തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ പിണറായി വിജയനെ തേജോവധം ചെയ്തിട്ടും നിങ്ങള്‍ പറഞ്ഞത് ജനം കേട്ടോ എന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് കോണ്‍ഗ്രസ് എംപി. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ചോദ്യം വൈറല്‍. ചാനലിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം. എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ശശി തരൂരിനെതിരെ ആരോപണമുന്നയിക്കുമ്ബോഴായിരുന്നു ഉണ്ണിത്താന്‍ ഇങ്ങനെ മറുപടി പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിക്കുന്ന തരത്തിലേക്ക് ഈ പരാമര്‍ശം ചര്‍ച്ചയാകുന്നുണ്ട്.

ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ ഏതെങ്കിലും ഒരു കമ്മിറ്റി മീറ്റിങ്ങില്‍ തരൂര്‍ പങ്കെടുത്തിട്ടുണ്ടോ, ഏതെങ്കിലും പ്രതിഷേധ സമരങ്ങളില്‍ അദ്ദേഹം ഭാഗമായിട്ടുണ്ടോ എന്ന ചോദ്യം അവതാരകനായ വിനു വി. ജോണിനോട് ഉണ്ണിത്താന്‍ ചോദിച്ചപ്പോള്‍, എപ്പോഴും തെരുവിലിറങ്ങി ജാഥ നടത്തുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനം. തരൂരിന്റെ പ്രസംഗവും എഴുത്തും വലിയ രീതിയില്‍ സ്വാധീനിക്കപ്പെടുന്നുണ്ട്. രാജ്യം മാത്രമല്ല ലോകവും അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ടെന്നാണ് വിനു മറുപടി പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന് തിരിച്ചടിച്ചപ്പോഴാണ്, നിങ്ങള്‍ പറയുന്നതല്ല ജനം കേള്‍ക്കുന്നത്, ചാനല്‍ ചര്‍ച്ചയില്‍ പിണറായി വിജയനെ തേജോവധം ചെയ്തിട്ടും നിങ്ങള്‍ പറഞ്ഞത് ജനം കേട്ടോ എന്ന് ഉണ്ണിത്താന്‍ ചോദിച്ചത്. ഇതോടെ ചര്‍ച്ച പുതിയ തലത്തിലെത്തി. പിണറായി വിജയനെ പരസ്യമായി അനുകൂലിക്കുകയാണ് രാജ്‌മോഹന്‍ ചെയ്തതെന്ന വാദം ശക്തമാണ്. പ്രതിപക്ഷം പിണറായിയ്‌ക്കെതിരെ ഉയര്‍ത്തിയ വാദങ്ങളാണ് ചാനല്‍ ചര്‍ച്ചകളിലും പ്രതിഫലിച്ചത്. എന്നാല്‍ സ്വര്‍ണ്ണ കടത്തില്‍ ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ക്ക് പിന്നില്‍ മാധ്യമങ്ങളാണെന്ന തരത്തിലേക്ക് രാജ്‌മോഹന്‍ കാര്യങ്ങളെത്തിച്ചു. അക്കാലത്ത് മുഖ്യമന്ത്രി പിണറായിയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ രാജ്‌മോഹനും ഉന്നയിച്ചിരുന്നു.

കാസര്‍ഗോഡിന്റെ എംപിയാണ് രാജ്‌മോഹന്‍. സിപിഎമ്മിന് ഏറെ സ്വാധീനമുള്ള മണ്ഡലം. പിണറായി വിജയനെ പിണക്കാതിരുന്നാല്‍ ആര്‍ക്കും എവിടേയും ജയിക്കാമെന്ന വിലയിരുത്തല്‍ ശക്തമാണ്. തന്നെ പ്രതിരോധിക്കാന്‍ എത്തുന്നവരോട് എന്നും കാരുണ്യം ചൊരിയുന്ന മനസ്സാണ് പിണറായിയുടേത്. അവിടെ രാഷ്ട്രീയ വിരോധം പോലും പിണറായി നോക്കാറില്ല. ഇത്തരമൊരു മാനസിക അടുപ്പം ഉണ്ടാക്കാനാണോ ഉണ്ണിത്താന്റെ ശ്രമമെന്ന വിലയിരുത്തലും രാഷ്ട്രീയ നിരീക്ഷകര്‍ക്ക് ഉണ്ടാകുന്നുണ്ട്. ആരേയും പരിധിവിട്ട് എതിര്‍ത്തിരുന്ന രാജ്‌മോഹനെ പോലൊരു നേതാവിന്റെ പിണറായി അനുകൂല പ്രസ്താവന വരും കാലത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവക്കും.

മുമ്ബ് പിണറായി വിജയന് അനുകൂലമായി ശശി തരൂര്‍ നിലപാട് എടുക്കുന്നുവെന്ന ആരോപണം കോണ്‍ഗ്രസിലെ ഗ്രൂപ്പ് നേതാക്കള്‍ ഉയര്‍ത്തിയിരുന്നു. വിഴിഞ്ഞത്തും അദാനിയിലും കെ റെയിലുമെല്ലാം ഇത് ചര്‍ച്ചയാക്കാന്‍ ശ്രമിച്ചവരുണ്ട്. ഇത്തരം നേതാക്കളിലെ പ്രമുഖനായ ഉണ്ണിത്താന്‍ ഇപ്പോള്‍ പിണറായിയെ അനുകൂലിക്കുന്നു. പിണറായിയെ മാധ്യമങ്ങള്‍ തേജോവധം ചെയ്തുവെന്നും പറയുന്നു. ഇതോടെ രാജ്‌മോഹന്റെ രാഷ്ട്രീയ മനസ്സുമാറ്റം എന്തിന് വേണ്ടിയാണെന്ന ചര്‍ച്ചകളും ഉയരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും വരെ ഏഷ്യാനെറ്റ് ന്യൂസിലെ പ്രതികരണം കേട്ട് ഞെട്ടി കാണണം.

ആയിരത്തിലേറെ വോട്ടുകള്‍ ശശി തരൂര്‍ നേടിയതോടെ കേരളത്തിലെ ഗ്രൂപ്പുപോരിന് മൂര്‍ച്ചയേറും. എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയുമൊന്നും സജീവമല്ലാത്ത സാഹചര്യത്തില്‍ തരൂരിനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ എ ഗ്രൂപ്പ് താല്‍പ്പര്യപ്പെടുന്നു. കേരളത്തില്‍നിന്ന് നൂറിലേറെ വോട്ട് തരൂരിന് കിട്ടിയത് എ ഗ്രൂപ്പിന്റെ പിന്തുണ തരൂരിന് ലഭിച്ചെന്ന് വ്യക്തമാക്കുന്നു. എന്നാല്‍, കേരളത്തിലെ ഹൈക്കമാന്‍ഡ് പക്ഷം തരൂരിനെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിലാണ്. തരൂര്‍ ആയിരത്തില്‍ കൂടുതല്‍ വോട്ട് പിടിച്ചതില്‍ വലിയ കാര്യമൊന്നുമില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് പരസ്യമായി പ്രതികരിച്ചു.

കെ സി വേണുഗോപല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ തുടങ്ങിയ നേതാക്കളും തരൂരിനെതിരായി രംഗത്തുണ്ട്. ചെന്നിത്തല ഖാര്‍ഗെയ്ക്കായി പ്രചാരണത്തിനും ഇറങ്ങി. എന്നിട്ടും കേരളത്തില്‍ വോട്ട് കുറഞ്ഞില്ല. ഇതിന് പിന്നാലെയാണ് തരൂരിനെ കളിയാക്കി ഉണ്ണിത്താന്‍ എത്തുന്നത്. കേരളത്തിലെ മുതിര്‍ന്ന ഗ്രൂപ്പ് നേതാക്കള്‍ എത്രത്തോളം തരൂരിനെ ഭയക്കുന്നുവെന്നതിന് തെളിവാണ് പിണറായിയെ പോലും ന്യായീകരിക്കുന്ന ഉണ്ണിത്താന്റെ പ്രസ്താവന.

തരൂരിനെതിരെ രാജ് മോഹന്‍ ഉണ്ണിത്താന്‍ കടന്നാക്രമണം തന്നെ നടത്തുകയാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തരൂര്‍ നെഹ്‌റു കുടുംബത്തെ ദുരുപയോഗം ചെയ്‌തെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. സോണിയയുടെയും രാഹുലിന്റെയും പിന്തുണ തനിക്കെന്ന് തരൂര്‍ പറഞ്ഞു. പാര്‍ട്ടി സമരങ്ങളിലോ യോഗങ്ങളിലോ തരൂര്‍ പങ്കെടുക്കാറുണ്ടായിരുന്നില്ലെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്തുള്ളവര്‍ വോട്ട് ചെയ്തുവെന്ന ആരോപണം തെളിയിക്കാന്‍ തരൂരിനെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വെല്ലുവിളിച്ചു. താന്‍ വരണാധികാരിയായ തെലങ്കാന പിസിസിയിലെ വോട്ടെടുപ്പില്‍ എന്തെങ്കിലും കൃത്രിമം നടന്നതായി തരൂര്‍ തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും മറിച്ചാണെങ്കില്‍ തരൂര്‍ മാപ്പ് പറയാന്‍ തയ്യാറാവണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

തെലങ്കാനയിലെ പിസിസി അംഗങ്ങളുടെ ലിസ്റ്റടങ്ങിയ വോട്ടര്‍ പട്ടിക എന്റെ കൈവശമുണ്ട്. പോളിംഗിന് വന്നവര്‍ ഒപ്പിട്ട ലിസ്റ്റും എന്റെ കൈവശമുണ്ട്. ആ ലിസ്റ്റില്‍ ഇല്ലാത്ത ഒരാള്‍ അധികമായി വോട്ട് ചെയ്തുവെന്ന് തെളിയിച്ചാല്‍ ഞാന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും ഉണ്ണിത്താന്‍ പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തെലുങ്കാനയടക്കം വിവിധ സംസ്ഥാനങ്ങളില്‍ ക്രമക്കേട് നടന്നിരുന്നുവെന്ന് ശശി തരൂര്‍ ആരോപിച്ചിരുന്നു ഇതിന് പിന്നാലെയാണ് രാജ് മോഹന്‍ ഉണ്ണിത്താന്റെ ആരോപണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക