പത്തനംതിട്ട: സ്ഥലം വിട്ടു പോകുന്നുവെന്ന് കത്തും എഴുതി വച്ച്‌ വീട്ടില്‍ നിന്നിറങ്ങിയ സിഎ വിദ്യാര്‍ത്ഥിനിയുടെ സ്‌കൂട്ടര്‍ പ്രമാടം പാറക്കടവ് പാലത്തില്‍ കണ്ടെത്തി. പെണ്‍കുട്ടി ആറ്റില്‍ ചാടിയിരിക്കാമെന്ന സംശയത്തില്‍ പൊലീസും ഫയര്‍ ഫോഴ്സും വൈകുന്നേരം വരെ തെരച്ചില്‍ നടത്തിയെങ്കിലും കിട്ടിയില്ല. ശനിയാഴ്ചയും തെരച്ചില്‍ തുടരും.

തെങ്ങുംകാവ് കാഞ്ഞിരവിള വീട്ടില്‍ സന്തോഷിന്റെ മകള്‍ ആതിര(20)യെ ആണ് കാണാതായിരിക്കുന്നത്. യുവതി ആറ്റില്‍ ചാടിയോ അതോ മറ്റെവിടേക്കെങ്കിലും മാറി നില്‍ക്കുകയാണോ എന്നാണ് സംശയിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മുതലാണ് യുവതിയെ കാണാതായതെന്ന് വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആഭരണങ്ങള്‍ മുറിക്കുള്ളില്‍ ഊരി വച്ചിരുന്നു. മൊബൈല്‍ ഫോണും കൊണ്ടു പോയിട്ടില്ല. താന്‍ സ്ഥലം വിട്ടു പോവുകയാണെന്നും സ്‌കൂട്ടര്‍ പാറക്കടവ് പാലത്തിലുണ്ടാമെന്നും കത്തെഴുതി വച്ചിട്ടാണ് ആതിര പോയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആതിര ആറ്റില്‍ ചാടിയതെന്ന സംശയത്തില്‍ കോന്നി പൊലീസും പത്തനംതിട്ടയില്‍ നിന്നുള്ള അഗ്നി രക്ഷാ സേനയും ചേര്‍ന്ന് തെരച്ചില്‍ നടത്തി. അതേസമയം, സ്‌കൂട്ടര്‍ പാലത്തിന് സമീപം ഉപേക്ഷിച്ച്‌ മറ്റെവിടെയോ പോയിട്ടുണ്ടാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നു. അഗ്നി രക്ഷാസേനയുടെ മുങ്ങല്‍ വിദഗ്ധരടങ്ങിയ സംഘം വെള്ളി വൈകിട്ട് ആറ് മണി വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തെരച്ചില്‍ ശനിയും തുടരും. സ്റ്റേഷന്‍ ഓഫീസര്‍ ജോസഫ് ജോസഫ്, ഫയര്‍ റസ്‌ക്യൂ ഓഫീസറുമായ സതീഷ് കുമാര്‍, ശ്രീകുമാര്‍, വിനു കൃഷ്ണന്‍, ഹോം ഗാര്‍ഡ് സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് തെരച്ചില്‍ നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക