‘വണക്കം, ഉങ്കള്‍ മീനവന്‍’, ഒരു മത്സ്യത്തൊഴിലാളിയുടെ ജീവിതത്തിലെ ഓരോ നിമിഷവും യുട്യൂബ് ചാനലിലൂടെ ലോകത്തിന് മുന്നിലേക്ക് എത്തിക്കുന്നതിന് മുന്‍പ് തമിഴ്നാട് സ്വദേശിയായ ജെ കിങ്സ്റ്റണ്‍ പറയുന്ന വാചകങ്ങളാണിത്. ഉങ്കള്‍ മീനവന്‍ മൂക്കയൂര്‍ എന്നാണ് കിങ്സ്റ്റണിന്റെ ചാനലിന്റെ പേര്. എങ്ങനെയാണ് മീന്‍ പിടിക്കുന്നതെന്നും മത്സ്യബന്ധന ബോട്ടില്‍ വച്ച്‌ തന്നെ കറി വച്ച്‌ കഴിക്കുമെന്നതുമെല്ലാം ചാനലിലൂടെ കിങ്സ്റ്റണ്‍ തുറന്നുകാട്ടി. 15 ലക്ഷത്തോളം കാഴ്ചക്കാരാണ് കിങ്സ്റ്റണിന്റെ ചാനലിനുള്ളത്. ആയിരത്തിലധികം വീഡിയോകളും അപ്ലോഡ് ചെയ്തിട്ടുണ്ട്.

എല്ലാത്തിന്റേയും തുടക്കം ഇങ്ങനെ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന മൂക്കയൂരിലാണ് കിങ്സ്റ്റണിന്റെ ജനനം. തമിഴ്നാടുള്ള രാമനാഥപുരം ജില്ലയിലാണ് ഈ പ്രദേശം. നെറ്റ്വര്‍ക്ക് കണക്ഷന്‍ പോലും ലഭ്യമല്ലാത്ത ഗ്രാമത്തില്‍ വളര്‍ന്ന കിങ്സ്റ്റണിന്റെ മുന്നിലേക്ക് ടിക്ക് ടോക്ക് എത്തുന്നത് 2018-ലാണ്. ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിനായി പോകുമ്ബോള്‍ ഇടവേളകളില്‍ വീഡിയോകള്‍ ചെയ്യാനും ആരംഭിച്ചു. അങ്ങനെയിരിക്കെയാണ് ചിന്ന സുര (ചെറിയ സ്രാവ്) വലയില്‍ കുടുങ്ങിയത്. ധനുഷിന്റെ മരിയാന്‍ എന്ന ചിത്രത്തില്‍ കൊമ്ബൈ സൂര എന്ന ഗാനവും ചേര്‍ത്ത് കിങ്സ്റ്റണ്‍ ചെയ്ത വീഡിയോ ഒറ്റ രാത്രകൊണ്ട് വൈറലായി. സാധാരണ സ്മാര്‍ട്ട്ഫോണില്‍ നിന്നുള്ള വളര്‍ച്ചയുടെ തുടക്കം അവിടെ നിന്നായിരുന്നു.

പിന്നീടായിരുന്നു കൂടുതല്‍ കണ്ടെന്റ് ഇത്തരത്തില്‍ ഉണ്ടാക്കാന്‍ തുടങ്ങിയത്. മത്സ്യത്തൊഴിലാളികളുടെ ജീവിതം ടിക്ക് ടോക്കിലൂടെ കണ്ട് നിരവധി പേര്‍ കിങ്സ്റ്റണിന്റേയും കൂട്ടരുടേയും ആരാധകരായി. ടിക്ക് ടോക്കിലെ ആരാധകരാണ് ദൈര്‍ഘ്യമേറിയ വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതിനായി യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ വിദ്യാഭ്യാസമുള്ള നിരവധി പേരുണ്ടെങ്കിലും യുട്യൂബ് ചാനല്‍ എങ്ങനെ തുടങ്ങണമെന്നത് സംബന്ധിച്ച്‌ ആര്‍ക്കും അറിവുണ്ടായിരുന്നില്ല. പിന്നീട് നിരവധി പേരുടെ സഹായത്തോടെയാണ് ചാനല്‍ തുടങ്ങിയതും വീഡിയോകള്‍ അപ്ലോഡ് ചെയ്യാന്‍ ആരംഭിച്ചതും.

എഡിറ്റ് ചെയ്യാനുള്ള നിര്‍വാഹമില്ലാത്തതിനാല്‍ ഷൂട്ട് ചെയ്യുന്ന വീഡിയോകളെല്ലാം അപ്ലോഡ് ചെയ്തു കിങ്സ്റ്റണ്‍. ഗ്രാമത്തില്‍ നെറ്റ്വര്‍ക്ക് ലഭ്യമല്ലാത്തതിനാല്‍ കിലോ മീറ്ററുകള്‍ അകലെയുള്ള സായല്‍ഗുഡിയിലെത്തിയായിരുന്നു അപ്ലോഡ് ചെയ്തിരുന്നത്. മണിക്കൂറുകള്‍ വേണ്ടി വരുമായിരുന്നു ഒരു വീഡിയോ അപ്ലോഡാകാന്‍. പലരും കിങ്സ്റ്റണിനും കൂട്ടുകാര്‍ക്കും ഭ്രാന്താണെന്നാണ് വിചാരിച്ചിരുന്നത്.

യുട്യൂബറില്‍ നിന്ന് സംരഭകനിലേക്ക്

വീഡിയോകള്‍ക്ക് സ്വീകാര്യത ലഭിച്ചതോടെ ആളുകള്‍ക്ക് കിങ്സ്റ്റണും കൂട്ടരും പിടിക്കുന്ന മീനും വേണമെന്നായി. ചിലര്‍ നേരിട്ടെത്തി മേടിച്ചെങ്കിലും പിന്നീട് ഉണക്ക മീന്‍ അയച്ചു നല്‍കാമെന്ന ആശയത്തിലേക്ക് എത്തുകയായിരുന്നു. കോവിഡ് സമയത്തില്‍ ലോക്ക്ഡൗണ്‍ വന്നതോടുകൂടി ബിസിനസില്‍ ചെറിയ ഇടിവ് സംഭവിക്കുകയും പരിസരത്തുള്ളവര്‍ക്ക് മാത്രമായി വില്‍പ്പന ഒതുങ്ങുകയും ചെയ്തു.

2020 ലായിരുന്നു ഒരാള്‍ ഉങ്കള്‍ മീനവന്‍ എന്ന പേരില്‍ കട തുടങ്ങാമെന്ന ആശയവുമായി എത്തിയത്. ലാഭത്തിന്റെ ഒരു വിഹിതം കിങ്സ്റ്റണിനും കൂട്ടര്‍ക്കും നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. കട തുടങ്ങിയതും മിന്നല്‍ വേഗത്തിലായിരുന്നു വളര്‍ച്ച. പിന്നീട് ഒരു കടയില്‍ നിന്ന് രണ്ടായി മൂന്നായി അങ്ങനെ വര്‍ധിച്ചു. നിലവില്‍ തമിഴ്നാട്ടില്‍ 21 കടകളാണ് ഉള്ളത്.

ഭാവി പരിപാടികള്‍

ഉങ്കള്‍ മീനവന്‍ പ്രൈവറ്റ് ലിമിറ്റഡ് ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു. മീന്‍ മാത്രമല്ല അനുബന്ധ ബിസിനസുകളിലേക്ക് കടക്കുകയാണ് കിങ്സ്റ്റണും കൂട്ടുകാരും. മീന്‍ കറി വയ്ക്കുന്ന മാസലകള്‍ മുതല്‍ സീ ഫുഡ് ലഭ്യമാകുന്ന ഹോട്ടലുകള്‍ വരെ തുടങ്ങനാണ് പദ്ധതി. തങ്ങളുടെ വളര്‍ച്ചയില്‍ ഗ്രാമത്തേയും ഒപ്പം കൂട്ടുകയാണ് കിങ്സ്റ്റണ്‍. അന്‍പതോളം വീടുകള്‍ക്ക് വൈഫൈ കണക്ഷന്‍ എത്തിച്ചു നല്‍കി. എല്ലാം കേവലം ഒന്നര വര്‍ഷം കൊണ്ടുണ്ടായ മാറ്റങ്ങളാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക