കൊച്ചി: അന്തരിച്ച എം എല്‍ എയും കെ പി സി സി വര്‍ക്കിംഗ് പ്രസി‌ഡന്റുമായിരുന്ന പി ടി തോമസിന്റെ അവസാന ആഗ്രഹങ്ങള്‍ വെളിപ്പെടുത്തി സുഹൃത്തുക്കള്‍. മരണശേഷം തന്റെ മൃതദേഹം ദഹിപ്പിക്കണമെന്നും ചിതാഭസ്മം ഉപ്പുതോട്ടിലുള്ള അമ്മയുടെ കല്ലറയില്‍ വയ്ക്കണമെന്നും മരിക്കുന്നതിന് മുമ്ബ് പി ടി തോമസ് പറഞ്ഞിരുന്നതായി സുഹൃത്ത് ഡിജോ കാപ്പന്‍.

പി ടി തോമസിന്റെ ആഗ്രഹപ്രകാരം മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എറണാകുളത്തുള്ള രവിപുരം ശ്‌മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കണമെന്നും റീത്ത് വയ്ക്കരുതെന്നും പി ടി തോമസ് ആവശ്യപ്പെട്ടിരുന്നതായും ‌ഡിജോ കാപ്പന്‍ വെളിപ്പെടുത്തി. പൊതുദര്‍ശനത്തിന് വയ്ക്കുമ്ബോള്‍ ‘ചന്ദ്രകളഭം’ എന്ന പഴയ മലയാള ചലച്ചിത്രഗാനം ശബ്ദം താഴ്ത്തി വയ്ക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ന് രാവിലെ 10.15ഓടെയായിരുന്നു അന്ത്യം. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ എം എല്‍ എയായിരുന്നു. നാലു തവണ എം എല്‍ എയും ഒരു തവണ ഇടുക്കി എംപിയുമായിരുന്നു. കെ എസ്‌ യു ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് തുടങ്ങി നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

2009 ലാണ് ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് എംപിയായി ജയിച്ചത്. ‘എ ഡി ബിയും പ്രത്യയശാസ്‌ത്രങ്ങളും’ എന്ന പുസ്‌തകം രചിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച്‌ എക്കാലവും ശക്തമായ നിലപാടുകള്‍ സ്വീകരിച്ച നേതാവായിരുന്നു പി ടി തോമസ്. ഗാഡ്ഗില്‍ വിഷയത്തില്‍ അദ്ദേഹം സ്വീകരിച്ച അനുകൂല നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക