കൊച്ചി: സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡന്‍ എംപിക്കെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ടില്‍ രൂക്ഷ പ്രതികരണവുമായി പരാതിക്കാരി. ഡിജിറ്റല്‍ തെളിവ് നല്‍കാനാണ് സിബിഐ ആവശ്യപ്പെട്ടത്. ഇര വേട്ടക്കാരന്റെ അടുത്ത് പോകുമ്ബോള്‍ ക്യാമറയും കൊണ്ടാണോ പോകുന്നതെന്ന് പരാതിക്കാരി ചോദിച്ചു. കേസ് മറ്റൊരു സംഘം അന്വേഷിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്നും പരാതിക്കാരി പറഞ്ഞു.

‘ഡിജിറ്റല്‍ റെക്കോര്‍ഡുകളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചത്. ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് അറിഞ്ഞിട്ടല്ലല്ലോ നമ്മള്‍ ഒരു സ്ഥലത്തേക്ക് പോകുന്നത്. അതിന്റെ വീഡിയോ ആവശ്യപ്പെടുന്നത് പരിഹാസ്യമായിട്ടാണ് തോന്നുന്നത്. ബാക്കിയുള്ള എല്ലാ തെളിവുകളിലും കൈമാറിയിരുന്നു.’ പരാതിക്കാരി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹൈബിക്കെതിരായ കേസ് മാത്രമാണ് അവസാനിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കെതിരായ കേസില്‍ ഡിജിറ്റല്‍ തെളിവ് അടക്കം ഹാജരാക്കിയിട്ടുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി.

‘അന്വേഷണത്തില്‍ തൃപ്തിയില്ല. പത്ത് വര്‍ഷമായി ഞാന്‍ പോരാടുകയാണ്. നീതി കിട്ടാന്‍ വേണ്ടി യാചിക്കേണ്ടി വരുന്ന അവസ്ഥയാണ്. നിയമപരമായി നേരിടും. കെ സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി എന്നിവരുടെ കാര്യത്തിലെല്ലാം എനിക്ക് ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ട്. അത് സമര്‍പ്പിച്ചിട്ടുണ്ട്. മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച്‌ അന്വേഷിക്കണം. കേസ് തെളിയിക്കേണ്ടത് ഇരയുടെ ബാധ്യതയായി മാറി. വേട്ടക്കാരന്‍ എന്നും സുരക്ഷിതനാണ്. മുമ്ബ് നേരിട്ട കൊടിയ പീഡനത്തേക്കോള്‍ വലിയ പീഡനമാണ് കേസ് തെളിയിക്കാന്‍ നേരിടേണ്ടി വരുന്നത്. കേരളത്തില്‍ മാത്രം എന്തുകൊണ്ട് ഇങ്ങനെ. അവര്‍ വിചാരണയെങ്കിലും നേരിടണം.’ പരാതിക്കാരി പറഞ്ഞു.

കേസില്‍ തെളിവ് കണ്ടെത്താനോ പരാതിക്കാരിക്ക് തെളിവ് ഹാജരാക്കാനോ കഴിഞ്ഞില്ലെന്നാണ് സിബിഐ കോടതിയില്‍ വ്യക്തമാക്കിയത്. പീഡന ആരോപണവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ ആദ്യത്തെ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആണ് കോടതിയില്‍ സമര്‍പ്പിച്ചത്. സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ പരാതിക്കാരിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക