തിരുവനന്തപുരം: വിവാദ പ്രസ്‌താവനകള്‍ക്ക് പിന്നാലെ കെ പി സി സി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറാന്‍ സന്നദ്ധത അറിയിച്ച്‌ കെ സുധാകരന്‍. ഇത് സംബന്ധിച്ച്‌ രാഹുല്‍ ഗാന്ധിയ്ക്ക് കത്തയച്ചതായാണ് വിവരം. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയാന്‍ തയ്യാറാകുന്നതെന്നാണ് കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കത്ത് നല്‍കിയതെന്നാണ് സൂചന.

കെ പി സി സിയും പ്രതിപക്ഷവും ഒന്നിച്ചുപോകുന്നില്ലെന്നും കത്തില്‍ സുധാകരന്‍ വ്യക്തമാക്കുന്നു. പ്രതിപക്ഷ നേതാവില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും കത്തില്‍ സുധാകരന്‍ പറയുന്നു. അതേസമയം, കത്തുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് തീരുമാനം എടുത്തിട്ടില്ലെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കണ്ണൂരിലെ നവോത്ഥാന സദസില്‍വച്ച്‌ കെ സുധാകരന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ആര്‍ എസ് എസ് നേതാവായ ശ്യാമപ്രസാദ് മുഖര്‍ജിയെ മന്ത്രിയാക്കിക്കൊണ്ട് നെഹ്റു വര്‍ഗീയ ഫാസിസത്തോട് സന്ധിചെയ്യാന്‍ തയ്യാറായെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സംഭവം വിവാദമായതോടെ നാക്കുപിഴയാണെന്ന് സുധാകരന്‍ വിശദീകരണം നല്‍കുകയും ചെയ്തു.

സുധാകരന്റെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും ലീഗ് നേതാക്കളും അടക്കം അതൃപ്‌തി അറിയിച്ചിരുന്നു. സുധാകരന്റെ പരാമര്‍ശം ഗൗരവതരമെന്നാണ് വി ഡി സതീശന്‍ പറഞ്ഞത്. വിവാദ പരാമര്‍ശത്തെക്കുറിച്ച്‌ വിശദമായി അന്വേഷിക്കും. കെ പി സി സി അദ്ധ്യക്ഷന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി ഇത്തരം പരാമര്‍ശങ്ങളുണ്ടാകുന്നുവെന്ന് പരാതി കിട്ടിയിട്ടുണ്ട്. പരാമര്‍ശത്തില്‍ എതിര്‍പ്പുയര്‍ത്തിയ ഘടകകക്ഷികളുമായി സംസാരിക്കും. മതേതര നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്ന സമീപനം കോണ്‍ഗ്രസിലുണ്ടാകില്ലെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു.

കെ സുധാകരന്റെ ആര്‍ എസ് എസ് അനുകൂല പരാമര്‍ശം തിരുത്തണമെന്നാണ് കെ മുരളീധരന്‍ പ്രതികരിച്ചത്. ഖേദ പ്രകടനം കൊണ്ടായില്ലെന്നും ലീഗിനെ അടക്കം വിശ്വാസത്തിലെടുത്തുള്ള തിരുത്തല്‍ വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു. നെഹ്റു ഒരിക്കലും ആര്‍ എസ് എസിനോട് സന്ധി ചെയ്തിട്ടില്ല. ആര്‍ എസ് എസ് പ്രവര്‍ത്തനവും ഭാരതീയ ജനസംഖം രൂപീകരിച്ചതും മുതല്‍ ശ്യാമപ്രസാദ് മുഖര്‍ജിയെ നെഹ്റു മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തി. മുഖര്‍ജിയെ അറസ്റ്റ് ചെയ്യിച്ചതും നെഹ്റുവാണ്. അങ്ങനെയിരിക്കെ ഇത്തരമൊരു പ്രസ്താവന കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്ന ന്യൂനപക്ഷങ്ങളെ ആകുലരാക്കിയിട്ടുണ്ട്. അതിനാല്‍ ഈ പ്രസ്താവന കോണ്‍ഗ്രസിനും ക്ഷീണമാണെന്നായിരുന്നു കെ മുരളീധരന്‍ പറഞ്ഞത്.

കെ സുധാകരന്‍ നടത്തിയ ആര്‍ എസ് എസ്- നെഹ്‌റു പ്രസ്താവന കോണ്‍ഗ്രസിന്റെ ചരിത്രത്തിന് വിരുദ്ധമാണെന്നായിരുന്നു മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി എം എ സലാം പറഞ്ഞത്. അംഗീകരിക്കാന്‍ കഴിയാത്ത പ്രസ്താവനയാണ് കെ സുധാകരന്‍ നടത്തിയതെന്നും പി എം എ സലാം കുറ്റപ്പെടുത്തിയിരുന്നു. ബി ജെ പിയുമായി സഖ്യമുണ്ടാക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇക്കാരണത്താലാണ് മുസ്‌ലീം ലീഗ് കോണ്‍ഗ്രസിനൊപ്പം തുടരുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ഇത്തരം പ്രസ്താവനകള്‍ ഉണ്ടാവുന്നത് ലീഗ് നിസാരമായി കാണുന്നില്ല. ഇത്തരത്തിലെ പ്രസ്താവനകള്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തെ കളങ്കപ്പെടുത്തുന്നതാണെന്നും പി എം എ സലാം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക