ഫ്ളോറിഡ: മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ഇയാന്‍ ചുഴലിക്കാറ്റില്‍ ഫ്ളോറിഡയില്‍ വ്യാപക നാശനഷ്ടം. നിരവധി പേരെ കാണാതായിട്ടുണ്ട്. വൈദ്യുത വിതരണം ഇനിയും പുനസ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ തെക്കുകിഴക്കന്‍ ഫ്ളോറിഡ ഇരുട്ടിലാണ്. വീടുകളിലേക്ക് കടല്‍വെള്ളം ഇരച്ചുകയറി. നിരവധി വാഹനങ്ങളാണ് ഒലിച്ചുപാേയത്. കാറുകള്‍ ഉള്‍പ്പടെയുള്ളവ ശക്തമായ കാറ്റില്‍ പറന്ന് നദികളിലും കടലുകളിലും വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

കടല്‍വെള്ളം റോഡുകളിലേക്ക് കയറിയതോടെ സ്രാവുകള്‍ കൂട്ടത്തോടെ റോഡുകളില്‍ എത്തുകയും ചെയ്തു. റോഡുകളില്‍ സ്രാവുകള്‍ നീന്തി നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചുഴലിക്കാറ്റായിരുന്നു ഇയാന്‍ എന്നാണ് റിപ്പോര്‍ട്ട്. ക്യൂബന്‍ തീരത്ത് നിന്ന് മെക്‌സിക്കന്‍ കടലിടുക്കിലേക്ക് പ്രവേശിച്ച ഇയാന്‍ കാറ്റഗറി നാല് വിഭാഗത്തില്‍പ്പെട്ട അതിശക്തമായ ചുഴലിക്കാറ്റായി മാറുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കനത്തമഴയോടെ എത്തിയ ചുഴലിക്കാറ്റില്‍ നിരവധി ബോട്ടുകളാണ് മുങ്ങിയത്. കു‌ടിയേറ്റക്കാരായ ഇരുപതോളം പേരെയാണ് കാണാതായത്. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 18 ലക്ഷത്തിലധികം ജനങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പ്രധാന വരുമാന മാര്‍ഗമായ പുകയിലവ്യവസായത്തെ ചുഴലിക്കാറ്റ് കാര്യമായി ബാധിച്ചിട്ടുണ്ട്. തോട്ടങ്ങള്‍ ഒട്ടുമിക്കതും നാമാവേശേഷമായ അവസ്ഥയിലാണ്. വീടുകള്‍ക്കും വ്യാപകമായ നാശമാണ് ഉണ്ടായിരിക്കുന്നത്. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകള്‍ പുറത്തുവരണമെങ്കില്‍ ഇനിയും ദിവസങ്ങളെടുക്കും. ചുഴലിക്കാറ്റ് റിപ്പാേര്‍ട്ട് ചെയ്യുന്നതിനിടെ മാദ്ധ്യമപ്രവര്‍ത്തകന്‍ നിലതെറ്റി വീഴുന്നതിന്റെയും റോഡില്‍ സ്രാവുകള്‍ നീന്തിനടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക