പുനരാരംഭിച്ച കിൻഫ്ര വ്യവസായ പാർക്ക് ജലവിതരണ പദ്ധതിയ്ക്കുവേണ്ടിയുളള പൈപ്പിടല്‍ കുഴിയിലിറങ്ങി തടഞ്ഞ് ജനപ്രതിനിധികൾ. കഴിഞ്ഞ 19 ന് നിർത്തിവച്ച പ്രവർത്തികള്‍ എടയപ്പുറം മേഖലയില്‍ തുടങ്ങിയപ്പോഴാണ് എംപി, എംഎല്‍എ, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ തടഞ്ഞത്. പ്രശ്ന പരിഹാരം ഉണ്ടാകാത്തതിനാല്‍ പണി നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.

പെരിയാറില്‍ നിന്ന് കിൻഫ്രയിലേക്ക് വ്യവസായിക ആവശ്യത്തിന് വെള്ളം കൊണ്ടുപോകാനായി ഒരു മീറ്റർ വ്യാസമുള്ള പൈപ്പുകള്‍ സ്ഥാപിക്കാനുള്ള ശ്രമമാണ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ എടയപ്പുറത്ത് നാട്ടുകാർ തടഞ്ഞത്. ഹൈബി ഈഡൻ എംപി, എംഎല്‍എ മാരായ അൻവർ സാദത്ത് , ഉമാ തോമസ്, ടി.ജെ. വിനോദ് , ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രകടനമായി എത്തിയ സംഘത്തെ ബലംപ്രയോഗിച്ച്‌ തടയാൻ പോലീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹൈബിയും പൊലീസും നേർക്കുനേർ

ഇതിനിടയില്‍ ഹൈബിയും പോലീസുമായി തർക്കമുണ്ടായി. ജെസിബി നീക്കണമെന്നും തൊഴിലാളികളെ പറഞ്ഞുവിടണമെന്നും ഹൈബി ഈഡൻ എംപിയും എംഎല്‍എമാരും ഡിവൈഎസ്പിമാരായ എ. പ്രസാദ്, ജില്‍സണ്‍ മാത്യു എന്നിവരോട് ആവശ്യപ്പെട്ടപ്പോള്‍ പോലീസ് അധിക്ഷേപിച്ചെന്ന് പരാതി ഉയർന്നു. ഇതേതുടർന്നുണ്ടായ തർക്കം സംഘർഷത്തിന്‍റെ വക്കോളമെത്തി.

ഇതിനിടയില്‍ പോലീസ് പ്രതിരോധം മറികടന്ന് എത്തിയ സമരക്കാർ പൈപ്പ് ഇടാൻ കുഴിച്ച കുഴികളില്‍ ഇറങ്ങിയും പൈപ്പിനുള്ളില്‍ നുഴഞ്ഞുകയറിയും പ്രതിഷേധിച്ചു. ഇതോടെ ജെസിബി സഹായത്താല്‍ കുഴിയെടുക്കുന്ന പ്രവർത്തികള്‍ നിർത്തി വച്ചു.ഹൈബി ഈഡൻ എംപി ജില്ലാ കളക്ടറെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പണി നിർത്തിവയ്ക്കാനും കുഴിനികത്തി ഉദ്യോഗസ്ഥർ പിരിഞ്ഞു പോകാനും ധാരണയായി. കുഴികള്‍ മണ്ണിട്ട് നികത്തി പൂർവ സ്ഥിതിയിലാക്കി ഉദ്യോഗസ്ഥർ പിരിഞ്ഞു പോകാതെ പിന്മാറില്ലെന്ന് നാട്ടുകാർ നിലപാടെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക