വടകര : കീഴല്‍ സ്വദേശിനിയായ റുബീന എന്ന യുവതിക്ക് നാദാപുരം ചാലപ്പുറത്തെ ഭര്‍ത്തൃവീട്ടില്‍വെച്ച്‌ ക്രൂരമായ മര്‍ദനമേറ്റ സംഭവത്തില്‍ നാദാപുരം പൊലീസ് കുറ്റകരമായ അനാസ്ഥ കാട്ടിയെന്ന് കെ.കെ. രമ എംഎ‍ല്‍എ. ഗുരുതരമായി പരിക്കേറ്റ ചെക്കോട്ടി ബസാര്‍ തട്ടാറത്ത് മീത്തല്‍ മൂസയുടെ മകള്‍ റുബീന(30)യെ വീട്ടില്‍ സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അവര്‍.

കെ കെ രമയുടെ കുറിപ്പ് ഇങ്ങനെ: ഏറെ ഭീതിദമായ അവസ്ഥയിലൂടെയാണ് കീഴല്‍ ചെക്കോട്ടി ബസാറിലെ തട്ടാറത്ത് മീത്തല്‍ റുബീന കടന്നുപോകുന്നത്. സ്വന്തം ഭര്‍ത്താവിന്റെ വീട്ടില്‍വച്ച്‌ ഭര്‍ത്താവിന്റെയും സഹോദരന്മാരുടെയും നേതൃത്വത്തില്‍ നടന്ന ക്രൂരമായ മര്‍ദനത്തിന്റെ ഞെട്ടലില്‍നിന്ന് ഇനിയും മുക്തയായിട്ടില്ല ഈ മുപ്പതുകാരി. ഏപ്രില്‍ മൂന്നിന് നടന്ന സംഭവത്തിനുശേഷം കഴിഞ്ഞ ദിവസമാണ് ചികിത്സകഴിഞ്ഞു ഇവര്‍ വീട്ടിലെത്തിയത്. സമാനതകളില്ലാത്ത മര്‍ദനമാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭര്‍ത്താവ് ജാഫറിന്റെ വഴിവിട്ട ജീവിതം വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് തന്റെ കയ്യില്‍ കിട്ടിയതാണ് ജാഫറിനെയും കുടുംബത്തെയും ചൊടിപ്പിച്ചതെന്നു റുബീന പറയുന്നു. ഇത് തിരിച്ചു കിട്ടുന്നതിനായി ഭര്‍ത്താവ് ജാഫറും സഹോദരങ്ങളായ ജംഷീര്‍,ജസീര്‍ എന്നിവരും ചേര്‍ന്ന് റുബീനയെ ഭര്‍തൃപിതാവിന്റെയും മാതാവിന്റെയും സാന്നിധ്യത്തില്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മുഖത്തും വയറിലും നാഭിയിലുമൊക്കെ ബൂട്സ് ഇട്ട കാലുകൊണ്ട് ചവിട്ടുകയും, മുഖത്തു കാര്‍ക്കിച്ച്‌ തുപ്പുകയും ചെയ്തു. പിന്നീട് കൊല്ലുമെന്ന് പറഞ്ഞ് ഇന്നോവയുടെ പിന്നിലെ സീറ്റില്‍ ഇട്ട് കൊണ്ടുപോകുന്നതിനിടെ വീട്ടുകാര്‍ എത്തിയതാണ് റുബീനയ്ക്ക് ജീവന്‍ തിരിച്ചുകിട്ടാന്‍ കാരണം.

നീരുവച്ച്‌ വീര്‍ത്ത മുഖവും ശരീരത്തിലുടനീളമേറ്റ മര്‍ദനത്തെ തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായി രക്തം ഛര്‍ദിക്കുകയും ചെയ്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സ തേടേണ്ടിവന്നു.ഇത്രയും വലിയ സംഭവം അരങ്ങേറിയിട്ടും മനുഷ്യത്വമില്ലാത്ത സമീപനമാണ് നാദാപുരം പൊലീസ് സ്വീകരിച്ചത്. പ്രതികളില്‍ ഒരാളെപ്പോലും പിടികൂടാന്‍ ഈ ദിവസംവരെ നാദാപുരം പൊലീസ് തയ്യാറായില്ല എന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. സ്ത്രീകള്‍ക്കെതിരായി നടക്കുന്ന ഇത്തരം അക്രമങ്ങളോട് കേരളപൊലീസിന്റെ പൊതുസമീപനത്തിന്റെ തുടര്‍ച്ചയാണ് ഇവിടെയും കാണുന്നത്.

റൂറല്‍ എസ്‌പിയെ നേരില്‍ കണ്ടും വനിതാകമ്മീഷനും പരാതിനല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് റുബീനയുടെ കുടുംബം പറയുന്നത്.ഒരു പെണ്‍കുട്ടിക്കെതിരെ സമാനതകളിലാത്ത അക്രമം നടത്തിയിട്ടും ജാമ്യം ലഭിക്കാവുന്ന വിധത്തിലുള്ള വകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്കുവേണ്ട സഹായം ചെയ്യുകയാണ് പൊലീസ് ചെയ്തതെന്ന് കുടുംബം പറയുന്നു. താന്‍ നല്‍കിയ മൊഴികള്‍ക്ക് വിരുദ്ധമായാണ് പൊലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയതെന്നുള്‍പ്പെടെയുള്ള ഗൗരവമുള്ള ആരോപണം പൊലീസിനെതിരെ കുടുംബം ഉന്നയിക്കുന്നുണ്ട്. ഇതുസംബന്ധിച്ചു ഉന്നത തല അന്വേഷണം നടത്തണം. പ്രതികളെ ഉടന്‍ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാനുള്ള അടിയന്തിര നടപടി സ്വീകരിക്കാന്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പും തയ്യാറാകേണ്ടതുണ്ട്.കെ.കെ.രമ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക