സ‍ര്‍വകലാശാലകളിലെ വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ ചൊല്ലി യുഡിഎഫില്‍ ഭിന്നതയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫില്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമില്ല. അഭിപ്രായ വ്യത്യാസമുണ്ടെന്ന് മുഖ്യമന്ത്രി സ്വപ്നം കാണേണ്ട എന്നും ചെന്നിത്തല പറഞ്ഞു. വിസിമാരുടെ രാജി ഗവര്‍ണര്‍ ആവശ്യപ്പെട്ടത് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ്. സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വിസിമാരുടേത് രാഷ്ട്രീയ നിയമനമാണ് എന്നത് തന്നെയാണ് യുഡിഎഫ് നിലപാട് എന്നും ചെന്നിത്തല പറ‍ഞ്ഞു.

ഇന്നലെ വാര്‍ത്താക്കുറിപ്പിറക്കുകയും പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഗവര്‍ണറുടെ അന്ത്യശാസനം സ്വാഗതം ചെയ്തിരുന്നു. പിന്‍വാതില്‍ നിയമനങ്ങള്‍ തകൃതിയായി നടത്താന്‍ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാന്‍സലര്‍മാരാക്കിയതെന്ന് പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നതാണെന്നും അപ്പോഴെല്ലാം സര്‍ക്കാരിന്‍റെ ചട്ടവിരുദ്ധ നിയമനങ്ങള്‍ക്ക് ഗവര്‍ണറും കൂട്ടുനിന്നിരുന്നെന്നും സതീശന്‍ പറഞ്ഞു. അങ്ങനെ ചെയ്ത ഗവര്‍ണര്‍ ഇപ്പോള്‍ ചെയ്ത തെറ്റ് തിരുത്താന്‍ തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി. അത്‌ എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ജനാധിപത്യ – ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട്, രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചട്ടവിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ എല്ലാ സര്‍വകലാശാലാ നിയമനങ്ങളും എതിര്‍ക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണ്. അത് നിലനില്‍ക്കുമ്ബോള്‍ തന്നെ, സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാട് ചാന്‍സലര്‍ സ്ഥാനത്തിരുന്ന് ഗവര്‍ണര്‍ സ്വീകരിച്ചാല്‍ ചോദ്യം ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ഗവര്‍ണറുടെ തീരുമാനം വന്നതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ച മുസ്ലിം ലീഗ് നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായി ഇ.ടി.മുഹമ്മദ് ബഷീര്‍, ഗവര്‍ണറുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ആളെന്ന നിലയില്‍ ഗവര്‍ണര്‍മാരുടെ നിയമനവും പ്രവര്‍ത്തനവും അടുത്ത് നിന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഗവര്‍ണര്‍മാര്‍ സാധാരണ സര്‍വകലാശാലകളില്‍ ഇടപെടാറില്ല. സര്‍ക്കാരുമായി വിയോജിപ്പുണ്ടാകാം. സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ പറയുന്ന എല്ലാം അംഗീകരിക്കണമെന്നില്ല. പക്ഷേ ഗവര്‍ണറുടെ ഇപ്പോഴത്തെ നടപടി ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഇതിനു പിന്നാലെ മുസ്ലിം ലീഗിന്റെ വാര്‍ത്താക്കുറിപ്പും വന്നിരുന്നു. ഗവര്‍ണറുടെ നടപടി അതിരുകടന്നതാണെന്നും പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നുമാണ് ലീഗിന്‍റെ വിമര്‍ശനം. സുപ്രീംകോടതി വിധിയിലേക്ക് നയിച്ച സഹാചര്യം സര്‍ക്കാര്‍ ഗൗരവമായി കാണേണ്ടതാണെന്നും ലീഗ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക