
നവകേരള സദസ് ആരും മറന്നു കാണില്ല അല്ലേ ? അപ്പോള്‍ പിന്നെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി അന്ന് കാട്ടിക്കൂട്ടിയതും മറക്കില്ല. മുഖ്യമന്ത്രിക്കു മേല്‍ ഇത്രയുംകാലം പൊലീസ് സാക്ഷ്യപ്പെടുത്തിക്കൊണ്ടിരുന്ന ‘സുരക്ഷാ ഭീഷണി’ ലോക്സഭാ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ കാണ്മാനില്ല. തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കാൻ ജില്ലയില്‍ മുഖ്യമന്ത്രി എത്തിയതും പലയിടങ്ങളിലായി സഞ്ചരിച്ചതും അതിഭീകര സുരക്ഷയുടെ ബുദ്ധിമുട്ടുകളുണ്ടാക്കാതെ.
നാടുമുഴുവൻ ഗതാഗതം തടഞ്ഞും അഗ്നിരക്ഷാസേന മുതല്‍ ആംബുലൻസ് വരെ ഉള്‍പ്പെടുന്ന വാഹനവ്യൂഹമൊരുക്കിയും വിവാദങ്ങളില്‍ ഇടംപിടിച്ച ‘നവകേരള സദസ്സ്’ മോഡല്‍ സുരക്ഷാ സന്നാഹം ഒഴിവാക്കി ലളിതമായിട്ടായിരുന്നു പല സ്ഥലത്തേക്കുമുള്ള പ്രചാരണ യാത്രകള്‍. ഇരിങ്ങാലക്കുടയിലും തൃശൂരിലും ചാവക്കാട്ടും മുഖ്യമന്ത്രിയെത്തിയതു ജനത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നവിധമുള്ള സുരക്ഷാ സന്നാഹങ്ങളില്ലാതെയാണ്.
പൈലറ്റ്, എസ്കോർട്ട് പൊലീസ് വാഹനങ്ങള്‍ക്കു പുറമെ അംഗരക്ഷകരുടെ വാഹനങ്ങളടക്കം അരഡസനില്‍ താഴെ വാഹനങ്ങള്‍ മാത്രം ഉള്‍പ്പെട്ട വ്യൂഹമാണു മുഖ്യമന്ത്രിക്കു സുരക്ഷയൊരുക്കാൻ ഉണ്ടായിരുന്നത്. 7 ആയുധധാരികളടക്കം 25 കമാൻഡോകള്‍ ഉള്‍പ്പെട്ട ദ്രുതകർമസേന, 2 എസ്കോർട്ട് വാഹനങ്ങള്‍, ഒരു പൈലറ്റ് വാഹനം, സ്ട്രൈക്കർ ഫോഴ്സ്, സ്പെയർ വാഹനം തുടങ്ങിയവ ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങള്‍ അണിനിരക്കുന്ന സുരക്ഷാ സന്നാഹം തുടങ്ങിയവ ഒഴിവാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊതുപരിപാടി നടക്കുന്ന സ്ഥലങ്ങളില്‍ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, അഗ്നിരക്ഷാ സേന, മെഡിക്കല്‍ സംഘം, ആംബുലൻസുകള്‍ തുടങ്ങിയവ നേരത്തെ ഏർപ്പെടുത്താറുണ്ടെങ്കിലും കഴിഞ്ഞ ദിവസം മെറ്റല്‍ ഡിറ്റക്ടർ പോലുമുണ്ടായിരുന്നില്ല.
മുൻകൂറായി ഗതാഗതം തടസ്സപ്പെടുത്തി റോഡ് ക്ലിയറിങ് പാർട്ടിയെ നിയോഗിക്കുന്ന രീതിയുമുണ്ടായില്ല.യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രവർത്തകർ ഭാരിച്ച സുരക്ഷയുടെ ശ്വാസംമുട്ടലില്ലാതെയാണു പങ്കെടുത്തത്. വേദിയുടെ ഏറെ മുന്നില്‍ ജനത്തെ ബാരിക്കേഡ് കെട്ടി അകറ്റിയിരുത്തുന്ന രീതിയുമുണ്ടായില്ല. മുദ്രാവാക്യം വിളിക്കുന്ന പ്രവർത്തകർ അരികില്‍ ചേർന്നു നില്‍ക്കെയാണു മുഖ്യമന്ത്രി ഇരിങ്ങാലക്കുടയിലെ വേദിയിലെത്തിയത്. തിരികെ പോകുമ്ബോള്‍ മൈതാനത്തിന്റെ മതില്‍ ചാടിക്കടന്നു ജനം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനരികില്‍ റോഡിലുടനീളം നിന്നിരുന്നെങ്കിലും പൊലീസ് ലാത്തിയുമായി ചാടിവീണില്ല.