നുമായിരുന്നു യുവാവിന്റെ പരാതി.

2005-ല്‍ പുറത്തിറങ്ങിയ ബണ്ടി ഓണ്‍ ബബ്‌ളി എന്ന സിനിമയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരം തട്ടിപ്പുകള്‍ക്കിറങ്ങിയതെന്നാണ് പ്രതികളുടെ മൊഴി. സാമൂഹികമാധ്യമങ്ങളിലൂടെയും ഡേറ്റിങ് ആപ്പുകളിലൂടെയും രാഖിയാണ് യുവാക്കളുമായി അടുപ്പം സ്ഥാപിക്കുന്നത്. തുടര്‍ന്ന് സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ട് വിളിച്ചുവരുത്തും.ഈ സമയത്ത് ഭക്ഷണസാധനങ്ങളില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കി യുവാക്കളെ കൊള്ളയടിക്കുന്നതാണ് സംഘത്തിന്റെ രീതിയെന്നും ഇതുവരെ ഇരുപതിലേറെ യുവാക്കള്‍ ഇവരുടെ കെണിയില്‍വീണിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.സമാന അനുഭവമാണ് പരാതി നല്‍കിയ യുവാവിനും ഉണ്ടായത്. നീലംചൗക്കില്‍വെച്ച്‌ നേരിട്ട് കണ്ടതിന് പിന്നാലെ ഇരുവരും യുവാവിന്റെ വീട്ടിലേക്ക് പോയി. ഇവിടെവെച്ച്‌ രാഖി യുവാവിന് ശീതളപാനീയം നല്‍കി.

ഇത് കുടിച്ചതോടെ താന്‍ ബോധരഹിതനായെന്നും പിന്നീട് ബോധം വീണ്ടെടുത്തപ്പോളാണ് കവര്‍ച്ച നടന്നത് മനസിലായതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. മൊബൈല്‍ഫോണ്‍, പണം, സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ തുടങ്ങിയവയാണ് യുവതി മോഷ്ടിച്ചത്. യുവാവിന്റെ ഫോണില്‍നിന്ന് ഒരുലക്ഷം രൂപയുടെ ഓണ്‍ലൈന്‍ ഇടപാടുകളും നടത്തിയിരുന്നു. സംഭവത്തിന് പിന്നാലെ രാഖിയെ വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെയാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്.പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച രാഖി ഹരിയാണയിലാണുള്ളതെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഫരീദാബാദിലെ ഹോട്ടലില്‍നിന്ന് രണ്ടുപ്രതികളെയും പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക