കേരള കോൺഗ്രസ് എം പാർട്ടിയുടെ പുതിയ ചെയർമാനായി ജോസ് കെ മാണി ഇന്നലെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കേഡർ പാർട്ടിയായി രൂപാന്തരപ്പെട്ടു എന്നാണ് അവരുടെ ഇപ്പോഴത്തെ അവകാശവാദം. കേഡർ ആയോ ഇല്ലയോ എന്നതിനപ്പുറം മറ്റൊരു കാര്യം കേരളകോൺഗ്രസിൽ സംഭവിച്ചു. പാർട്ടിയെ പൂർണമായും ജോസ് കെ മാണി കയ്യടക്കി.

വർക്കിംഗ് ചെയർമാൻ പദവി എടുത്തു കളഞ്ഞു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെഎം മാണിയും പിജെ ജോസഫും ലയിച്ചപ്പോൾ സൃഷ്ടിക്കപ്പെട്ട തസ്തികയാണ് പാർട്ടി വർക്കിംഗ് ചെയർമാൻ. കെഎം മാണി ചെയർമാനും പി ജെ ജോസഫ് വർക്കിഗ് ചെയർമാനും ആയിട്ടാണ് മുന്നോട്ട് പോയിരുന്നത്. കെ എം മാണിയുടെ മരണത്തോടെ ഈ പദവിയെ ചൊല്ലിയാണ് വീണ്ടും കേരള കോൺഗ്രസിൽ പിളർപ്പ് ഉണ്ടായത്. അതുകൊണ്ടുതന്നെ സമാനമായ ഒരു സാഹചര്യം ഇനി ഉണ്ടാകാതിരിക്കാൻ പാർട്ടി വർക്കിംഗ് ചെയർമാൻ പദവി തന്നെ ഒഴിവാക്കിയിരിക്കുകയാണ്.

മന്ത്രി റോഷി അഗസ്റ്റിനെ വെട്ടിനിരത്തി?

മന്ത്രി റോഷി അഗസ്റ്റിന് പൂർണമായും വെട്ടി നിരത്തിയാണ് പാർട്ടി പുനസംഘടന പൂർത്തിയാകുന്നത്. പാർട്ടിയുമായി ബന്ധപ്പെട്ട ഉന്നതാധികാര സമിതി അംഗത്വം അല്ലാതെ മറ്റു പദവികളൊന്നും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. ക്യാബിനറ്റ് റാങ്കിലുള്ള എൻ ജയരാജും, തോമസ് ചാഴികാടനും വൈസ് ചെയർമാൻ മാരായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും റോഷിക്ക് പാർട്ടി പദവികളൊന്നും നൽകാത്തത് നാളുകളിൽ ഒരു ഭീഷണി ഉയരാതിരിക്കാൻ ഉള്ള ജോസ് കെ മാണിയുടെ മുൻകരുതൽ ആണെന്ന് തന്നെ വേണം വിലയിരുത്താൻ. മന്ത്രിയായി ഇരിക്കുന്നത് കൊണ്ടാണ് പാർട്ടി പദവികൾ കൊടുക്കാത്തത് എന്ന് വിശദീകരണവും കേരളാകോൺഗ്രസ് കേന്ദ്രങ്ങളിൽനിന്ന് നൽകി തുടങ്ങിയിട്ടുണ്ട്.

മന്ത്രിയുടെ പാലായിലെ സാന്നിധ്യം പോലും ആശങ്ക

മന്ത്രി പദവി അലങ്കരിക്കുന്ന റോഷി അഗസ്റ്റിൻ ഇപ്പോൾ പാലായിൽ ഒരു സ്ഥിരം സാന്നിധ്യമാണ്. ഈ സാന്നിധ്യം പോലും പാർട്ടി ഉന്നത നേതൃത്വത്തിന് ആശങ്ക ഉണ്ടാക്കുന്നുണ്ട് എന്നാണ് ഒരു വിഭാഗം ആളുകൾ വിശദീകരിക്കുന്നത്. പാലാ സീറ്റിൽ ജോസ് കെ മാണിക്ക് ഒരു അങ്കത്തിന് കൂടിയുള്ള ബാല്യം ഉണ്ടെന്ന് ആരും കരുതുന്നില്ല. നിയമസഭാ പ്രവേശനത്തിൽ അദ്ദേഹം തീരുമാനം എടുക്കുകയാണെങ്കിൽ പോലും അത് മറ്റൊരു സീറ്റിൽ നിന്നാവും എന്ന പ്രചരണങ്ങൾ സജീവമാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ റോഷി പാലായിലേക്ക് ചുവട് മാറുന്നത് സീറ്റ് പിടിച്ചെടുക്കാൻ പാർട്ടിയെ സഹായിക്കും എന്ന് പാർട്ടിക്കുള്ളിൽ പലരും വിലയിരുത്തുമ്പോൾ അതിനുള്ള സാധ്യതകൾ പൂർണമായും തള്ളുന്ന സമീപനമാണ് ജോസിനോട് അടുത്തു നിൽക്കുന്നവർ പുലർത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക