
ദോഹ: ലോകകപ്പ് ടിക്കറ്റിനായി കാത്തിരിക്കുന്ന ആരാധകരിലെ ഭാഗ്യവാന് സൂപ്പര്‍ ബംപര്‍ പ്രഖ്യാപിച്ച് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി. ലോകകപ്പിലെ 64 മത്സരങ്ങളും കാണാനും വി.ഐ.പി പരിവേഷത്തോടെ സ്റ്റേഡിയങ്ങളില്‍ നിന്ന് സ്റ്റേഡിയങ്ങളിലേക്ക് സഞ്ചരിക്കാനമുള്ള സൂപ്പര്‍ ബംപറാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സുപ്രീം കമ്മിറ്റി വെബ്സൈറ്റില്‍ അപേക്ഷിക്കുകയാണ് ആദ്യ നടപടി. നിര്‍ദേശിക്കുന്ന യോഗ്യതയുള്ളവരില്‍ നിന്നും തെരഞ്ഞെടുക്കുന്നവനെയാണ് ഓണം ബംപറിനേക്കാള്‍ വിലപ്പെട്ട ഭാഗ്യം കാത്തിരിക്കുന്നത്. ‘എവരി ബ്യൂട്ടിഫുള്‍ ഗെയിം’ എന്ന തലക്കെട്ടില്‍ പ്രഖ്യാപിച്ച മത്സരത്തിലൂടെയാണ് പങ്കാളിയാവാന്‍ അവസരം ഒരുക്കുന്നത്. സുപ്രീം കമ്മിറ്റിയുടെ വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ചു നല്‍കി, 20 മുതല്‍ 60 സെക്കന്‍ഡ് വരെയുള്ള ആമുഖ വീഡിയോയും അയച്ച് 21 വയസ്സ്പൂര്ത്തിയായ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.