വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയെ വെറുതെവിട്ട കോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പെണ്‍കുട്ടിയുടെ പിതാവ്. കേസിന്റെ വിധി വന്നശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ അപ്പീലിന് പോകില്ലെന്നും പ്രതിയെ വീട്ടുകാര്‍ കൈകാര്യം ചെയ്യുമെന്നും പിതാവ് പ്രതികരിച്ചു. പ്രതിയെ കിട്ടിയില്ലെങ്കില്‍ അവന്റെ വീട്ടുകാരെ തീര്‍ക്കും. താന്‍ ഭാവിയില്‍ കുറ്റക്കാരനാകുകയാണെങ്കില്‍ അതിന് കാരണം കോടതിയായിരിക്കുമെന്നും പിതാവ് വ്യക്തമാക്കി.

കേസിന്റെ വിസ്താരം നടക്കുമ്ബോള്‍ തന്നെ മകനെ വെറുതെവിടുമെന്ന് പ്രതിയുടെ പിതാവ് പറഞ്ഞിരുന്നു. കൊലപാതകം നടത്തിയതിനെ കുറിച്ച്‌ പ്രതി പൊലീസിനോട് സമ്മതിച്ചതാണ്. എന്നാല്‍, തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അംഗീകരിക്കാന്‍ സാധിക്കാത്ത വിധിയാണ് പുറപ്പെടുവിച്ചതെന്നും പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിധി വന്നശേഷം വളരെ വൈകാരികമായായിരുന്നു കുട്ടിയുടെ ബന്ധുക്കളും സമീപവാസികളും പ്രതികരിച്ചത്. ബന്ധുക്കള്‍ അലമുറയിടുന്നുണ്ടായിരുന്നു. ജനങ്ങളുടെ ഭാഗത്തുനിന്നും വളരെ രൂക്ഷമായ പ്രതികരണം ഉണ്ടാകുമെന്നറിഞ്ഞ പൊലീസ് പ്രതിക്ക് സംരക്ഷണ കവചമൊരുക്കിയാണ് കോടതിയില്‍ നിന്നും വാഹനത്തിനകത്ത് എത്തിച്ചത്. കൊലപാതകത്തിന് തെളിവില്ലെന്ന് കണ്ടാണ് കോടതി പ്രതിയെ വെറുതെ വിട്ടത്.

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയെ കേസിലെ പ്രതിയും പെണ്‍കുട്ടിയുടെ സമീപവാസിയുമായ അര്‍ജുനെ(24)യാണ് തെളിവില്ലെന്ന് കണ്ട് കോടതി വെറുതെവിട്ടത്. പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കട്ടപ്പന അതിവേഗ പ്രത്യേക കോടതി ജഡ്ജ് വി മഞ്ജു ഉത്തരവില്‍ വ്യക്തമാക്കി.

2021 ജൂണ്‍ 30-നാണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളില്‍ ആറുവയസ്സുകാരിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ടം റിപോര്‍ടിലാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സമീപവാസികൂടിയായ അര്‍ജുന്‍ പിടിയിലായി.

വണ്ടിപ്പെരിയാര്‍ സിഐ ആയിരുന്ന ടിഡി സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.സുനില്‍ മഹേശ്വരന്‍ പിള്ളയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍. വിശദമായ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് അര്‍ജുന്‍ സമ്മതിച്ചെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. പീഡനത്തിനിടെ കുട്ടി ബോധരഹിതയായെന്നും ഇതോടെ കെട്ടിത്തൂക്കിയെന്നും പ്രതി പറഞ്ഞതായും പൊലീസ് റിപോര്‍ടില്‍ പറയുന്നു.

അശ്ലീലചിത്രങ്ങള്‍ക്ക് അടിമയാണ് പ്രതിയെന്നും മൂന്നുവര്‍ഷത്തോളമായി പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പുറമെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിരുന്നു. 48 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. 69-ലധികം രേഖകളും കോടതിയില്‍ ഹാജരാക്കി. കുറ്റപത്രം സമര്‍പ്പിച്ച്‌ രണ്ടുവര്‍ഷത്തിന് ശേഷമാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക