തിരുവനന്തപുരം: സര്‍ക്കാരിന് നിര്‍ണായകമായ ലോകായുക്ത നിയമ ഭേദഗതി അടക്കം നാലു വിവാദ ബില്ലുകള്‍ മാറ്റിവയ്ക്കാന്‍ രാജ്ഭവന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്നലെ ബില്ലുകള്‍ സൂക്ഷ്മപരിശോധനയ്ക്കെത്തിച്ചപ്പോഴാണ് ഗവര്‍ണര്‍ ഈ നിര്‍ദ്ദേശം നല്‍കിയത്.

നിയമസഭ പാസാക്കിയ 11 ബില്ലുകളില്‍ ഏഴെണ്ണം ഒപ്പിട്ടിട്ടുണ്ട്. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് റദ്ദാക്കല്‍, മലപ്പുറം ജില്ലാ ബാങ്കിനെ കേരളാ ബാങ്കില്‍ ലയിപ്പിക്കല്‍, ലോകായുക്ത, വൈസ്ചാന്‍സലര്‍ നിയമന ഭേദഗതി ബില്ലുകളാണ് മാറ്റിവച്ചത്. ഇതില്‍ ആദ്യ രണ്ടെണ്ണം മന്ത്രിമാരോ വകുപ്പ് സെക്രട്ടറിമാരോ എത്തി വിശദീകരണം നല്‍കിയാല്‍ ഒപ്പിടാനിടയുണ്ട്. ലോകായുക്ത, സര്‍വകലാശാലാ ഭേദഗതി ബില്ലുകളില്‍ തീരുമാനമെടുത്തേക്കില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ രാത്രി 9ന് ഹൈദരാബാദിലേക്ക് പോയ ഗവര്‍ണര്‍ ഡല്‍ഹി, ഡെറാഡൂണ്‍ എന്നിവിടങ്ങളിലെ പരിപാടികള്‍ക്ക് ശേഷം 11ന് തിരിച്ചെത്തും. അതിനു ശേഷം ,ബില്ലുകളില്‍ ഒപ്പിടണമെന്നഭ്യര്‍ത്ഥിച്ച്‌ ചീഫ്സെക്രട്ടറിയോ മന്ത്രിമാരോ രാജ്ഭവനിലെത്തിയേക്കും. ലോകായുക്ത ഭേദഗതി ബില്ലില്‍ ഒപ്പിടാത്തതാണ് സര്‍ക്കാരിന് തലവേദന. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ ദുരിതാശ്വാസ നിധി ദുരുപയോഗ കേസില്‍ ലോകായുക്ത ഉത്തരവിറക്കുന്നത് മാറ്റിവച്ചിരിക്കുകയാണ്.

വിചാരണ പൂര്‍ത്തിയായിട്ട് ആറു മാസമായി. നിയമഭേദഗതി ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കും മുന്‍പ് ഉത്തരവ് വരുകയും അത് പ്രതികൂലമാകുകയും ചെയ്താല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാവും. പൊതുപ്രവര്‍ത്തകരുടെ അഴിമതി തെളിഞ്ഞാല്‍ ഔദ്യോഗിക സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നു ലോകായുക്തയ്ക്കു വിധിക്കാം. ബന്ധു നിയമനക്കേസില്‍ കെ.ടി.ജലീലിനു മന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടി വന്നത് ഇങ്ങനെയാണ്.

ഓര്‍ഡിനന്‍സ് അസാധുവായതോടെ, ഭേദഗതിക്കു മുന്‍പുള്ള നിയമം പുനഃസ്ഥാപിക്കപ്പെട്ടു. വൈസ്ചാന്‍സലര്‍ നിയമന ഭേദഗതി നിയമമായാല്‍, സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിക്കാന്‍ താന്‍ ബാദ്ധ്യസ്ഥനാവുമെന്നും ,വി.സി നിയമനത്തിന്റെ സ്വതന്ത്ര സ്വഭാവം ഇല്ലാതാവുമെന്നുമാണ് ഗവര്‍ണറുടെ നിലപാട്. ബില്ലുകള്‍ തിരിച്ചയയ്ക്കാതെ പിടിച്ചു വയ്ക്കാനും, രാഷ്ട്രപതിയുടെ അനുമതിക്ക് അയയ്ക്കാനും ഗവര്‍ണര്‍ക്ക് അധികാരമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക