ന്യൂഡല്‍ഹി: അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃനിരയിലേക്ക് വീണ്ടുമൊരു മലയാളി എത്തുമോ? ശശി തരൂര്‍ രണ്ടും കല്‍പ്പിച്ചുള്ള കരുനീക്കങ്ങളുമായി സജീവമാണ്. കോണ്‍ഗ്രസിലെ എല്ലാവരുടെയും സ്വീകാര്യനാകാനാണ് തരൂര്‍ ശ്രമിക്കുന്നത്. താന്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നത് ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമായല്ലെന്നാണ് തരൂരിന്റെ പക്ഷം. തനിക്ക് ഒരു അവസരം നേതൃത്വം നല്‍കണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അത് ഗാന്ധി കുടുംബത്തിന്റെ സമ്മതത്തോടെ ആണെങ്കിലും അതും വളരെ നന്നാകുമെന്നും അദ്ദേഹം കണക്കൂ കൂട്ടുന്നു. ഗ്രൂപ്പുകള്‍ക്ക് അതീതമായി തരൂരിന് ഇപ്പോള്‍ പിന്തുണ ലഭിക്കുന്നുണ്ട്. ഇക്കാര്യം സോണിയയും ശ്രദ്ധിക്കുന്നുണ്ട്.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം വീണ്ടും ഏറ്റെടുക്കാനില്ലെന്നു രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ആ തീരുമാനം അദ്ദേഹം മാറ്റിയിട്ടില്ലെന്നും സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു. ഗാന്ധി കുടുംബത്തില്‍നിന്ന് ആരും പ്രസിഡന്റാകില്ലെന്നും അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ 95 ശതമാനത്തിലധികം പേരും രാഹുല്‍ പ്രസിഡന്റാകാന്‍ ആഗ്രഹിക്കുന്നു. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്താല്‍ ഭാരത് ജോഡോ പദയാത്രയില്‍ മുഴുവന്‍ സമയ യാത്രികനായി പങ്കെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചേക്കില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഘടനാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശശി തരൂര്‍ ഉള്‍പ്പെടെ ആര്‍ക്കും മത്സരിക്കാം. ഔദ്യോഗികവും അനൗദ്യോഗികവുമായ സ്ഥാനാര്‍ത്ഥികള്‍ വരും എന്നുള്ളതെല്ലാം മാധ്യമ സൃഷ്ടി മാത്രമാണെന്നും വേണുഗോപാല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ജനാധിപത്യപരമായി നടത്തുമെന്നും ആര്‍ക്കും മത്സരിക്കാമെന്നും ജനറല്‍ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. ഗാന്ധി കുടുംബം വിട്ടുനിന്നാല്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നതു പരിഗണിക്കുന്ന തരൂര്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. തിരുത്തല്‍വാദി സംഘത്തിന്റെ (ജി 23) മാത്രം പ്രതിനിധിയെന്ന നിലയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തരൂരിനു താല്‍പര്യമില്ല. ഗ്രൂപ്പുകള്‍ക്കതീതമായ പൊതുസ്വീകാര്യത തനിക്കു ലഭിക്കുന്നതിന്റെ സാധ്യതയാണു കൂടിക്കാഴ്ചകളില്‍ തരൂര്‍ പരിശോധിക്കുന്നത്. ലണ്ടനില്‍ ചികിത്സ പൂര്‍ത്തിയാക്കി ഈ മാസം പത്തിനു മടങ്ങിയെത്തുന്ന സോണിയ ഗാന്ധിയുമായും തരൂര്‍ കൂടിക്കാഴ്ച നടത്തിയേക്കും.

രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം കൈവിടാന്‍ അശോക് ഗെലോട്ടിന് താല്‍പ്പര്യമില്ല. ഇതോടെ കമല്‍നാഥിലേക്ക് നേതൃത്വം തിരിഞ്ഞെങ്കിലും അദ്ദേഹവും സമ്മതമല്ലെന്ന നിലപാടിലാണ്. ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ ശശി തരൂര്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസിലെ ഉള്‍പാര്‍ട്ടി ഭിന്നതകള്‍ ചര്‍ച്ചയാകും. അതുകൊണ്ട് തന്നെ ശശി തരൂരിനെ പോലൊരു എതിരാളിയെ കോണ്‍ഗ്രസ് ഹൈക്കമാണ്ട് ശത്രുവായി കാണാന്‍ ആഗ്രഹിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് അനുനയ ചര്‍ച്ചകള്‍ക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് എത്തിയത്. തരൂരിനോട് ഒരുമിച്ച്‌ നില്‍ക്കണമെന്നാണ് ഗലോട്ട് ആവശ്യപ്പെട്ടത്. പാര്‍ട്ടിയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നും പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക