ഒന്‍പതു വര്‍ഷം അതീവരഹസ്യമാക്കി വച്ച സ്ഥാപകന്‍ മുല്ലാ ഉമറിന്റെ ഖബറിടം വെളിപ്പെടുത്തി താലിബാന്‍. ദക്ഷിണ അഫ്ഗാന്‍ പ്രവിശ്യയായ സാബൂളിലെ സൂറി ജില്ലയിലുള്ള ഒമര്‍സോയിലാണ് മുല്ലാ ഉമറിനെ അടക്കം ചെയ്തിരിക്കുന്നത്. താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് ആണ് ഖബറിടത്തിന്റെ ചിത്രങ്ങളും വിവരവും പുറത്തുവിട്ടത്. 2013 ഏപ്രില്‍ 23നാണ് മുല്ലാ ഉമര്‍ മരിച്ചത്. എന്നാല്‍, മരണവിവരം രണ്ടു വര്‍ഷത്തോളം താലിബാന്‍ മറച്ചുവച്ചു. പിന്നീട് 2015ലാണ് ഇക്കാര്യത്തില്‍ താലിബാന്റെ ഔദ്യോഗിക സ്ഥിരീകരണം വരുന്നത്.

കഴിഞ്ഞ ദിവസം ഒമര്‍സോയില്‍ ഖബറിടത്തിനു പരിസരത്ത് പ്രത്യേക പരിപാടി നടന്നിരുന്നുവെന്നാണ് സബീഹുല്ല വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് വെളിപ്പെടുത്തിയത്. പരിപാടിയില്‍ താലിബാന്‍ നേതാക്കള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ”രാജ്യം അധിനിവേശത്തിനു കീഴിലായിരുന്നു. ചുറ്റും ശത്രുക്കളുമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഖബറിടം നശിപ്പിക്കാനിടയുള്ളതിനാലാണ് രഹസ്യമാക്കിവച്ചത്.”-സബീഹുല്ല വ്യക്തമാക്കി. അടുത്ത കുടുംബക്കാര്‍ക്കു മാത്രമാണ് ഇതേക്കുറിച്ച്‌ വിവരമുണ്ടായിരുന്നത്. ഇപ്പോള്‍ വിവരം പരസ്യമാക്കാന്‍ തീരുമാനമായിരിക്കുകയാണ്. ജനങ്ങള്‍ക്ക് ഖബറിടം സന്ദര്‍ശിക്കാവുന്നതാണെന്നും താലിബാന്‍ വക്താവ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1993ല്‍ അഫ്ഗാനിസ്താനിലെ സോവിയറ്റ് അധിനിവേശക്കാലത്താണ് മുല്ല ഉമര്‍ താലിബാന്‍ രൂപീകരിക്കുന്നത്. 1966ല്‍ അഫ്ഗാന്റെ ഭരണം പിടിക്കുകയും ചെയ്തു. 2001ല്‍ നാറ്റോ സൈന്യം കീഴടക്കുന്നതുവരെ അഫ്ഗാനില്‍ താലിബാന്‍ തുടര്‍ന്നു. നാറ്റോ പിന്മാറ്റത്തിനു പിന്നാലെ 2021 ആഗസ്റ്റിലാണ് വീണ്ടും താലിബാന്‍ ഭരണം പിടിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക